‘ഡാ നീ എന്നോട് പറയാതെ എവിടെ പോയതാ..? മോളിൽ എന്തോ വിഷയം നടന്നിട്ടുണ്ട്.. എന്താന്ന് അറിഞ്ഞിട്ട് പോകാം..’
സുനി എന്നെ കണ്ട ഉടനെ അടുത്തോട്ടു വന്നു പറഞ്ഞു
‘നീ വന്നേ.. വാ പോകാം..’
ഞാൻ അവന്റെ കൈ പിടിച്ചു പുറത്തേക്ക് ഓടി
‘എടാ നീ എവിടെ പോകുവാ. അവിടെ എന്തോ വിഷയം ഉണ്ട്.. മോളിലത്തെ ഫ്ലോറിൽ നിന്ന് ആരോ എന്തോ വിളിച്ചു പറഞ്ഞു.. ഫോൺ വരുന്ന കേട്ടാണ് ഞാൻ ഉണർന്നത്..’
സുനി എന്നോട് പറഞ്ഞു
‘പൊന്ന് മോനെ.. സംസാരിക്കാൻ ഒന്നും നേരമില്ല.. വന്നു കേറ്..’
ഞാൻ അവനെ ഉന്തി തള്ളി വണ്ടിയിൽ കയറ്റി
ബൈക്കിൽ ഇരിക്കുമ്പോ എല്ലാം എന്താണ് പ്രശ്നം എന്ന് അവൻ എന്നോട് ചോദിക്കുന്നുണ്ട്.. പക്ഷെ ഞാൻ ഒന്നിനും മറുപടി കൊടുത്തില്ല.. റൂമിൽ വന്നു കുറച്ചു വെള്ളം കുടിച്ചാലെ എനിക്ക് ഇത്തിരി എങ്കിലും സമാധാനം ആകൂ..
ലോഡ്ജിൽ വന്നു ബൈക്ക് വച്ച് മുകളിലെ ഞങ്ങളുടെ മുറിയിലേക്ക് ഞാൻ ഓടി.. റൂമിന് മുന്നിൽ വന്നു പേഴ്സ് എടുക്കാനായി പോക്കറ്റിൽ നോക്കുമ്പോ ആണ് പേഴ്സ് കാണുന്നില്ല.. ദൈവമേ.. അതിനി എവിടെ പോയി..
‘എന്റെ പേഴ്സ് കാണുന്നില്ല..’
ഞാൻ സുനിയോട് പറഞ്ഞു
‘കാണുന്നില്ല എന്ന് വച്ചാൽ.. അത് നിന്റെ കയ്യിൽ ഉണ്ടായിരുന്നോ..?
സുനി എന്നോട് ചോദിച്ചു
‘പിന്നെ എന്റെ കയ്യിൽ അല്ലാതെ അത് വേറെ എവിടെ പോകാനാണ്..?
എനിക്ക് അരിശം വന്നു..
‘റൂമിന്റെ കീ നിന്റെ പേഴ്സ് ൽ ആയിരുന്നോ..?
സുനി എന്നോട് ചോദിച്ചു
‘എനിക്ക് അറിയില്ല..’
എനിക്ക് ആകെ ഭ്രാന്ത് പിടിച്ച അവസ്‌ഥ ആയിരുന്നു..