” അല്ല സൽമ അനക്ക് രണ്ട് പേര് ഇരിക്കുന്ന സീറ്റ് ബുക്ക് ചെയ്താൽ പോരാരുന്നോ…? ”
“ഇത് തന്നെ ഇങ്ങളെ മക്കളോട് കെഞ്ചിയിട്ടാണ് ബുക്ക് ചെയ്ത് തന്നത്. പിന്നേണ് രണ്ട് പേര് ഇരിക്കുന്നത്. മിണ്ടാതെ അവിടെ ഇരിക്കാൻ നോക്കീം…”
അതും പറഞ്ഞു അവൾ ഉള്ളിലേക്ക് കയറാൻ നോക്കിയതും ഞാൻ അവളെ തടഞ്ഞു.
” നിക്ക്… നിക്ക്.. ഞാൻ നടുവിൽ ഇരിക്കാം.. ഇയ്യ് ഇപ്പുറത്തു ഇരുന്നാൽ മതി… ഇനി ഏത് തെണ്ടിയാണോ അവിടെ ഇരിക്കാൻ വരുന്നതെന്ന് ആർക്കറിയാം…. ”
അതും പറഞ്ഞു ഞാൻ നടുവിലേക്ക് ഇരുന്നു. അവൾ ഇപ്പുറത്തും ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ ഒരു നീളൻ കാവി ജുബ്ബയും വെള്ളമുണ്ടും ഒരു ബാഗും തോളിൽ ഇട്ട് ഏകദേശം ഒരു 35 വയസ്സ് തോന്നിക്കുന്ന യുവാവ് ഞങ്ങളുടെ സീറ്റിനടുത്തേക്ക് വന്നു.
ആളെ കണ്ടതും പെട്ടെന്ന് എന്റെ സൽമയുടെ കണ്ണുകൾ വിടർന്നു.
” ഉല്ലാസ് മാഷേ…. ”
” ഹാ.. അല്ലാ .. ആരിത് സൽമയോ… ”
ഞാൻ ഒന്നും മനസ്സിലാകാതെ ഇരുവരുടെയും മുഖത്തേയ്ക്ക് നോക്കി…
” ഇക്ക ഇത് ഉല്ലാസ് മാഷ്.. നമ്മുടെ അജ്മലിന്റെ മലയാളം സറാണ്.. ”
” ഹലോ… മാഷേ… ”
ഞാൻ മാഷിന് കൈ കൊടുത്തു. എനിക്ക് കൈ തന്ന ശേഷം മാഷ് വീണ്ടും സൽമയോട് ഒരോ വിശേഷങ്ങൾ സംസാരിച്ച് കൊണ്ടിരുന്നു.
അതിനിടക്ക് ബസിൽ ആളുകൾ നിറഞ്ഞിരുന്നു.
പെട്ടെന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു.
” മാഷേ വണ്ടി സ്റ്റാർട്ട് ചെയ്തു. ഉള്ളിലേക്ക് ഇരുന്നോളിൻ… ”
അതും പറഞ്ഞു സൽമ മാഷിന് ഉള്ളിലേക്ക് കയറാൻ വഴി ഒരുക്കി കൊടുത്തു.