എങ്കിലും, സാമിനൊപ്പം ആ അടുക്കളയിൽ നിൽക്കുമ്പോൾ അവൾ ആ വേദനകളെയെല്ലാം പതുക്കെ മറന്നു തുടങ്ങിയിരുന്നു.
സാം തക്കാളിയും പച്ചക്കറികളും അരിയുന്നതിനിടയിൽ നതാഷയെ നോക്കി വികൃതിയായി ചിരിച്ചു.
നതാഷ ഒരു ചെറിയ കുട്ടി പരീക്ഷണം നടത്തുന്നതുപോലെ അടുപ്പിലെ കറി പതുക്കെ ഇളക്കിക്കൊണ്ടിരുന്നു.
സാം: (ചിരിച്ചുകൊണ്ട്) “മാഡം.. കറി കരിഞ്ഞു പോയാൽ ഇന്ന് നമ്മൾ പട്ടിണി കിടക്കേണ്ടി വരും കേട്ടോ!”
അത് കേട്ട് നതാഷ സാമിനെ പതുക്കെ ഒന്ന് നുള്ളി.
അവളുടെ മുഖത്ത് ഒരു ചെറിയ ചിരി വിരിഞ്ഞു. മാസങ്ങൾക്കോ വർഷങ്ങൾക്കോ ശേഷമാണ് താൻ ഇത്രയും ഹൃദ്യമായി ചിരിക്കുന്നതെന്ന് അവൾക്ക് തോന്നി.
മാത്യുവിന്റെ ആഡംബര വീട്ടിലെ വലിയ അടുക്കളയിൽ താൻ എന്നും തനിച്ചായിരുന്നു.
അവിടെ പാചകം എന്നത് ഒരു യാന്ത്രികമായ ജോലി മാത്രമായിരുന്നു.
പക്ഷേ ഇവിടെ, സാമിന്റെ സാമീപ്യം ആ നിമിഷങ്ങളെ ഒരു ഉത്സവമാക്കി മാറ്റി.
നതാഷ: “എന്റെ കാര്യം വിട്…നീ ഈ സ്പീഡിൽ ഉള്ളി അരിയുന്നത് കണ്ടിട്ട് എനിക്ക് പേടിയാവുന്നു.. വിരലൊന്നും മുറിക്കരുത്!”
ഭക്ഷണത്തിനിടയിൽ അവർ പരസ്പരം തമാശകൾ പറയുകയും കളിചിരികളിൽ മുഴുകുകയും ചെയ്തു.
മാത്യുവിന്റെ ആക്രോശങ്ങളും, ലില്ലിയുടെ അസൂയ നിറഞ്ഞ നോട്ടവും, ഇന്നലെ തറയിൽ വീണുകിടന്ന് അനുഭവിച്ച ആ വലിയ അപമാനവും ഒക്കെ സാമിന്റെ ഓരോ വാക്കിലും സ്പർശനത്തിലും അവൾ മറന്നുപോയി.
പുറത്ത് കാറ്റ് മലഞ്ചെരുവിലെ മരങ്ങളെ ഉലച്ചുകൊണ്ട് വീശുന്നുണ്ട്. പക്ഷേ സാമിന്റെ ചെറിയ അടുക്കളയിൽ വല്ലാത്തൊരു ഊഷ്മളതയായിരുന്നു.