നീലാംബരി 5 [കുഞ്ഞൻ]

Posted by

നിസ്സഹായതയോടെ… തൂണിന്റെ മറവിൽ ഇരുന്ന് കരയുന്ന നീലാംബരിയെ കണ്ടപ്പോ അവന്റെ ചങ്ക് പിടഞ്ഞു…
അവൾ അവന്റെ മുഖത്തേക്ക് നോക്കി… ഒരുമാതിരി അറക്കാൻ കൊണ്ട് പോകുന്ന മാടുകൾ അറവുകാരന്റെ മണം അടിക്കുമ്പോ മുഖത്തേക്ക് നോക്കുംപോലെ… അവന്റെ ഇടനെഞ്ച് പിടഞ്ഞു… അവൻ കഴുത്ത് രണ്ടും ഇരുവശത്തേക്കും ചെരിച്ചു… കഴുത്ത് പൊട്ടുന്ന ശബ്ദം… നീലാംബരി അവന്റെ കണ്ണുകളിലേക്ക് നോക്കി… അവിടെ കണ്ടത് പഴയ ദീപനെ ആയിരുന്നില്ല… സംഹാരരുദ്രനായ വീരഭദ്രൻ… അവന്റെ കണ്ണുകളിൽ അഗ്നി ജ്വലിക്കുന്ന പോലെ തോന്നി…
അവൻ മുറ്റത്തേക്കെടുത്തു ചാടി ആ മരത്തിന്റെ മറവിൽ നിൽക്കുന്നവരുടെ നേരെ വെടിയുതിർത്തു… ദീപന്റെ അപ്രതീക്ഷിത ആക്രമത്തിൽ അവർ ആദ്യം ഒന്ന് പകച്ചു… പക്ഷെ അവരും തിരിച്ച് വെടി വച്ചു.. അവൻ മണ്ണിൽ ചാടി ഉയർന്നു മറിഞ്ഞു വീണ് ചാടി എഴുന്നേറ്റു… അവൻ വീണ്ടും വെടിയുതിർത്തു… ഒരു ആക്രമിയുടെ വലം തോളിൽ തറച്ചു… അയാൾ പിന്നിലേക്ക് മറിഞ്ഞു വീണു… രണ്ടാമത്തെ ആൾ വെടിയേറ്റ് വീണ ആക്രമിയുടെ അടുത്തേക്ക് ഓടി ചെന്നു… ദീപൻ വീണ്ടും വെടിയുതിർത്തു… നിലത്തു വീണ ആക്രമിയെ പൊക്കി എഴുന്നേൽപ്പിച്ച് മരത്തിന്റെ മറവിലേക്ക് നീങ്ങി… ദീപൻ തന്റെ ഗൺ ആ മരത്തിനു നേരെ പിടിച്ചു…
ഇതെല്ലാം കണ്ട് നീലാംബരിക്ക് ഒരു പകപ്പായിരുന്നു… തന്റെ കണ്മുന്നിൽ നടക്കുന്ന ആക്ഷൻ രംഗങ്ങൾ സിനിമയിൽ മാത്രമേ അവൾ കണ്ടിട്ടുള്ളു…
“വാടാ… പുറത്തേക്ക് വാ… ഞാൻ ഇവിടെ തന്നെ ഉണ്ടാവും… ചെന്ന് പറയ്… നിന്നെ അയച്ചവന്മാരോട്… ദാ ആ കാണുന്നവളും ഉണ്ടാവും ജീവനോടെ… എന്റെ മരണം വരേയ്ക്കും… ” ദീപൻ ഉറക്കെ വിളിച്ചു പറഞ്ഞു… ആക്രമികൾ പെട്ടെന്ന് തന്നെ വനത്തിനുള്ളിലേക്ക് ഓടി മറിഞ്ഞു… ഓടി മറയുന്നവരെ നോക്കി കൊണ്ട് നീലാംബരി അവന്റെ അടുത്തേക്ക് വന്നു…
“എന്തിനാ… അവരെ വെറുതെ വിട്ടത്… ”
“ഹും… അവരെ എന്തിനാ ഞാൻ കൊല്ലുന്നേ… വെറും വാടകക്കാർ… ” അവൻ തിരിഞ്ഞു വീടിന്റെ ഉമ്മറത്തേക്ക് നടന്നു… അവളുടെ ബാഗ് എടുത്ത് കൈയിൽ പിടിച്ചു…
ആശ്ചര്യത്തോടെ അവൾ ചോദിച്ചു…
“ആരാ… ആരാ… നീ… എന്തിനാ എന്റെ ജീവിതത്തിലേക്ക് വന്നത്… ”
അക്രമികളിൽ നിന്ന് പോയ തോക്ക് സ്വന്തം അരയിൽ തിരുകി ഒരു ഇണ്ടാക്കിയെടുത്ത ചിരിയുമായി ദീപൻ നടന്നു…
“ആരാ… ആരാ… നീ.. പറയ്… ” അവന്റെ മുന്നിലേക്ക് കേറി അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ച് കുലുക്കി ചോദിച്ചു.. അവളുടെ ശബ്ദത്തിൽ എല്ലാം നഷ്ട്ടപെട്ട ഒരാളുടെ വേദന കലർന്നിരുന്നു…
ദീപൻ ഒന്നും മിണ്ടിയില്ല…
“പറ… എന്നോട് പറ… ഏകാന്തത അതിശൈത്യം പിടിച്ച് തണുത്തുറഞ്ഞു സിരകളിലെ രക്തം കട്ടപിടിച്ചു മരിക്കാറായ എന്റെ സിരകൾക്ക് ചൂട് പകർന്ന് ഉപേക്ഷിച്ച് പോകാൻ വന്നതാണോ… അങ്ങനെയെങ്കിൽ… അങ്ങനെയെങ്കിൽ… ” നീലാംബരിയുടെ കണ്ണീർ മഴത്തുള്ളികൾ വീണു നനഞ്ഞ ഭൂമിയുടെ മാറിലേക്ക് വീണു… നേരത്തെ അസൂയ പൂണ്ട മഴത്തുള്ളികൾ അവളുടെ കണ്ണീരും തങ്ങളോടൊപ്പം ഭൂമിയിൽ ഒഴുകി നടക്കുന്നത് കണ്ടപ്പോൾ നിസ്സഹായതയോടെ തല താഴ്ത്തി…

Leave a Reply

Your email address will not be published. Required fields are marked *