പ്രാതൽ കഴിഞ്ഞു അൽപ്പനേരം അടുക്കളയുടെ പുറത്തു എന്തോ ആലോചിച്ചിരുന്ന തേവൻ എണീറ്റു, തമ്പുരാട്ടി വരാൻ ഇനിയും താമസിക്കും. തുണി മുക്കി ബക്കറ്റുമായി അവൻ രണ്ടാം നിലയിലേക്ക് പോയി, അവിടെയാണ് അവന്റെ രണ്ടു സ്വപ്നദേവതമാരുടെയും മുറികൾ.
ആദ്യമേ അവൻ ചെന്നത് തെന്നലിന്റെ മുറിയിലേക്കാണ്. മുറിക്കുള്ളിൽ കടന്നപ്പോൾ തന്നെ ഒരു പ്രത്യേക ശാന്തത തേവന് തോന്നി. ഇത്രയും സുന്ദരമായ മുറി തേവൻ ജീവിതത്തിൽ കണ്ടിട്ടില്ല. ഒരു വശത്തു ജനലരികിൽ ഇട്ടിരിക്കുന്ന മേശയും കസേരയും, അവിടിരുന്നാകും തെന്നൽ പഠിക്കുന്നത്.
തന്റെ പഠന കാലം തേവൻ ഓർത്തു. ഓർമ്മയിൽ സുഖം പകരാൻ ഒന്നും ഉണ്ടാകാഞ്ഞ കാലം… എങ്കിലും അവൻ വാശിയോടെ പഠിച്ചിരുന്നു. തെന്നലിന്റെ പഠിക്കുന്ന മേശയുടെ അരികിലെ ഭിത്തിയിൽ കുറെ ചിത്രശലഭങ്ങൾ വരി വരിയായി പറ്റി പിടിച്ചിരിക്കുന്നു.
ഒരു നിമിഷം തേവൻ അമ്പരന്നു പോയി, നല്ല ഭംഗിയുള്ള ചിത്രശലഭങ്ങൾ ആണ് പക്ഷെ അവ ഇങ്ങനെ എങ്ങനെ വരി വരിയായി ഇരിക്കും..? അവൻ ശബ്ദം ഉണ്ടാക്കാതെ അടുത്ത് ചെന്ന് പെട്ടന്ന് ഒരു ശബ്ദം ഉണ്ടാക്കി. ഇല്ല ഒരനക്കവും ഇല്ല… തേവൻ പതുക്കെ കൈ നീട്ടി ഒന്നിനെ തൊട്ടു.
ആരും കാണാനില്ലെങ്കിലും ഇളിഭ്യനായതിന്റെ ജാള്യം അവന്റെ മുഖത്ത് പടർന്നു. പ്ലാസ്റ്റിക് ചിത്രശലഭങ്ങൾ ആണ് അവൻ യഥാർത്ഥ ചിത്രശലഭമായി തെറ്റിധരിച്ചത്. അവന്റെ നോട്ടം മേശയിൽ ഇരുന്ന നീളമുള്ള ഒരു പുസ്തകത്തിലേക്ക് തിരിഞ്ഞു, ഒരു പെൻസിൽ അതിനകത്തു നിന്നും പുറത്തേക്കു തള്ളി നിൽക്കുന്നു.
വായിച്ചു അടയാളം ഇട്ടതായിരിക്കും, അവൻ പതിയെ ആ ബുക്ക് തുറന്നു. അതൊരു നീണ്ട നോട്ട് ബുക്കായിരുന്നു… പെൻസിൽ വെച്ചിരുന്ന പേജിൽ ഇനിയും പൂർത്തിയാക്കാത്ത ഒരു കവിത കുറിച്ചിട്ടിരിക്കുന്നത് അവൻ വായിച്ചു…
തെന്നൽ