“എന്റെ പൊന്നു മോളെ ഇനി ഇതിന്റെ ഗുണഗണങ്ങളെ പറ്റി വിവരിക്കണ്ട.ഇത് തന്നെ അല്ലെ നീ കഴിഞ്ഞ മാസവും കൊണ്ടുവന്നത്.അന്ന് നിന്റെ പ്രസംഗം ഞാൻ കുറെ കേട്ടതാ.ഓവനിൽ വെച്ചാ ഒരു കുഴപ്പോം പറ്റില്ല മൈക്രോവേവ് സേഫ് ആണ് എന്നൊക്കെ പറഞ്ഞ് തന്നിട്ടുപോയ പാത്രം ദാണ്ടെ കത്തി കരിഞ്ഞ് അകത്തിരിപ്പുണ്ട്.നല്ല മൂർച്ചയുള്ള കത്തിയാ കച കച അരിയാം എന്ന് പറഞ്ഞ് മേടിച്ച സാധനം കച കച എന്ന് രണ്ടു പീസ് ആയി കിടപ്പുണ്ട്.ഇങ്ങോട്ട് കാശൊന്നും തരണ്ട നീ അത് കൊണ്ടുപോക്കോ.” സതി ചിരിച്ചുകൊണ്ട് പറഞ്ഞു.
“ജീവിച്ചുപോകണ്ടേ അമ്മെ.മനപ്പൂർവ്വമല്ല .ഞങ്ങൾക്ക് തരുന്ന സാധനങ്ങൾ എങ്ങനെയെങ്കിലും വിറ്റുതീർക്കണം.അതാ കരാർ.ഓരോ ദിവസവും ടാർഗറ്റ് ഉണ്ട്.ഇത്ര സാധനങ്ങൾ വിറ്റു തീർത്തില്ലെങ്കിൽ നല്ല ചീത്ത കേൾക്കേണ്ടി വരും..പിന്നെ ഈ സെയിൽസ് ഗേൾസിന്റെ കാര്യം അറിയാമല്ലോ.ചെകുത്താൻ കുരിശ് കാണുന്നപോലെയാ ആൾക്കാർ ഞങ്ങളെ കാണുന്നത്.കാണുമ്പോഴേ അകത്ത് കയറി വാതിലടയ്ക്കും.കണ്ടാലോ ചിലരാണെങ്കിൽ കണ്ണുപൊട്ടുന്ന ചീത്ത വിളിക്കും.കുടിക്കാൻ പച്ചവെള്ളം തരില്ല.എല്ലാരുടേം ആട്ടും തുപ്പും കേട്ട് ഈ വെയിലത്തും മഴയത്തും ഭക്ഷണം പോലും കഴിക്കാതെ വിശന്ന് പൊരിഞ്ഞ് ഇതെല്ലം പൊക്കിപിടിച്ചോണ്ട് നടക്കുന്നത് വയറ്റിപ്പിഴപ്പിനാണമ്മേ.അമ്മയുടെ അടുത്തെത്തുമ്പഴാ ഒരാശ്വാസം.എന്നോട് മുഖം കറുത്ത് കാണിച്ചിട്ടില്ല ഇതുവരെ.ചോദിക്കാതെ തന്നെ കുടിക്കാനും കഴിക്കാനും ഒക്കെ തരും. അമ്മ മാത്രമേ എന്നെപോലുള്ളവരോട് ഇത്ര സ്നേഹത്തോടെ പെരുമാറുന്നത് കണ്ടിട്ടുള്ളു.”വർഷയുടെ കണ്ണുകൾ നിറഞ്ഞു. കേട്ട് നിന്ന സതിയുടെയും ..
“നിനക്ക് വേറെ വല്ല ജോലിക്കും പൊയ്ക്കൂടേ മോളെ” സതി ചോദിച്ചു.
“ഓർഫനേജിലെ അച്ഛന്റെ കാരുണ്യം കൊണ്ട് പത്താം ക്ലാസ് വരെ പഠിച്ചു .പിന്നീട് അവിടുത്തെ മദർ ഏർപ്പാടാക്കിയ ഒരു വീട്ടിൽ ജോലിക്ക് നിന്നു .വീട് വൃത്തിയാക്കണം ഭക്ഷണം വെക്കണം പിന്നെ അവിടെ പ്രായമായ ഒരമ്മച്ചി ഉണ്ട്.അമ്മച്ചിയെ കുളിപ്പിക്കുവേം മരുന്നും ആഹാരോം ഒക്കെ സമയത്തിന് കൊടുക്കുവേം ചെയ്യണം.അതൊക്കെ ചെയ്യാം പക്ഷെ അവിടുത്തെ സാറിന്റെ പെരുമാറ്റം ശരിയല്ലായിരുന്നു .സഹിക്കാൻ വയ്യാതായപ്പോ ഞാൻ പോന്നു . ഒരു കൂട്ടുകാരി ഇവിടെ മുംബൈയിൽ ഉണ്ട് .എന്തെങ്കിലും ജോലി കിട്ടുമോ എന്നറിയാൻ ഇങ്ങോട്ട് വന്നു.അവളാ ഈ ഏജന്റിനെ പരിചയപ്പെടുത്തി തന്നത്.അവളുടെ കൂടെ ആയിരുന്നു കുറച്ച് നാൾ. പിന്നെ അവൾക്കും ബാധ്യത ആയി തുടങ്ങി എന്ന് മനസ്സിലായപ്പോൾ അവിടുന്നിറങ്ങി.ഏജന്റ് തന്നെ ഒരു വീട് ശരിയാക്കിത്തന്നു . പക്ഷെ കിട്ടുന്നതിന്റെ പകുതി കാശ് അങ്ങേരെടുക്കും.ബാക്കി ഉള്ളത്കൊണ്ട് വേണം ജീവിക്കാൻ. .” വർഷയുടെ കണ്ണുകൾ നിറഞ്ഞുവന്നു. സതി സഹതാപത്തോടെ അവളെ നോക്കി.