“ഞാൻ പരദൂഷണം പറഞ്ഞ് നടക്കാറില്ല അമ്മെ.അമ്മയ്ക്ക് എന്നെ വിശ്വസിക്കാം .” വർഷ അവർക്ക് ഉറപ്പ് നൽകി.
“ഞാൻ എന്റെ തുണിയൊക്കെ എടുത്തിട്ട് വരാം അമ്മെ.ഈ സാധനങ്ങൾ ഒക്കെ തിരിച്ച് ഏൽപ്പിക്കുകയും വേണം.” വർഷ അവരോട് യാത്ര പറഞ്ഞ് അടുക്കളയുടെ പിൻവശത്തുകൂടി ഇറങ്ങി ഗേറ്റിനരികിലേക്ക് നടന്നു..
മുറ്റത്ത് എത്തിയതും അവൾ തിരിഞ്ഞു നോക്കി.അവിടെ വീടിന്റെ ബാൽക്കണിയിൽ അവളെ തന്നെ നോക്കി ആദിത് നിൽപ്പുണ്ടായിരുന്നു.അവൾ അവനെ ദേഷ്യത്തോടെ ഒന്ന് നോക്കിയതിനു ശേഷം തന്റെ ഷോൾഡർ ബാഗ് ഒന്നുകൂടി വലിച്ചിട്ട് വെളിയിലേക്ക് നടന്നു. വർഷയുടെ മുഖം കാണും തോറും മറ്റാരുടെയോ ഓർമ്മകൾ തികട്ടി വന്ന് അവന്റെ മനസ്സിനെ ചുട്ടുപൊള്ളിച്ചുകൊണ്ടിരുന്നു!
അന്ന് വൈകിട്ട് വർഷ വൈറ്റ് പേളിലേക്ക് താമസം മാറി.താഴത്തെ നിലയിൽ അടുക്കളയുടെ സൈഡിലുള്ള സതിയുടെ മുറിയിൽ ഒരു ചെറിയ ബെഡ് ഇട്ട് അവർ അവൾക്കായി മുറി ഒരുക്കിയിരുന്നു.തന്റെ സാധനങ്ങൾ എല്ലാം അവിടെ ഒതുക്കി വെച്ച ശേഷം കുളിച്ച് വേഷം മാറി അവൾ അടുക്കളയിൽ കയറി ജോലികൾ തുടങ്ങി.എട്ടു പത്ത് മുറികളുള്ള ഭീകര വീടായിരുന്നു അത്.മുകൾ നിലയിൽ ആദ്യത്തെ മുറി ആദിത്തിന്റെതായിരുന്നു.മുകൾ നിലയിൽ തന്നെയുള്ള മുറികളിൽ മൂന്നെണ്ണം പൂട്ടികിടക്കുന്നത് കണ്ടു.വർഷ അന്വേഷിച്ചപ്പോൾ ഒന്ന് വികാസ് മേനോന്റെ സുഹൃത്ത് ജയശങ്കറിന്റെയും ഭാര്യ മായയുടെയും മുറിയും രണ്ടാമത്തേത് അവരുടെ മകൻ ജയദേവന്റെ മുറിയുമാണെന്ന് അറിയാൻ കഴിഞ്ഞു.വെക്കേഷന് വരുമ്പോൾ അവർ താമസിക്കുന്ന മുറികളാണത്..താക്കോൽക്കൂട്ടം സതിയുടെ കൈയിൽ ഉണ്ടെങ്കിലും അവർ വരുമ്പോൾ മാത്രമേ അത് തുറക്കാറുള്ളു എന്നറിയാൻ കഴിഞ്ഞു.അവിടെ നിന്നും കുറച്ച് മാറി അങ്ങേയറ്റത് ഉള്ള മുറിയും അടഞ്ഞ് തന്നെ കിടക്കുന്നു. ഈ മൂന്ന് മുറികളൊഴിച്ച് ബാക്കി എല്ലാം ഇടയ്ക്ക് തൂത്ത് തുടച്ച് വൃത്തിയാക്കണമെന്ന് സതി വർഷയോട് പറഞ്ഞു.രാത്രി ആദിത്തിന് കഴിക്കാനുള്ള ചപ്പാത്തിയും കറികളും അവൾ ഉണ്ടാക്കി.സതി കുറച്ച് കഞ്ഞിയും ചമ്മന്തിയും തയ്യാറാക്കി.അതുമായി അവർ സ്റ്റെയർകേസ് കയറി മുകൾ നിലയിലേക്ക് പോയി.ആദിത്തിനായിരിക്കും ആ ഭക്ഷണം എന്നവൾ ഊഹിച്ചു.പിന്നെന്തിനാണ് ആദിത്തിന് വേണ്ടി തന്നോട് ചപ്പാത്തിയും കറികളും ഉണ്ടാക്കാൻ സതി പറഞ്ഞതെന്ന് അവൾക്ക് മനസ്സിലായില്ല.കുറച്ച് കഴിഞ്ഞ് കാലിയായ പ്ലേറ്ററും കൊണ്ട് സതി ഇറങ്ങി വന്നു.അവരുടെ കണ്ണുകൾ ചുവന്ന് കലങ്ങിയിരിക്കുന്നു എന്ന് വർഷ ശ്രദ്ധിച്ചു.ആദിത് മുകളിൽ അവന്റെ മുറിയിൽ തന്നെ ഉണ്ടായിരുന്നു.ആ ഭൂതം സതിയോട് എന്തെങ്കിലും പറഞ്ഞ് ദേഷ്യപ്പെട്ടുകാണുമെന്ന് വർഷ മനസ്സിൽ ഓർത്തു.കുറച്ച് കഴിഞ്ഞ് ആദിത് താഴേക്ക് ഇറങ്ങി വന്ന് ഡൈനിങ്ങ് ടേബിളിന്റെ അരികിലെ കസേരയിൽ ഇരുന്നു.