മഞ്ജിമ : ഫോണിൽ ഫോട്ടോ വരെ ഉണ്ടായിട്ടാണോ ഡയലോഗ്?.
അഭി : ഫബിയിലെ ആടീ…
ഫോട്ടോ തുറന്നു നോക്കി മഞ്ജിമ. നല്ല ഭംഗി ഉള്ള കുട്ടി. ഉണ്ട കണ്ണും നീണ്ട പിരികവും. മഞ്ജിമക്ക് തന്നെ നിയന്ത്രിക്കാൻ ആയില്ല. എന്തെന്ന് ഇല്ലാത്ത ദേഷ്യം, സങ്കടം മഞ്ജിമയെ പൊതിഞ്ഞു. കൈകലുകൾ തരിച്ചു.
അഭി : എവിടാ പോയോ?..
മഞ്ജിമ ദേഷ്യവും സങ്കടവും മറച്ചു വച്ചു മെസ്സേജ് ചെയ്തു : നാളെ നേരത്തെ പോണം. ഗുഡ് നൈറ്റ് എന്നാൽ.
അഭിയും ഗുഡ്‌നൈറ്റ് പറഞ്ഞു. തന്റെ വിവാഹ കാര്യം അറിഞ്ഞ സ്ഥിതിക്ക് ഇനി താൻ എന്ത് പറയാനാ എന്നുള്ള ചിന്തയിൽ.
മഞ്ജിമ ഉറങ്ങാൻ ഒരുപാട് സമയം എടുത്തു, അതുകൊണ്ട് തന്നെ തന്റെ റൂട്ടിൻ തെറ്റി. രാവിലെ ജിമ്മിൽ പോകാൻ എഴുന്നേറ്റില്ല മഞ്ജിമ. കാലങ്ങൾക്കിടയിൽ മഞ്ജിമ പതിവ് തെറ്റിച്ചപ്പോൾ ഫാത്തിമ ചിന്തിച്ചു : ക്ഷീണം കൊണ്ടാവും എന്ന്.
രാവിലെ 9 മണിക്ക് എഴുന്നേറ്റ് ഫോൺ എടുത്തു നോക്കിയ മഞ്ജിമ വീണ്ടും കണ്ടത് അഭി അയച്ച ഫോട്ടോ ആയിരുന്നു. ഇന്നലെ അത് നോക്കി മനസ്സിൽ വന്ന ചീത്തയൊക്കെ വിളിച്ചു അതെ പോലെ ഫോൺ വച്ചു എങ്ങിനെയോ ഉറങ്ങി പോയതായിരുന്നു മഞ്ജിമ.
മഞ്ജിമ ഒന്നും നോക്കാതെ തന്റെ കുറച്ച് ഫോട്ടോകൾ, മോഡേൺ വസ്ത്രത്തിൽ അടക്കം ഉള്ളത് പ്രൊഫൈലിൽ സ്റ്റാറ്റസ് ആക്കി ഇട്ടു. അഭിയെ കാണിക്കാൻ ആയി തന്നെ. അതുകൊണ്ട് എന്ത് ഗുണം എന്ന് മഞ്ജിമക്ക് പോലും അറിയില്ലായിരുന്നു.
തന്റെ കൂടെ കൂടിയ ശേഷം മഞ്ജിമയെ ഇങ്ങനെ ഒരു മുഖഭാവത്തിൽ ഫാത്തിമ കണ്ടിട്ടില്ല. എപ്പോഴും ചിരിച്ചു മാത്രം കണ്ടിരുന്ന മഞ്ജിമയുടെ മുഖം കടന്നൽ കുത്തിയ പോലെ ആയിരുന്നു ഇരുന്നത്.
എങ്കിൽ കൂടി തന്നോട് മഞ്ജിമ എല്ലാം പറയും എന്നറിയാവുന്ന ഫാത്തിമ ഒന്നും ചോദിക്കാൻ പോയിരുന്നില്ല. മഞ്ജിമയുടെ മുഖം കണ്ടത് കൊണ്ട് തന്നെ ആണ് ഫാത്തിമ മഞ്ജിമയോട് തന്റെ കൂടെ കാറിൽ പോവാം എന്ന് പറഞ്ഞത്.