തുടർന്നുപഠിക്കാം എന്ന തീരുമാനത്തിൽ എത്തിനിൽക്കുന്ന സമയത്താണ് മഠം വക ലൈബ്രറിയിൽ ഉണ്ടായിരുന്ന ലൈബ്രെറിയൻ മരണപ്പെടുന്നത് .പിന്നീട് ആ ജോലി എനിക്ക് ലഭിച്ചു .വായിക്കാൻ പണ്ടുമുതൽതന്നെ ഇഷ്ടമായിരുന്ന എനിക്ക് ലഭിക്കാവുന്നതിൽ ഏറ്റവും ഇഷ്ടമുള്ള ജോലിയാണ് കിട്ടിയതും .
ജീവിതത്തിൽ അത്രയും സന്തോഷിച്ച നാളുകൾ എനിക്കുണ്ടായിട്ടില്ല .ആദ്യമായി ജോലിക്കാരനായ സന്തോഷം പറയാൻ എനിക്കാരുമില്ല എന്ന സങ്കടം മാത്രമേ എനിക്കുണ്ടായുള്ളു .കുടുംബം എന്ന പദത്തിലേക്ക് അതിന്റെ അർത്ഥത്തിലേക്കു ഞാൻ ആകൃഷ്ടനായി .അനാഥാലയത്തിന്റെ മേൽവിലാസവുമായി ജീവിക്കുന്ന എനിക്ക് പെണ്ണിനെ കിട്ടില്ലെന്ന് എന്റെ മനസ്സിനോട് ഞാൻ തന്നെ പറയുന്നുണ്ടായിരുന്നു .അനാഥനെന്ന അപകർഷതാ ബോധം എന്നിൽ നിറഞ്ഞു നിന്നു .ലൈബ്രറിയിലെ ജോലിക്കിടയിൽ ഞാൻ സിസ്റ്റർ റോസുമായി അടുത്തു .ധാരാളം വായിക്കുന്ന സിസ്റ്റർ ലൈബ്രറിയിലെ സ്ഥിരം സന്ദർശകയായിരുന്നു .ആദ്യമൊക്കെ കുശലാന്വേഷണം മാത്രം പിന്നീട് ഞങ്ങൾ സുഹൃത്തുക്കളായി .ഞങ്ങൾ പരസ്പരം തുറന്നു സംസാരിച്ചു .വിധിയുടെ ഇടപെടലാണോ ദൈവ നിശ്ചയമാണോ സിസ്റ്ററും എന്നെ പോലെ അനദ്വത്വത്തിന്റെ ചെളിക്കുണ്ടിൽ നിന്നും പിടിച്ചു കയറി വന്നതാണ് .പഠിക്കാൻ സിസ്റ്റർ മിടുക്കിയായിരുന്നു കൂടെ പഠിച്ചിരുന്ന സുഹൃത്തിന്റെ സഹായത്തോടെയാണ് സിസ്റ്റർ പഠിച്ചത് .സിസ്റ്ററിന്റെ പഠനത്തിലെ മികവും സ്വഭാവഗുണവും കണ്ട് സിസ്റ്ററിനെ അവരുടെ സുഹൃത്തിന്റെ അച്ഛൻ സ്പോൺസർ ചെയ്യുകയായിരുന്നു അവരുടെ സര്വ്വ ചിലവും ആ നല്ല മനുഷ്യൻ ഏറ്റടുത്തു .സിസ്റ്റർ മെഡിസിന് പഠിക്കുന്ന സമയത് ഉണ്ടായ അപകടത്തിൽ സിസ്റ്ററിന്റെ സുഹൃത്തും കുടുംബവും മരണപെട്ടു .ആ വാർത്തയിൽ തകർന്ന സിസ്റ്റർ മനോനില തകർന്നു .ആശുപത്രിയിലായി നാളുകൾ ഏറെ വേണ്ടിവന്നു ആ അവസ്ഥയിൽനിന്നും കരകയറാൻ .എല്ലാത്തിനോടും വിരക്തിതോന്നി അവർ കന്യാസ്ത്രീ ആകാൻ തീരുമാനിച്ചു .മഠത്തിൽച്ചേർന്നു അവർ സന്യാസിനി ആയി .ഇടക്കുവച്ചു മുടങ്ങിയ പഠനം അവർ പൂർത്തിയാക്കി .ഇനിയുള്ള കാലം സമൂഹത്തിനുവേണ്ടി ജീവിക്കാൻ തീരുമാനിച്ചു .