നാലുമണിപ്പൂക്കൾ

Posted by

തനിക്കവനോട് ഒരു ഇതും ഇല്ലെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുന്നതിലുപരി സ്വയം ബോധ്യപ്പെടുത്തുക! എന്നതായിരുന്നു അവർ കണക്ക് കൂട്ടിയിരുന്നത്. കൂട്ടികൾക്ക് ബോധ്യപ്പെട്ടെങ്കിലും ഈ ക്രൂരതകൾ കണ്ട് സഹിക്കവയ്യാതെ ഡെസ്ക്കിൽ തല വച്ച് കണ്ണുനീർ തുടച്ചിരുന്ന കരിംനീലക്കണ്ണുള്ള അപ്പുറത്തെ ക്ലാസിലെ പ്ലസ്റ്റുക്കാരിയുടെ കരിമഷി മുഖത്തും കൈത്തണ്ടയിലും പരക്കുന്നത് പതിവായി.
അവൾ ജനൽ വഴി അലിയെ നോക്കി പ്രണയം പറയാൻ കൊതിച്ചു. ‘വേറേത് ചെക്കനാണെങ്കിലും പറയായ്രുന്നു. ഇത് അലിയായിപ്പോയി. അവൻ എങ്ങിനെയാണ് പ്രതികരിക്കുക എന്ന് ഷാനിബയ്ക്ക് നിശ്ചയമില്ലായിരുന്നു.
അവൾക്ക് ഇനിയും കാത്തിരിക്കാനാവുമായിരുന്നില്ല. എങ്ങനെയും തന്റെ സ്നേഹം പറയുക! അതിന് ഏത് വഴിയും സ്വീകരിക്കുക. ‘ന്റെ ചെക്കനെ മറ്റൊരാൾ സ്വന്തമാക്കിയാൽ ജീവിച്ചിരിക്കില്ല ഞാൻ.’ ഷാനിബാ നജ്മത്ത് നിശ്ചയിച്ചുറപ്പിച്ചു.
അവൾക്ക്‌ പല കൂട്ടുകാരികളുണ്ടെങ്കിലും കൂടുതൽ വിശ്വാസം സംഗീതയിലായിരുന്നു.

“ടീ സംഗീതേ അന്നോടൊരു കാര്യം പറയാന്ണ്ട് ഇയ്യാരോടും പറയര്ത്”

“ഇല്ല പെണ്ണേ അനക്ക്ന്നെ വിശ്വാസല്ല്യേ?”

“അതല്ല നീ ആരോടും പറയൂല്ലാന്ന്‌ കയ്യീത്തൊട്ട് സത്യം ചിയ്യ്?”

“ഇല്ല ന്റെ നജ്മാ…സത്യം ഈശ്വരനാണെ സത്യം ഞാനാരോടും പറയില്ല്യാ”

“അതെയ്..പ്..പിന്നെ..”

“വേഗം‌ പറേടീ ഇപ്പൊ ബെല്ലടിക്കും”

“ആ ചെക്കനോട് ഇയ്യിന്നെപ്പറ്റ്യൊന്ന് പൊക്കിപ്പറ്യോ?” അവൾ പെട്ടെന്നൊരു ശ്വാസത്തിലൊന്ന് പറഞ്ഞ് കിതച്ച് അവളെ ദയനീയമായി നോക്കി.
“അനക്ക് പ്രേമോ? ക്ക് വിശ്വാസം വര്ണില്ല്യാ, മിണ്ടാപൂച്ച കലൊടക്കൂന്നല്ലേ! ഹ്ം.. പറയ് ആരാ ആള്? അവൾ കൗതുകവും ചിരിയുമൊതുക്കാനാവാതെ പറഞ്ഞു.

“ഇയ്യാരോടും പറയലേട്ടാ ഇക്ക് പേട്യാവ്ണ്ട്”
“ഇയ്യ് പറ്യേടി..ദ് ഞാനാരോടും പറയില്ല്യാന്ന് പറഞ്ഞിലേ”

“അംജദ് അലി!” അവൾ തലകുനിച്ച് പതിഞ്ഞ സ്വരത്തിൽ പറഞ്ഞൊപ്പിച്ചു.

സംഗീതയ്ക്കത് കേട്ട് പരിഭ്രമമായി. അവൾ ദേഷ്യം പിടിച്ച് ഷാനിബയെ നോക്കി.

Leave a Reply

Your email address will not be published. Required fields are marked *