“എനിക്ക് ഇവിടെ എന്തെങ്കിലും ജോലി തരാമോ അമ്മെ?”വർഷ പ്രതീക്ഷയോടെ സതിയെ നോക്കി.
അവളെ തന്റെ കൂടെ നിർത്താൻ ആഗ്രഹമുണ്ടെങ്കിലും അങ്ങനെ ഒരു ചോദ്യം സതി പ്രതീക്ഷിച്ചില്ലായിരുന്നു.
“ഞാൻ ഈ വീട്ടിലെ വെറും ജോലിക്കാരി അല്ലെ മോളെ.ഞാൻ എങ്ങനെയാ നിന്നെ ഇവിടെ ജോലിക്കെടുക്കുന്നെ ?” സതി വിഷമത്തോടെ പറഞ്ഞു.
“ഞാൻ ഒരു പ്രശ്നക്കാരി ആണെന്ന് അമ്മയ്ക്ക് എപ്പഴെങ്കിലും തോന്നിയിട്ടുണ്ടോ?രണ്ടു മൂന്നു മാസ്സമായില്ലെ ഞാൻ ഇവിടെ സാധനങ്ങൾ വിൽക്കാൻ വരുന്നു..ഞാൻ എല്ലാ ജോലീം ചെയ്തോളാം അമ്മെ.അടുക്കളയിൽ ഒരു മൂലയ്ക്ക് ഒതുങ്ങിക്കോളാം.ഇവിടുത്തെ കൊച്ചമ്മയോട് അമ്മ ഒന്ന് പറയുവോ?” വർഷ കെഞ്ചി.
“മോൾ കേട്ടിട്ടുണ്ടോ എന്നറിയില്ല.ആർട്ടിൻ സൊല്യൂഷൻസ് കമ്പനി ഉടമ വികാസ് മേനോൻന്റെ വീടാ മോളെ ഇത്.കുറച്ചുനാളുകൾക്ക് മുൻപ് അദ്ദേഹവും ഭാര്യയും മരിച്ചുപോയി..
അദ്ദേഹത്തിന്റെ മോനാ ഇപ്പൊ ഇവിടെ താമസം.എനിക്ക് മോനോട് ചോദിക്കാതെ ഒന്നും പറയാൻ പറ്റില്ല..മാത്രമല്ല തൽക്കാലം ഇവിടെ ഒരാൾക്ക് ചെയ്യാനുള്ള പണികളെ ഉള്ളു.”സതി പറഞ്ഞു.
“ആ ഒരാളുടെ പണികളൊക്കെ ഞാൻ ചെയ്തോളാം അമ്മെ .ഈ വീട് കണ്ടാൽ തന്നെ അറിയാം ഇതിന്റെ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്ക് പോകണമെങ്കി ഓട്ടോറിക്ഷ വേണമെന്ന്.എന്ത് വലിയ വീടാ ഇത്! ഈ വീടൊക്കെ തൂത്ത് തുടച്ച് വൃത്തിയാക്കാൻ അമ്മയ്ക്ക് ഒറ്റയ്ക്ക് പറ്റുവോ?ഞാനും കൂടി വന്നോട്ടെ അമ്മെ..സാറിനോട് ഒന്ന് ചോദിക്കുവോ? ഇങ്ങനെ അലഞ്ഞ് നടക്കാൻ വയ്യാത്തതുകൊണ്ട് ചോദിക്കുവാ അമ്മെ..” വർഷ വീണ്ടും കെഞ്ചി..
എന്ത് പറയണം എന്നറിയാതെ സതി നിന്നു .പ്രതീക്ഷയോടെ നിൽക്കുന്ന വർഷയുടെ ദയനീയമായ മുഖവും അവളുടെ അമ്മെ എന്നുള്ള വിളിയും കേട്ടപ്പോൾ അവർക്ക് അവളോട് മറുത്ത് പറയാൻ തോന്നിയില്ല .
“മോൻ വരട്ടെ ഞാൻ ചോദിക്കാം.” ഒടുവിൽ സതി പറഞ്ഞു.
വർഷ സന്തോഷത്തോടെ സതിയെ കെട്ടിപിടിച്ച് ഉമ്മ കൊടുത്തു.ഏതോ ഓർമ്മയിൽ സതിയുടെ കണ്ണുകൾ നിറഞ്ഞു.
“സോറി അമ്മെ എന്റെ മേല് മുഴുവൻ വിയർപ്പാ..ഞാൻ അറിയാതെ ചെയ്തുപോയതാ.” വർഷ പേടിയോടെ പറഞ്ഞു.