യക്ഷയാമം 25 [വിനു വിനീഷ്]

Posted by

” പ്രാണപ്രിയനുമൊത്തുള്ള ജീവിതം സ്വപ്നം കണ്ടുനടന്ന എന്നിലേക്ക് ഞാനറിയാതെ എന്റെ ബോധമണ്ഡലത്തെ മറച്ച്, ദുഷ്ട്ടകർമ്മങ്ങൾ ചെയ്ത് അവസാനം എന്റെ ശരീരം പച്ചക്കു ഭക്ഷിച്ചവനാണ് നീ, അതിന് ഞാൻ നിനക്ക് മാപ്പുതരണോ?
എന്നെക്കാളേറെ ഞാൻ സ്നേഹിച്ച എന്റെ മാഷിനെ പിതൃലോകത്തേക്കുപറഞ്ഞയക്കാൻ കൂട്ടുനിന്നതിന് ഞാൻ മാപ്പുതരാണോ.?
വീണ്ടും മാർത്താണ്ഡന്റെ ഷോഡസപൂജക്ക് ഇരയാക്കാൻ നീ കണ്ടെത്തിയ ഗൗരിയെ അയാൾക്കുവേണ്ടി എത്തിച്ചുകൊടുത്തിന് നിനക്ക് മാപ്പുതരാണോ.?
നിന്റെ കാമവികാരം തീർക്കാൻ നിരവധിപെണ്കുട്ടികളെ നശിപ്പിച്ചതിന് നിനക്കുമാപ്പുതരാണോ.?
ഇല്ലാ… നിനക്ക് മാപ്പില്ലാ…”

അപ്പോഴേക്കും പടർന്നുപന്തലിച്ച വൃക്ഷത്തിന്റെ വേരിൽതട്ടി അനി നിലത്തുവീണിരുന്നു.
തിരുമേനിയുടെ മന്ത്രങ്ങൾക്കു മുൻപിൽ പിടിച്ചുനിൽക്കാൻ സീത അല്പം ബുദ്ധിമുട്ടി.

നിലത്തുവീണുകിടക്കുന്ന അനിയുടെ അടുത്തേക്ക് ഒഴുകിയെത്തികൊണ്ട് സീത അയാളുടെ അരികിൽ ഇരുന്നു.

പതിയെ അയാളുടെ രോമങ്ങൾ തിങ്ങിനിൽക്കുന്ന നെഞ്ചിലൂടെ തന്റെ കൈവിരലുകൊണ്ട് ഒരു മയിൽപ്പീലിപോലെ തടവി.

സീതയുടെ സ്പർശനത്തിൽ ശ്വാസം നിലച്ചതുപോലെതോന്നിയ അനി പതിയെ മിഴികളടച്ചു.
നിമിഷനേരംകൊണ്ട് അവളുടെ മൂർച്ചയുള്ള നഖങ്ങൾ അനിയുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി.
വേദനകൊണ്ട് അയാൾ പിടഞ്ഞു.
ശക്തമായ കാറ്റ് അപ്പൂപ്പൻക്കാവിനുള്ളിലേക്ക് പാഞ്ഞെത്തി.
നിതംബത്തിനൊപ്പം നിൽക്കുന്ന അവളുടെ മുടിയിഴകൾ കാറ്റിൽ പാറിനടന്നു.

കാട്ടുവള്ളികളിൽ ചുറ്റികിടക്കുന്ന നാഗങ്ങൾ ശിൽക്കാരം മീട്ടി അനിയെ നോക്കുന്നുണ്ടായിരുന്നു
കരിയിലയിലൂടെ ശബ്ദമുണ്ടാക്കാതെ ഒരു കരിമ്പൂച്ച നടന്നുവന്ന്
മലന്നുകിടക്കുന്ന അനിയുടെ മുഖത്തേക്കുനോക്കികൊണ്ട് അല്പനേരം അവിടെ നിന്നു.

ഒറ്റനോട്ടത്തിൽതന്നെ കരിമ്പൂച്ചയെകണ്ട അനി മരണവേദനയിലും ഭയന്നുവിറച്ചു.
നെറ്റിൽ ഒരുകണ്ണുമാത്രമുണ്ടായിരുന്ന അതിന്റെ വായിൽനിന്നും കൊഴുത്ത ദ്രാവകം ഒഴുകി
അയാളുടെ മുഖത്തേക്ക് ഇറ്റിവീണ് പതിയെ വായിലേക്ക് ഒലിച്ചിറങ്ങി.

കാട്ടുവള്ളിയിൽ തൂങ്ങിക്കിടക്കുന്ന നാഗങ്ങൾ അനിയുടെ അരികിലേക്ക് ഇഴഞ്ഞെത്തി.

നെഞ്ചിലേക്ക് ആഴ്ന്നിറങ്ങിയ സീതയുടെ കൈകൾ തിരിച്ചെടുക്കുമ്പോൾ കൈനിറയെ രക്തത്തിന്റെ കറ പറ്റിയിരുന്നു.
നെഞ്ചുപിളർന്ന് ഹൃദയത്തെ അവൾ കൈക്കുമ്പിളിൽ വച്ചുകൊണ്ട്
ആർത്തട്ടഹസിച്ചു.

സീതയുടെ കൈകളിൽ അനിയുടെ ഹൃദയംകിടന്ന് പിടക്കുന്നുണ്ടായിരുന്നു.

സർവ്വശക്തിയെടുത്ത് അവൾ ആ ഹൃദയത്തെ വലതുകൈയ്യിൽവച്ചുഞെരിച്ചു.
ഉടനെ അവശേഷിക്കുന്ന ജീവനും അനിയുടെ ശരീരത്തിൽനിന്നും പിൻവാങ്ങി

അവൾക്കുചുറ്റുംവന്നിരുന്ന ശവംതീനി കഴുകന്മാർ അടഞ്ഞുകിടക്കുന്ന അനിയുടെ കണ്ണുകൾ കൊത്തിപ്പറിച്ചു.
ചുടു രക്തത്തിന്റെ ഗന്ധം ഒഴുകിയതോടെ സമീപത്തുള്ള മറ്റുജീവികളും ഓടിയെത്തി.

Leave a Reply

Your email address will not be published. Required fields are marked *