യക്ഷയാമം 25 [വിനു വിനീഷ്]

Posted by

“ഇല്ല, എനിക്കിവന്റെ രക്തംവേണം”
നിലത്തുകിടന്ന് ചോരഛർദ്ദിക്കുന്ന അനിയെനോക്കി അവൾ പറഞ്ഞു.

“അവനെ വധിക്കാൻ ഇനി നിനക്കുകഴിയില്ല. അധികം വൈകാതെ ഭഗവാൻ വിഷ്ണുവിന്റെ സുദർശനചക്രം നിനക്ക് ദർശിക്കാൻ കഴിയും. അതുനിന്നെ ഭസ്മമാക്കുന്നതിനുമുൻപേ നീ സ്വമേധയാ തിരികെ വരുക.”

തിരുമേനി വീണ്ടും ഹോമകുണ്ഡത്തിലേക്ക് നെയ്യർപ്പിച്ചുകൊണ്ട് പറഞ്ഞു.

സീത കരങ്ങൾകൊണ്ട് ശക്തമായി നിലത്തടിച്ചു.

ഉടനെ ആളിക്കത്തുന്ന ഹോമകുണ്ഡത്തിലെ അഗ്നിയെ അണക്കുംവിധം ശക്തമായ കാറ്റ് കീഴ്ശ്ശേരിയിലേക്ക് ഒഴുകിയെത്തി.

“ശങ്കരാ, ദുഷ്ട്ടശക്തികളെ തടഞ്ഞു നിർത്തൂ…”
ഒറ്റശ്വാസത്തിൽ കൃഷ്ണമൂർത്തിതിരുമേനി മുഖത്തേക്കുനോക്കാതെ പറഞ്ഞു.

“ജ്യോതിർമാത്ര സ്വരൂപായ
നിർമലജ്ഞാന ചക്ഷുഷേ
നമഃ ശിവായ ശാംതായ
ബ്രാഹ്മണേ ലിംഗമൂർതയേ”

“ഓം നമഃ ശിവായ
ഓം നമഃ ശിവായ
ഓം നമഃ ശിവായ”

സംഹാരരൂപനായ ആദിശങ്കരനെ ധ്യാനിച്ചുകൊണ്ട് പീഠത്തിൽ നിന്നും ശങ്കരൻ തിരുമേനി എഴുന്നേറ്റ് ശക്തമായ കാറ്റുവരുന്ന ദിക്കിലേക്ക് തിരിഞ്ഞുനിന്നു.

വൈകാതെ ഒഴുകിയെത്തിയ കാറ്റ് വൃത്താകൃതിയിൽ തിരുമേനിക്ക് മുൻപിൽ ഒരു നിശ്ചിത അകലം പാലിച്ചുകൊണ്ട് നിന്നു.

കൈയ്യിൽ കരുതിയ ഭസ്മമെടുത്ത് തിരുമേനി അന്തരീക്ഷത്തിലേക്ക് കുടഞ്ഞു.

“ഹോമത്തെ തടസ്സപ്പെടുത്താൻ നിനക്ക് കഴിയില്ല്യ സീതേ.. അനുസരണയോടെ നീയിവിടെ വരിക, “

കാറ്റിനെനോക്കി തിരുമേനി പറഞ്ഞു.

നിലത്തുവീണ അനി പതിയെ കൈകുത്തിയെഴുന്നേറ്റു.
അതുകണ്ട സീത നിലം സ്പർശിക്കാതെ അനിയുടെ അടുത്തേക്ക് ഒഴുകിയെത്തി.

അവളെകണ്ടതും അനി പിന്നിലേക്ക്, പിന്നിലേക്ക് ചുവടുവച്ചു.

“എന്നെ കൊല്ലരുത്.. മാപ്പ്, ചെയ്തതെറ്റിന് മാപ്പ്.”
കൈകൾകൂപ്പി അനി തൊഴുത്തുനിന്നു.

“ഹഹഹ..”
സീത ആർത്തട്ടഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *