യക്ഷയാമം 25 [വിനു വിനീഷ്]

Posted by

പതിനായിരത്തെട്ടു തവണ മഹാസുദർശന മന്ത്രം ജപിച്ചു കഴിഞ്ഞപ്പോഴേക്കും സീതയുടെ ശക്തിക്ഷയിച്ചുതുടങ്ങി.

കൃഷ്ണമൂർത്തിയദ്ദേഹം പലതവണ വിളിച്ചിട്ടും തിരികെ വരാൻ വിസമ്മതിച്ച സീതയെ അവളുടെ അമ്മയെയും അച്ഛനെയും കളത്തിലിരുത്തി വീണ്ടും ഇരയെ വിളിച്ചു.

വൈകാതെ
കിഴക്കുനിന്ന് മഞ്ഞനിറത്തിലുള്ള ഒരു പ്രകാശം അവളെ ആവരണം ചെയ്ത് പതിയെ അന്തരീക്ഷത്തിലേക്ക് ഉയർത്തി.

ശങ്കരൻതിരുമേനി ഹോമകുണ്ഡത്തിലേക്ക് മന്ത്രങ്ങൾ ജപിച്ചുകൊണ്ട് ഓരോ തവണയും നെയ്യ് അർപ്പിച്ചു.

വീണ്ടും ശക്തമായ കാറ്റ് കീഴ്ശ്ശേരിയിലേക്ക്
ഒഴുകിയെത്തി.

“മ്, അവൾ വീണ്ടും….”
ശങ്കരൻതിരുമേനിയെ പറഞ്ഞുമുഴുവനാക്കാൻ സമ്മതിക്കാതെ കൃഷ്ണമൂർത്തിയദ്ദേഹം തടസപ്പെടുത്തി.

“വേണ്ടാ, അവളിപ്പോൾ വരും.”

തിരുമേനി പറഞ്ഞുതീരും മുൻപേ വിണ്ണിൽ ഒരു ജ്വാല പ്രത്യക്ഷപ്പെട്ടു.
ഉടനെ എല്ലാവരും അങ്ങോട്ടുനോക്കി.

“സീത”
അമ്മു അവളെ കണ്ടയുടനെ പറഞ്ഞു.

“ഇവിടെ?”
ഗൗരി വിണ്ണിലേക്ക് സൂക്ഷിച്ചുനോക്കി.

പതിയെ ജ്വാലയണഞ്ഞ് സീതയുടെ ശിരസിന് മുകളിൽ ഒരു ചക്രമായി നിന്നു.

“ഭഗവാനെ നാരായണാ..”
ശങ്കരൻതിരുമേനി തൊഴുത്തുനിന്നു.

സീതയെ കണ്ടയുടനെ അമ്മ യശോദ വാര്യരുടെ മാറിലേക്ക് ചാഞ്ഞുവീണ് മകളുടെ വിധിയോർത്ത് തെങ്ങിക്കരഞ്ഞു.

അനിയെ തിരഞ്ഞുനടന്ന രാമനും സഹായികളും അപ്പൂപ്പൻക്കാവിൽവച്ച് അയാളുടെ മൃതദേഹംകണ്ട് മുഖം തിരിച്ചു.

നെഞ്ചുപിളർന്ന് കുടലുകളെല്ലാം നിലത്ത് പരന്നു കിടക്കുന്നുണ്ടായിരുന്നു.
ഉടനെ രാമൻ തന്റെ ഉടുതുണി ഊരിയെടുത്ത് അനിയുടെ മൃതദേഹം പൊതിഞ്ഞെടുത്ത് തിരികെ നടന്നു.

“കഴിഞ്ഞില്ലേ നിന്റെ പ്രതികാരം, ഇനി മടങ്ങിക്കോളൂ”

വഴകോളകൊണ്ട് നിർമ്മിച്ച കളത്തിലേക്ക് അവളെ തിരുമേനി ക്ഷണിച്ചു.

“ഞാൻ പോകുന്നില്ല, എനിക്ക് ഇവിടെ നിൽക്കണം,”

“സാധ്യമല്ലാ…ഒരാത്മാവിന് ഭൂമിയിൽ സ്ഥാനമില്ല, നിനക്കുള്ള കർമ്മങ്ങളൊക്കെയും ചെയ്ത് നിന്റെ ആത്മാവിന് ശാന്തികൊടുത്തിട്ടാണ് ഇവിടെനിന്ന് പറഞ്ഞയക്കുന്നത് ”
വിണ്ണിൽ നിൽക്കുന്ന സീതയെനോക്കി തിരുമേനി പറഞ്ഞു.

“എന്റെ അച്ഛൻ, അമ്മ, എന്റെ മാഷിന്റെ അമ്മ.അവർക്ക് ആരുമില്ല.”

സീതയുടെ വാക്കുകൾക്ക് പ്രസക്തി നൽകാതെ തിരുമേനി ഹോമകുണ്ഡത്തിലേക്ക് നെയ്യും, ദുർഗ്ഗാ ദേവിക്ക് ചുവന്നപൂക്കളും വെളുത്ത പൂക്കളും അർപ്പിച്ച്
സീതയെ ആവാഹിക്കാൻ തയ്യാറായി നിന്നു.

Leave a Reply

Your email address will not be published. Required fields are marked *