••❀••
അവർ ദേവടത്ത് എത്തുമ്പോൾ അവരെ പ്രതീക്ഷിച്ചെന്നവണ്ണം നളിനി അവിടെ നിൽപ്പുണ്ടായിരുന്നു,
കാറ് വന്നു നിൽക്കുമ്പോൾ വീടിനകത്തുള്ളവരും അവിടേക്ക് വന്നു
ഇനി രുദ്രിന് കൂടെ വന്നതിന് അവരെല്ലാം കൂടി എന്ത് കഥയാണ് പറഞ്ഞുണ്ടാക്കുകയെന്ന് ഓർത്ത് വൃന്ദ വല്ലാത്തൊരസ്ഥയിലായി, അവളുടെ മുഖഭാവം കണ്ട് രുദ്രിന് കാര്യം മനസ്സിലായി…
അവരെയെല്ലാം കണ്ട് ശങ്കിച്ചുനിന്ന വൃന്ദയുടെ കയ്യിൽ പതിയെ രുദ്ര് കൈയമർത്തി, കണ്ണുകൊണ്ട് പേടിക്കണ്ടന്ന് പറഞ്ഞു അവർ പുറത്തേക്കിറങ്ങി,
“ഉണ്ണി… കണ്ണനെങ്ങനുണ്ട്….?”
നളിനി മുന്നോട്ടോടിവന്ന് ചോദിച്ചു, കണ്ണന്റെ കാര്യം സീതാലക്ഷ്മി പറഞ്ഞ് എല്ലാവരും അറിഞ്ഞിരുന്നു
“നല്ല കുറവുണ്ട് വല്യമ്മേ…”
അവൾ പറഞ്ഞു
അപ്പോഴേക്കും മറ്റു ബന്ധുക്കൾ രുദ്രിന് ചുറ്റും കൂടിയിരുന്നു, എല്ലാവരും കുഞ്ഞിയുടെ കാര്യം തിരക്കി, പെൺപിള്ളേര് അവനെ ആരാധനയോടെ നോക്കി
വൃന്ദ അകത്തേക്ക് കയറിപ്പോയി, അവൾ മുറിയിലേക്ക് ചെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകേണ്ട തുണികളെല്ലാം ഒരു കവറിനുള്ളിൽ എടുത്തുവച്ച്, ടവലുമായി പുറത്തെ കുളിമുറിയിലേക്ക് നടന്നു
ലത അവളോട് കണ്ണന്റെ കാര്യം ചോദിച്ചു, അതിന് മറുപടിയും പറഞ്ഞു അവൾ പുറത്തേക്കിറങ്ങാൻ നേരം ശില്പ അവളെ വിളിച്ചു,
തിരിഞ്ഞുനോക്കുമ്പോൾ ശില്പ അവളെടുത്തേക്ക് വരുന്നതാണ് കാണുന്നത്
“അവൻ ചത്തില്ലല്ലേ… അപ്പൊ ഞാൻ നേർന്ന വഴിപാടെല്ലാം വെറുതെയായി…”
ശില്പ പുച്ഛത്തോടെ പറഞ്ഞു
വൃന്ദ ഉള്ളിൽ വന്ന ദേഷ്യം മുഖത്തുകാണിക്കാതെ അവളെ നോക്കി നിന്നു
“നീയെന്താ അവന്റെ കാറിൽ… ഒരുത്തൻ പോയപ്പോ വേറൊരുത്തനെ ചാക്കിട്ട് പിടിച്ചോ….?? എന്താടി… പ്രേമമാണോ…??”
ശില്പ വൃന്ദയുടെ മുഖത്തേക്കുറ്റുനോക്കിക്കൊണ്ട് ചോദിച്ചു
വൃന്ദ ഒന്നും മിണ്ടിയില്ല
“അങ്ങനെന്തേലും ഉണ്ടങ്കിൽ… അത് വേണ്ട… എനിക്കതിഷ്ടമല്ല… ഇവിടെവച്ചു നിർത്തിക്കോ…”
വൃന്ദയുടെ കവിളിൽ കുത്തിപ്പിടിച്ചുകൊണ്ട് ശില്പ പറഞ്ഞു
“ശില്പാ…”
അത് കണ്ടുകൊണ്ട് വന്ന നളിനി ഉറക്കെ വിളിച്ചു
നളിനി അടുത്തുവന്ന് ശില്പയെ ദേഷ്യത്തോടെ നോക്കി
ശില്പ അത് കാര്യമാക്കാതെ വൃന്ദയെ തറപ്പിച്ചുനോക്കി പുറത്തേക്ക് പോയി
••❀••
രാജേന്ദ്രൻ സുരേഷിനും മഹേന്ദ്രനുമൊപ്പം സുരേഷിന്റെ ഓഫീസ്മുറിയിൽ ഇരിക്കുകയായിരുന്നു
“തനിക്കെന്താ പെട്ടെന്ന് ആ പെണ്ണിനെ ഞങ്ങളെയെല്പിക്കണമെന്ന് തോന്നാൻ…??”
മഹി രാജേന്ദ്രനോട് ചോദിച്ചു,
“ഞാനാഗ്രഹിച്ച പലതും എനിക്ക് നേടണമെങ്കിൽ അവളില്ലാതാവണം, അല്ലെങ്കിൽ പിന്നീടൊരിക്കലും അവളെന്റെ മുന്നിൽ വരില്ലെന്ന് നിങ്ങളെനിക്കുറപ്പ് തരണം…”