എൻറെ കുടുംബത്തിൽ തന്നെയുള്ള എനിക്ക് എന്തും ചോദിക്കാൻ ധൈര്യമുള്ള ഒരു ഇക്കാക്ക ഉണ്ടായിരുന്നു പുള്ളിക്കാരനോട് ഞാൻ ഈ സുന്നത്തിനെ പറ്റി എന്ന് ചോദിച്ചു എന്താ ഇക്കാക്ക ഈ സുന്നത്ത് എന്ന് ചോദിച്ചപ്പോൾ എനിക്ക് കിട്ടിയ മറുപടി, നീ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേരാണ് എന്നായിരുന്നു…
ആ ഉത്തരത്തിൽ ഞാൻ അത്രയ്ക്കങ്ങോട്ട് വിശ്വസിച്ചില്ല എന്നിരുന്നാലും ആരാണ് സുന്നത്ത് എന്ന ചോദ്യം മനസ്സിനെ അലട്ടികൊണ്ടിരുന്നു….
രാത്രിയിൽ എല്ലാവരും ഉറങ്ങി കിടന്നപ്പോഴും എൻറെ മനസ്സ് അഘാതങ്ങളുടെ ആഴത്തിൽ സുന്നത്തിനെ തേടി കൊണ്ടിരിക്കുകയായിരുന്നു അവളുടെ മുഖം മനസ്സിൽ നെയ്തുകൊണ്ടിരിക്കുകയായിരുന്നു..
പിറ്റേന്ന് രാവിലെ ഉമ്മ തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കത്തിൽ നിന്ന് എണീറ്റത് മോനെ അൽത്തൂ എണീക്ക് എനീക്ക്…
ഉറക്കച്ചടവോടെ ഉമ്മാൻറെ കൈയുംപിടിച്ച് മുറ്റത്തേക്കിറങ്ങി വന്ന ഞാൻ കണ്ട കാഴ്ച എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു ഒരു സിനിമാതാരത്തെ പോലെ എല്ലാവരും എന്നെ തന്നെ അത്ഭുതം തിളങ്ങുന്ന കണ്ണുകളോടെ നോക്കുന്നുണ്ടായിരുന്നു…
ഉമ്മ എന്നെ നേരെ കൊണ്ടുപോയത് ഓലകൊണ്ട് പടച്ചുണ്ടാക്കിയ ഒരു താൽക്കാലിക കുറ്റി പുരയിലേക്ക് ആണ് ഒന്നും അറിയാതെ ആട്ടം കാണുന്ന വിഡ്ഢിയെ പോലെ ഞാൻ ഉമ്മയുടെ കൂടെ ഓലപ്പുറയിലേക്ക് നടന്നു…
വീടിനുള്ളിൽ നിറയെ പാത്രങ്ങളും അതിൽ നിറയെ വെള്ളവും ഉണ്ടായിരുന്നു അത് മാത്രമല്ല എൻറെ ഉമ്മൂമ്മയും അമ്മായിമാരും പിന്നെ കുടുംബത്തിലെ ചില സ്ത്രീകളും എല്ലാം കുറ്റിപ്പുരയിൽ ഉണ്ടായിരുന്നു …
എല്ലാവരുടെയും മുഖത്ത് ഒരു ആഹ്ലാദ പുഞ്ചിരി ഞാൻ കണ്ടു എന്നാൽ എന്തിനാണെന്ന് മാത്രം എത്ര ചിന്തിച്ചിട്ടും എനിക്ക് മനസ്സിലായില്ല…
ഒരുപക്ഷേ കല്യാണത്തിന് ഇത്തരം ചടങ്ങുകൾ എല്ലാം ഉണ്ടായിരിക്കും എന്നാൽ അത് ഞാൻ കാണാത്തത് കൊണ്ട് അറിയാതെ പോയതാവും എന്നാണ് ഞാൻ വിചാരിച്ചത്…
ഉമ്മ എൻറെ കൈവെള്ളയിലേക്ക് അല്പം ഉമിക്കരിയും ഉപ്പും എടുത്തുവെച്ച് തന്നു…
ആദ്യം പല്ലു തേക്ക് എന്നിട്ട് നമുക്ക് കുളിക്കാം…
ആ പറച്ചിലിൽ അസ്വാഭാവികമായി ഒന്നും തോന്നാത്തതുകൊണ്ട് ഞാൻ പതിവുപോലെ തന്നെ എൻറെ പല്ലുകളെ മുല്ലപ്പൂമൊട്ടുകൾ ആക്കാനുള്ള പരിശ്രമത്തിലായിരുന്നു..
പല്ലുതേച്ചു വൃത്തിയാക്കിയശേഷം ഉമ്മ എന്നോട് ഇനി കുളിക്കാം എന്നു പറഞ്ഞു കൂട്ടത്തിലുണ്ടായിരുന്ന ഒരു അമ്മായി കുളിമുറിയുടെ വാതിൽ അടച്ചു അതൊരു കുളിമുറി ആയിരുന്നു എന്ന് അവസരത്തിലാണ് ഞാൻ മനസ്സിലാക്കിയത് ഉമ്മ എന്നോട് പതുക്കെ പറഞ്ഞു അൽതൂ ആ ട്രൗസറും കുപ്പായോം അഴിക്ക്…..