***************************************************************************************************
വാനമ്പാടി കണ്ടുകൊണ്ടിരിക്കുകയായിരുന്നു ആശ.ഇടയ്കിടയ്ക് ജനലിനു വെളിയിലേക്ക് കണ്ണോടിക്കും .രഘുവേട്ടനു വരുമ്പഴേ ന്യൂസ് കാണണം.സീരിയലിന്റെ ശബ്ദം കേൾക്കുന്നതെ അദ്ദേഹത്തിന് കലിയാണ്.മദ്യപിച്ചാണ് വരുന്നതെങ്കിൽ പിന്നെ പറയുകേം വേണ്ട.
ബുള്ളറ്റിന്റെ ഒച്ച കേട്ടപ്പഴേ ആശ ചാനൽ മാറ്റി.വാതിൽ തുറന്നു.
ബൈക്ക് സ്റ്റാൻഡിൽ വെച്ച് രഘു ഇറങ്ങി
പതിവില്ലാതെ രണ്ടുമൂന്നു കവർ ഒക്കെ ബൈകിന്റെ ഹാന്ഡിലിൽ തൂക്കിയിട്ടിരിക്കുന്നു .
ആശയെ കണ്ട രഘു പുഞ്ചിരിച്ചു.
പതിവില്ലാത്ത ഒരു കാര്യം കണ്ട ആശാ അമ്പരന്നു നിന്നു .
കൂടു മൂന്നും കയ്യിലെടുത്തു രഘു വരാന്തയിലോട്ട് കയറി.
അവൻ ആശയുടെ തോളത്തു കയ്യിട്ടു ചേർത്തുപിടിച്ചകത്തേക്കു കയറി. .
“പിള്ളേരൊറങ്ങിയോ?”
“………..അഭി ………എന്തോ പ്രൊജക്റ്റ് വർകൊണ്ട് ,താമസിക്കുവെന്ന് വിളിച്ചു പറഞ്ഞു….അനു കംപ്യൂട്ടർന്റെ ഫ്രണ്ടിൽ .”
ആശക്കു അമ്പരപ്പ് മാറിയില്ല ..
രഘു മൂന്നു കൂടുകളുംകൂടി മേശപ്പുറത്തു വെച്ചു.
“മോള് പഠിക്കുവാനോ ?”
പതിവില്ലാതെ അച്ഛൻ തന്റെ കാര്യം തിരക്കുന്നത് കേട്ട് അനുവും അമ്പരന്നു.
“ആ….ആം അച്ഛാ,..ഒരു അസൈന്മെന്റുണ്ട് “
ആശയും അണുവും പരസ്പരം നോക്കി .
“ഇത് മോൾക്ക് വാങ്ങിയ ഡ്രസ്സ് ആ ..മോള് പോയി ഇട്ടുനോക്ക്..പാകവായില്ലെങ്കി മാറ്റിമേടിക്കാം.”
ഒരു കവർ അനുവിന് നേരെ നീട്ടി രഘു പറഞ്ഞു.
“താങ്ക്സ് അച്ഛാ “അവൾ ഓടി വന്നു അവനെ കെട്ടിപിടിച്ചു കവിളത്തൊരുമ്മകൊടുത്തു .
രഘു പുഞ്ചിരിച്ചു “കളർ ഇഷ്ടായില്ലെങ്കിൽ പറയണേ ..”