ഇടവേളയിലെ മധുരം 1
Edavelayile Madhuram Part 1 Author Rishi | ഋഷി
ജാലകത്തിരശ്ശീല നീക്കി, ജാലമെറിയുവതെന്തിനോ
തേൻ പുരട്ടിയ മുള്ളുകൾ നീ കരളിലെറിയുവതെന്തിനോ…
നേരിയ തണുപ്പരിച്ചെത്തിയ, സന്ധ്യയുടെ ചുവപ്പുകലർന്ന വെളിച്ചം ഒഴുകുന്ന, വൈകുന്നേരത്ത് താവളത്തിലേക്ക് നടക്കുമ്പോൾ എതിരെ, നീലനിറമുള്ള കർട്ടൻ മറച്ച ജനാലയിലേക്ക് പാളിനോക്കാതിരിക്കാനായില്ല. തിരശ്ശീല എന്നത്തേയും പോലെ തുടിച്ചു. പിന്നെ ഉയർന്നു. വലിയ, നെഞ്ചിന്റെ ആഴങ്ങളിലേക്ക് ഊളിയിടുന്ന കണ്ണുകൾ. സുന്ദരമായ മുഖം. ചുവന്ന പൊട്ട്. തിങ്ങിയ, പിന്നിലേക്ക് ചീകിക്കെട്ടിയ മുടി. തുടിക്കുന്ന നിമിഷങ്ങളിൽ കണ്ണുകളിടഞ്ഞു. എന്നത്തേയും പോലെ. ഞാൻ പാട്ടും മൂളി വീട്ടിലേക്ക് തിരിഞ്ഞു.
വാതിൽ തുറന്നകത്തു കയറി. കയ്യിൽ കരുതിയിരുന്ന പഴയ വെൽഡിങ്ങ് ഹെൽമെറ്റ് സൈഡിൽ വെച്ചു. അടിച്ചുവാരി തുടച്ചുവൃത്തിയാക്കിയിട്ട തറ. കിടപ്പുമുറിയിൽ മുഷിഞ്ഞ തുണികളെല്ലാം മാറ്റിയിരിക്കുന്നു. മടക്കിവെച്ച ടീഷർട്ടും ഷോർട്ട്സും. വീടാകെ ഞരമ്പുകളിൽ അരിച്ചുകേറുന്ന ഗന്ധം. ഊണുമുറിയും അടുക്കളയും ഒന്നുതന്നെ. ചെറിയ മേശപ്പുറത്ത് ഒരു ടിഷ്യൂ പേപ്പർ മൂടിയ പ്ലേറ്റിൽ മൊരിഞ്ഞ ബോണ്ടകൾ. ഫ്ലാസ്കു തുറന്നു. ഏലക്കയും, ഇഞ്ചിയും ചേർത്ത ഒന്നാന്തരം ചായ.
പോയിക്കുളിച്ചു. തുണി മാറ്റി. ചായയും ബോണ്ടയുമെടുത്ത് വരാന്തയിൽ ചെന്നിരുന്നു. ചായ മൊത്തിക്കൊണ്ടിരുന്നപ്പോൾ സാഹിൽ വന്നു. അഞ്ചിൽ പഠിക്കുന്ന പയ്യൻ. എനിക്ക് മറാട്ടി അറിയില്ല. അപ്പോൾ ഹിന്ദിയിലാണ് വാചകം.
ഹലോ ഭരത് അങ്കിൾ.
വാ സാഹിൽ. എങ്ങനെ പോകുന്നു?