ഹൃദയത്തിന്റെ ഭാഷ 3

Posted by

മനസ്സ് പോലെ കലുഷിതമായ ആകാശവും കറുത്തു കിടന്നു. റീഗലിനെ ഓർത്തപ്പോൾ ആദ്യത്തെ തുള്ളി കാറിന്റെ ഫ്രണ്ട് ഗ്ലാസ്സിൽ വീണ് ചിതറി. വൈപ്പർ ഓൺ ചെയ്ത് ഞൊടിയിടൽ അത് മായ്ച് കളയാൻ ശ്രമിച്ചു .
പക്ഷേ പിന്നാലെ വന്ന പെരുമഴയെ മായ്ച്ചു കളയാൻ ഒരു വൈപ്പറിനും കഴിയില്ലെന്ന് മനസ്സിലായപ്പോൾ റോഡരുകിൽ കാർ ഒതുക്കി.
പുറത്ത് മഴപെയ്തപ്പോൾ എന്റെയുള്ളിൽ ഓർമ്മകളുടെ പെയ്ത്തായിരുന്നു. സ്റ്റിയറിംഗിൽ മുഖം ചേർത്ത് മഴ നോക്കി കിടന്നു.
കലാലയം.. സുഹൃത്തുക്കൾ.. വിനോദയാത്രകൾ… റീഗൽ…
ചേതനാ ഗൃദ്ധാ മല്ലിക്ക് ദുപ്പട്ടയിൽ തീർക്കുന്ന കുരുക്ക് പോലെ ഏതൊരു ഓർമ്മയുടെ അവസാനവും അവളുണ്ടാകും എന്നത് വീണ്ടും വീണ്ടും എന്നെ ശ്വാസം മുട്ടിച്ചു.
തൊട്ടടുത്ത സീറ്റിലെ കാർട്ടൂണിലേക്ക് കണ്ണുകൾ നീണ്ടു.
റീഗൽ പരിഹാസത്തോടെ നിഷേധിച്ച ഡയറി കയ്യിലെടുത്തു.
ആദ്യ പേജിൽ പിൻ ചെയ്തു വച്ച പത്രക്കട്ടിങ്ങിലിരുന്ന് സിനി വേദനയോടെ ചിരിച്ചു .
ദുരൂഹ സാഹചര്യത്തില് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തി എന്ന ഒറ്റക്കോളം വാർത്ത. എന്തായിരുന്നു അതിനു പിന്നാലെ പോകാൻ തനിക്കുണ്ടായ പ്രചോദനം? ഒരു മദ്യപാന സദസ്സിൽ സുഹൃത്തായ അസിസ്റ്റന്റ് കമ്മീഷ്ണർ ദേവരാജ് പറഞ്ഞ ഒരു വാചകം . അതായിരുന്നു തുടക്കം .
വാർത്തകളെ പറ്റിയും പ്രതിഷേധങ്ങളെ പറ്റിയും ഘോരം പ്രസംഗിക്കുകയായിരുന്നൂ ഞാൻ . ദേവരാജ് കയ്യിലിരുന്ന ഗ്ലാസ് കാലിയാക്കി എന്നെ ചുഴിഞ്ഞ് നോക്കി .
‘വടക്കോട്ട് നടക്കുന്നതെന്തും നമുക്ക് വലിയ വാർത്തകളാണ്. വല്യ പ്രതിഷേധമാണ് അനീതി കാണുമ്പോള് . അതിനേക്കാള് വലുത് നമ്മുടെ കൺമുന്നിൽ നടന്നാലും കാണാത്ത ഭാവത്തില് നടന്നു കളയും. ഡൽഹിയിൽ നടന്നതിനേക്കാൾ വലിയ ക്രൂരതയാണ് പത്തനാപുരത്ത് നടന്നത് . എന്നിട്ട് സംഭവം പോലും പുറത്തറിഞ്ഞൊ? അതാണ് മലയാളി !’ അയാൾ സോഫയിലേക്ക് ചാഞ്ഞപ്പോൾ എന്റെ ആത്മാവ് മിന്നലേറ്റിട്ടെന്നപോലെ ഞെട്ടിയുണർന്നു.
അന്നുമുതൽ മൂന്നു ദിവസം ഊണും ഉറക്കവുമില്ലാതെ സിനിയുടെ കൊലപാതകത്തിന് പിന്നാലെ ..
അവളുടെ ശരീരത്തില് കൃത്യം പതിമൂന്ന് വെട്ടുകൾ ഉണ്ടായിരുന്നു . മരണത്തിനു മുൻപും ശേഷവും അവൾ അതിക്രൂരമായ ശാരീരിക പീഡനത്തിന് ഇരയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *