ഇന്ദൂട്ടിയുടെ നന്ദേട്ടന്‍ [Master]

Posted by

എല്ലാം നന്ദേട്ടന്റെ ഇഷ്ടം എന്ന് പറഞ്ഞ എന്നെ ഇപ്പോള്‍ അമ്മ മച്ചി എന്ന് വിളിക്കുന്നു. അതിനര്‍ത്ഥം നന്ദേട്ടന്‍ അമ്മയോട് അങ്ങനെ പറഞ്ഞു എന്നല്ലേ? എനിക്ക് ഒന്നും വിശ്വസിക്കാന്‍ സാധിച്ചില്ല. എന്റെ നന്ദേട്ടന്‍ ഇത്ര ദുഷ്ടനാണോ? കണ്ണില്‍ ഇരുട്ട് കയറിയ ഞാന്‍ കുറെ നേരം ആ ഭിത്തിയില്‍ ചാരി നിന്നു. അമ്മ എന്തൊക്കെയോ പറയണുണ്ടായിരുന്നു; പക്ഷെ ഞാന്‍ ഒന്നും തന്നെ കേട്ടില്ല.
“എന്താ പോകുന്നില്ലേ? ഇനി അവന്‍ വരുമ്പോള്‍ അവനെ ഈ കണ്ണീരു കാണിച്ച് മയക്കി ഇവിടെത്തന്നെ കൂടാനാണോ പ്ലാന്‍..”
അമ്മയുടെ ഈര്‍ഷ്യയും പരിഹാസവും നിറഞ്ഞ വാക്കുകള്‍ എന്റെ നെഞ്ചില്‍ തുളച്ചുകയറി.
ദുര്‍ബ്ബലമായ കാലടികളോടെ ഞാന്‍ എന്റെ മുറിയില്‍ കയറി. എന്റെയും നന്ദേട്ടന്റെയും സ്വര്‍ഗ്ഗമായിരുന്ന ഈ മുറി ഞാന്‍ ഉപേക്ഷിച്ചു പോകുകയാണ്. എന്റെ നന്ദേട്ടന് ഞാനിന്ന് വേണ്ടാത്തവളായി..മച്ചിയാണത്രേ ഞാന്‍, മച്ചി. അതെ നന്ദേട്ടാ ഈ ഇന്ദൂട്ടി ഇനി ജീവിതകാലം മൊത്തം മച്ചിയായിത്തന്നെ ജീവിക്കും. എന്റെ ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും പുരുഷന്‍ എന്റെ നന്ദേട്ടന്‍ മാത്രമാണ്..നിറഞ്ഞൊഴുകുന്ന മിഴികളോടെ ഞാന്‍ അമ്മയോട് യാത്ര പോലും പറയാതെ ബാഗുമായി പുറത്തിറങ്ങി. ആരെയും നോക്കാതെ ധാരധാരയായി ഒഴുകിയിറങ്ങുന്ന കണ്ണീര്‍ കൊണ്ട് കാല്‍പ്പാദങ്ങളും മുറ്റവും നനച്ച് ഞാന്‍ റോഡിലേക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ നന്ദേട്ടന്‍ മുന്‍പില്‍.
“ഇന്ദൂ..നീ എവിടെ പോകുന്നു..” സ്കൂട്ടര്‍ സ്റ്റാന്റില്‍ വച്ചിട്ട് നന്ദേട്ടന്‍ ചോദിച്ചു.
സംസാരിക്കാനുള്ള ശക്തി ഇല്ലാതെ ഞാന്‍ മുഖം കുനിച്ച് നിന്ന് ഏങ്ങലടിച്ചപ്പോള്‍ അമ്മയുടെ ശബ്ദം ഞാന്‍ പിന്നില്‍ കേട്ടു.
“അവള് പോകട്ടെ മോനെ..പെണ്ണുങ്ങളുടെ കണ്ണീരില്‍ നീ ഇനിയും മയങ്ങല്ലേ..ഒരു മച്ചിയെ ഭാര്യയാക്കി ജീവിതം നശിപ്പിക്കേണ്ട ഗതികേട് നിനക്കില്ല..വഴി മാറിക്കൊടുക്ക്..തടയണ്ട”
എന്റെ മനസ്സില്‍ എവിടെ നിന്നോ അല്പം ധൈര്യം കടന്നുകയറി. ഞാന്‍ തല ഉയര്‍ത്തി നന്ദേട്ടനെ നോക്കി. എന്റെ കണ്ണുകള്‍ ആ കണ്ണുകളുമായി ഇടഞ്ഞപ്പോള്‍ നന്ദേട്ടന്‍ ഒന്ന് പതറി.
“ആണോ നന്ദേട്ടാ..പറയൂ..ഞാന്‍ മച്ചിയാണോ? എന്റെ നന്ദേട്ടന്‍ ഒരു തവണ മാത്രം ആണെന്ന് ഒന്ന് പറയൂ..പിന്നെ ഒരിക്കലും എനിക്ക് ദുഖമുണ്ടാകില്ല..കാരണം എന്റെ നന്ദേട്ടന്‍ അങ്ങനെ കരുതുന്നെങ്കില്‍ ഒന്നല്ല, ഒരായിരം വട്ടം ഈ ജീവിതത്തില്‍ നിന്നും പോകാന്‍ നന്ദേട്ടന്റെ ഇന്ദൂട്ടി ഒരുക്കമാണ്..പറയൂ നന്ദേട്ടാ..പറയൂ..”
നന്ദേട്ടന്‍ ദുര്‍ബ്ബലനെപ്പോലെ എന്നെ നോക്കി. ആ കണ്ണുകള്‍ നിറഞ്ഞു വരുന്നത് കണ്ടപ്പോള്‍ എന്റെ ഹൃദയം പൊട്ടി. എന്റെ നന്ദേട്ടന്‍ കരയാന്‍ പാടില്ല. അറിയാതെ ആ കണ്ണീര്‍ തുടയ്ക്കാന്‍ ഉയര്‍ത്തിയ കൈ വേഗം ഞാന്‍ പിന്‍വലിച്ചു. ഇല്ല എനിക്കതിനുള്ള അവകാശമില്ല. ഞാന്‍ മച്ചിയാണ്.
“ഞാന്‍ പോവ്വാ നന്ദേട്ടാ..നന്ദേട്ടന് ദൈവം നല്ലത് മാത്രമേ വരുത്തൂ..ഞാന്‍..ഞാന്‍ നമ്മുടെ ഓര്‍മ്മകളുമായി ജീവിച്ചോളാം..മരിക്കുവോളം..”

Leave a Reply

Your email address will not be published. Required fields are marked *