മൃഗം 3 [Master]

Posted by

മൃഗം 3
Mrigam Part 3 Crime Thriller Novel | Author : Master

Previous Parts | Part 1 | Part 2 |

 

 

 

പെട്ടെന്ന് ഒരു വാഹനത്തിന്റെ ഇരമ്പല്‍ അവളെ ഞെട്ടിച്ചു. വളവു തിരിഞ്ഞു വരുന്ന ഏതോ ലോറിയുടെ ശക്തമായ വെളിച്ചം ആ വീടിന്റെ മേല്‍ പതിഞ്ഞു. ദിവ്യ നിന്ന നില്‍പ്പില്‍ ഒരു ശിലയായി മാറി. ആ വാഹനം വീടിന്റെ മുന്നിലൂടെ കടന്നുപോയപ്പോള്‍ അതിന്റെ വെളിച്ചത്തില്‍ ചായ്പ്പിന്റെ ഉള്‍ഭാഗം അവള്‍ വ്യക്തമായിത്തന്നെ കണ്ടു. അപ്പോഴാണ് അവള്‍ക്ക് ശ്വാസം നേരെ വീണത്. വാസു ആ മുറിയില്‍ ഉണ്ടായിരുന്നില്ല. അവന്റെ കട്ടില്‍ ശൂന്യമായിരുന്നു. അലക്ഷ്യമായി കിടന്നിരുന്ന തലയണയും വിരിയുമാണ് അവള്‍ക്ക് അവനതില്‍ ഉണ്ടെന്നുള്ള തോന്നല്‍ ഉണ്ടാക്കിയത്. ദിവ്യ ആശ്വാസത്തോടെ ദീര്‍ഘമായി ഒന്ന് നിശ്വസിച്ചു. പിന്നെ ടോര്‍ച്ച് പ്രകാശിപ്പിച്ച് വേഗം മുറി പരിശോധിക്കാന്‍ തുടങ്ങി. പക്ഷെ പെട്ടെന്ന് തന്നെ വീണ്ടും അവള്‍ ഞെട്ടി! വാസു എവിടെപ്പോയി?? ആ ചിന്ത മനസിലേക്ക് വന്നപ്പോള്‍ അവള്‍ ടോര്‍ച്ച് വേഗം അണച്ചു.

അവന്‍ മൂത്രമൊഴിക്കാനോ മറ്റോ പുറത്ത് പോയതാകുമോ? അങ്ങനെയാണെങ്കില്‍ ഏതു സമയത്തും അവന്‍ തിരികെ എത്തിയേക്കാം. ദിവ്യ വേഗം ചെന്നു ചായ്പ്പിന്റെ പുറത്തേക്കുള്ള വാതില്‍ തള്ളിനോക്കി; അത് പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. അതായത് അവന്‍ മൂത്രമൊഴിക്കാന്‍ പോയതല്ല എന്നര്‍ത്ഥം! അവളുടെ മനസ്സില്‍ സംശയങ്ങള്‍ ഉടലെടുത്തു; ഈ രാത്രി അവനെവിടെ പോയതാകാം? ഈ ചായ്പ്പില്‍ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോകാന്‍ വഴി ഉള്ളതുകൊണ്ട് അവന് എപ്പോള്‍ വേണേലും പോകുകയോ വരുകയോ ചെയ്യാനുള്ള സൌകര്യമുണ്ട്. എന്തായാലും അതെപ്പറ്റി പിന്നെ ആലോചിക്കാം എന്നവള്‍ കരുതി; തന്റെ പ്രശ്നം ഇപ്പോള്‍ അവന്റെ രാത്രി സഞ്ചാരമല്ല..ആ മെമ്മറി കാര്‍ഡ് ആണ്. അവനിവിടെ ഇല്ലാത്ത സ്ഥിതിക്ക് മനസാമാധാനത്തോടെ മുറി പരിശോധിക്കാം. അവള്‍ ടോര്‍ച്ചു പ്രകാശിപ്പിച്ച് മുറി പരിശോധിക്കാന്‍ തുടങ്ങി. വാസു വൈകുന്നേരം വന്നിട്ട് ഊരിയിട്ടിരുന്ന ഷര്‍ട്ട് ഹുക്കില്‍ കിടക്കുന്നത് അവള്‍ കണ്ടു. വേഗം തന്നെ അവള്‍ ചെന്ന് അതിന്റെ പോക്കറ്റില്‍ കൈയിട്ട് നോക്കി. കുറച്ചു നോട്ടുകളും ചില്ലറ തുട്ടുകളും ഒഴികെ വേറൊന്നും അതിനുള്ളില്‍ ഉണ്ടായിരുന്നില്ല. നിരാശയോടെ ദിവ്യ അവന്റെ മേശയും കട്ടിലും എല്ലാം പരിശോധിച്ചു. അരമണിക്കൂറില്‍ ഏറെ പ്രയത്നിച്ചിട്ടും അവള്‍ക്ക് താന്‍ തിരഞ്ഞ സാധനം കണ്ടുകിട്ടിയില്ല. നിരാശയോടെ അവള്‍ അല്‍പനേരം ആ കട്ടിലില്‍ ഇരുന്നു ചിന്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *