ശില്പ പുഞ്ചിരിയോടെ അവരുടെ അടുത്തേക്ക് വന്നു, കുറച്ചു നേരം അവരെത്തന്നെ നോക്കിനിന്നു പിന്നീട് കുനിഞ്ഞ് വൃന്ദയുടെ കവിളിൽ കുത്തിപ്പിടിച്ചു മുഖം തന്റെ നേർക്ക് തിരിച്ചു, അപ്പോഴും അവർ രണ്ടുപേരും എങ്ങലടിക്കുന്നുണ്ടായിരുന്നു,
“ഇപ്പൊ മനസ്സിലായോടി എന്നോട് കളിച്ചാലുള്ള ഗതി, ഇതൊന്നുമായില്ല അടുത്തത് ഉടനെ വരുന്നുണ്ട്, പിന്നത്തേത് നീ താങ്ങില്ല”
കണ്ണൻ ദേഷ്യത്തിൽ അവളെ നോക്കുന്നുണ്ടായിരുന്നു
“എന്താടാ നോക്കിപ്പേടിപ്പിക്കുന്നെ…നിന്നെയൊന്നും സുഖിച്ചു ജീവിക്കാൻ ഞാൻ സമ്മതിക്കില്ലടാ… എന്നെ തല്ലിയേന് നീ ഇനീം അനുഭവിക്കും കേട്ടോടാ…”
ശില്പ പുറത്തേക്ക് പോയി.
••❀••
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വൃന്ദ കണ്ണന്റെ തല്ല്കൊണ്ട് തിണർത്ത പാടിൽ കയ്യോടിച്ചു വിതുമ്പി കരഞ്ഞു,
“എന്തിനാ ഉണ്ണിയേച്ചി കരയുന്നേ…? എനിക്ക് കൊഴപ്പൊന്നൂല്ലാ…”
കണ്ണൻ അവളുടെ നേർക്ക് തിരിഞ്ഞു കിടന്നുകൊണ്ട് പറഞ്ഞു.
വൃന്ദ ദാവണി കൊണ്ട് കണ്ണ് തുടച്ചിട്ട് അവനെ നോക്കി പുഞ്ചിരിച്ചു,
കണ്ണൻ അവളുടെ വയറിനു കുറുകെയും കയ്യിലും കഴുത്തിലും തിനർത്തുകിടക്കുന്ന പാടുകളിലേക്ക് പതിയെ വിരലോടിച്ചു,
“ഉണ്ണിയേച്ചിയെന്തിനാ എന്നെ വന്നു പിടിച്ചത് അതോണ്ടല്ലേ ഉണ്ണിയേച്ചിക്കും തല്ല് കിട്ടിയത്…വലിയച്ഛൻ കൈ കഴക്കുമ്പോ തല്ല് നിർത്തിയേനെയല്ലോ…”
കണ്ണൻ അവളോട് പറഞ്ഞു, അതിന് വൃന്ദയൊന്നും പറയാതെ അവനെ ചേർത്ത് കെട്ടിപിടിച്ചു കരഞ്ഞു.
“മോൻ ഒന്നും കഴിച്ചില്ലല്ലോ ഉണ്ണിയേച്ചി ചോറ് വാരി തരട്ടെ…?”
വൃന്ദ കുറച്ചു കഴിഞ്ഞ് അവനോട് ചോദിച്ചു
“വേണ്ട ഉണ്ണിയേച്ചി കഴിച്ചോ…എനിക്ക് വേണ്ട…”
വൃന്ദ നിർബന്ധിക്കാൻ പോയില്ല അവൾ അവനെ ചേർത്തുപിടിച്ചു കിടന്നു.
••❀••
നളിനി ഉറങ്ങാൻ കിടക്കുമ്പോൾ രാജേന്ദ്രനോട് കല്യാണക്കാര്യം അവതരിപ്പിച്ചു,
“രാജേട്ടാ…ഇന്ന് ശ്യാമയും മോനും ഇവിടെ വന്നിരുന്നു…”
“മ്…”
എന്താ കാര്യം എന്നർത്ഥത്തിൽ അയാളൊന്ന് മൂളി
“ഒരു കല്യാണലോചനയുമായിട്ടാ അവർ വന്നത്…”
രാജേന്ദ്രൻ വിശ്വാസം വരാത്തപോലെ ഞെട്ടി നളിനിയെ നോക്കി.
“ആഹാ.. നല്ല ബന്ധമാണല്ലോ…ആ ടൗണിലെ ശ്രീനന്ദനം ഷോപ്പിംഗ് കോംപ്ലക്സ് പോലും കോടികളുടെ മൊതലാ…. അല്ലാതെ സ്വത്തുക്കൾ വേറേം…ഇത് നടന്നാ നമ്മടെ ഭാഗ്യാ…എന്നിട്ട് നീയെന്ത് പറഞ്ഞു…?”
അയാൾ താല്പര്യത്തോടെ ചാടിഎണീറ്റ് നളിനിയോട് ചോദിച്ചു… അയാളുടെ ഭവമാറ്റം കണ്ട് നളിനി അതിശയിച്ചു പോയി, ഒരു നിമിഷം അയാളുടെ മുഖത്ത് നോക്കി പതിയെ പറഞ്ഞു