ഇളംകാറ്റിൽ ആടി ഉലയുന്ന നെല്ലോലകൾ ഇരുവശത്തും നിറഞ്ഞ അതിമനോഹരമായ വിശാലമായ നെൽവയൽ.. അങ്ങകലെ പച്ച കളറിൽ വാനം മുട്ടി നിൽക്കുന്ന മലനിരകൾ… വയലിന്റെ മധ്യഭാഗത്ത് ഇടയ്ക്കിടെ ഒന്നോ രണ്ടോ കരിമ്പനകൾ…..
ഏറ്റവും മുന്നിൽ ആയി ബാലുവും അതിനു പുറകിൽ നെല്ലോലകൾ തഴുകി കല്ല്യാണിയും ഏറ്റവും പുറകിൽ ബാഗും തോളിലേറ്റി അശ്വതിയും നടന്നു…..
ശക്തിയായി വീശിയ കാറ്റിൽ കല്ല്യാണിയുടെ പാറിപ്പറന്ന മുടിയിഴകൾ ആടിയുലഞ്ഞു…. തന്റെ മുഖത്തേക്കു വീണ മുടിയിഴകൾ അവൾ കൈകളാൽ മാടി ഒതുക്കി…
കൃത്യമായി പറഞ്ഞാൽ മലയാളി നർത്തകി മീര ശ്രീനാരായണന്റെ അതെ പകർപ്പ് ആയിരുന്നു കല്ല്യാണിയെ കാണാൻ…..
ബാംഗ്ലൂരിൽ രണ്ടാം വർഷ എം ബി എ വിദ്യാർത്ഥി ആണ് അവൾ….
ഏറെ നേരം നടന്നു അവർ പുല്ലൂർ മനക്കലെ പടിപ്പുര വരെ എത്തി….
പടിപ്പുര വാതിൽ തള്ളിത്തുറന്ന കല്ല്യാണി ഒരു നിമിഷം സ്തംഭിച്ചു നിന്ന്…..
സിനിമയിൽ എല്ലാം താൻ കണ്ടിട്ടുള്ള വരിക്കാശ്ശേരി മന അത് പോലെ അതിനേക്കാൾ പ്രൗഢിയിൽ തന്റെ മുന്നിൽ നിൽക്കുന്നതായി അവൾക്കു തോന്നി…
വലതു കാൽ വച്ച് കല്ല്യാണി മനക്കലേക്ക് നടന്നു…….
“യാത്രയൊക്കെ സുഗായിരുന്നില്ലേ കുട്ട്യേ..?” ഉമ്മറത്ത് അവളേയും കാത്തുനിന്ന ശേഖരൻ തിരുമേനി ചോദിച്ചു…
“അതെ മുത്തച്ചാ….” വളരെ സന്തോഷത്തോടെ കല്ല്യാണി മറുപടി പറഞ്ഞു…..
“എന്നാൽ പോയി കുളിച്ചിട്ടു വന്നോളൂ….” സുഭദ്രയുടെ കയ്യിൽ നിന്നും തോർത്തും എണ്ണയും വാങ്ങി അശ്വതിയും കല്ല്യാണിയും കുളക്കടവിലേക്കു നടന്നു…. മുത്തച്ഛന്റെ നിർദ്ദേശ പ്രകാരം തേച്ചിയും തുളസിയും പറിക്കാൻ ബാലു അടുത്തുള്ള പറമ്പിലേക്കും നടന്നു…….