അനുരാഗതീരങ്ങളിൽ 1 [vish]

Posted by

ഇടവപ്പാതി തിമിർത്തു പെയ്തുകൊണ്ടിരുന്നു… ഒരിക്കൽ അവളുടെ കൂട്ടുകാരോടൊപ്പമല്ലാതെ തനിച്ചുകിട്ടുന്ന ദിവസം വിദൂരമല്ലെന്ന വിശ്വാസത്തോടെ ഞാനും…

അന്നൊരു തിങ്കളാഴ്‌ച്ചയായിരുന്നു.
ഞാൻ പതിവുതെറ്റിക്കാതെ അവളെ കാണാനായി വഴിയോരത്ത് കാത്തുനിന്നു.
ചാറ്റൽ മഴ പെയ്തുകൊണ്ടിരുന്നു.
അങ്ങുദൂരെനിന്നും കുടക്കീഴിൽ അവളുടെ കണ്ണുകൾ അവ്യക്തമായി ഞാൻ കണ്ടു.
ഭാഗ്യത്തിന് അന്നവളുടെ കൂടെ വാലുകൾ ഉണ്ടായിരുന്നില്ല.
ഇതുതന്നെയാണ് എന്റെ അനുരാഗം അവളെ അറിയിക്കാൻ പറ്റിയ ദിവസം എന്ന് ഞാൻ തീരുമാനിച്ചു.
ഒരുപക്ഷേ പ്രകൃതി എന്റെ പ്രണയം മനസ്സിലാക്കി എന്നു തോന്നുന്നു. അവൾ എന്റെ അടുത്തെത്തിയതും ചാറ്റൽ മഴ പെരുമഴയായി..
ഞാൻ ഒന്നും ചിന്തിക്കാതെ യാന്ത്രികമായിത്തന്നെ അവളുടെ കുടയിലേക്ക് ഓടിക്കയറി.
“സ്കൂൾ വരെ ഞാനും പൊന്നോട്ടെ?”
എന്റെ ചോദ്യത്തിന് “ഉം” എന്നൊരു മൂളൽ മാത്രമായിരുന്നു മറുപടി…
എന്റെ ഉള്ളിൽ സന്തോഷം അലതല്ലി.
പത്തുമിനിറ്റ് കൊണ്ട് ഞങ്ങളുടെ ആദ്യരാത്രിവരെ ഞാൻ സ്വപ്നം കണ്ടു.

സ്കൂൾ കെട്ടിടം അടുത്തടുത്തുവന്നു. രണ്ടും കൽപിച്ചു ഞാൻ എന്റെ ഹൃദയം തുറന്നു ” അമൃത… എനിക്ക് തന്നെ ഇഷ്ടമാണ്. താൻ ആലോചിച്ചു മറുപടിതന്നാ മതി”
അതു പറഞ്ഞുകൊണ്ട് ഞാൻ വരാന്തയിലേക്ക് കയറി.
“ചേട്ടൻ ഒന്നു നിന്നെ”
ഞാൻ തിരിഞ്ഞു നോക്കി.
” ചേട്ടൻ എന്റെ പുറകെ ചുറ്റിപ്പറ്റി നടക്കുന്നതൊക്കെ ഞാൻ കാണാറുണ്ടായിരുന്നു.
പക്ഷെ ചേട്ടാ സോറി. എനിക്ക് ചേട്ടനെ ഇഷ്ടമല്ല”
അവളുടെ വാക്കുകൾ എന്റെ സ്വപ്ന കൊട്ടാരത്തെ നിർദയം തകർത്തു കളഞ്ഞു.
വരാന്തയിലൂടെ അവൾ നടന്നു നീങ്ങുന്നത് ഞാൻ നോക്കിനിന്നു. ക്ലാസ്സിലിരിക്കുമ്പോഴും അവളുടെ വാക്കുകൾ എന്റെ മനസ്സിൽ അലയടിച്ചുകൊണ്ടിരുന്നു.
അവളുടെ വാക്കുകൾ എന്നെ നിരാശനാക്കിയെങ്കിലും ഞാൻ പിന്തിരിയില്ല എന്ന് തീരുമാനിച്ചു.

വീണ്ടും അവളെ വഴിയരികിൽ കാത്തുനിന്നു എന്റെ പ്രണയം ഞാൻ പ്രകടിപ്പിച്ചുകൊണ്ടേയിരുന്നു.
പ്രണയം എന്റെ തൊലിക്കട്ടി കൂട്ടി എന്നുതോന്നുന്നു. അവളുടെ കൂട്ടുകാരികൾ കൂടെയുണ്ടായിരുന്നതും ചുറ്റും മറ്റുകുട്ടികളുണ്ടായിരുന്നതും എന്നെ പിന്തിരിപ്പിച്ചില്ല ഞാൻ അവളെ പ്രണയിച്ചുകൊണ്ടേയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *