“സതിയാന്റി..” ആദിത് വിളിച്ചു.
“ഹോ മുകളിൽ ഇരിക്കുന്നിടത്തോട്ട് ഭക്ഷണം കൊണ്ടുപോയി കൊടുത്തിട്ടും ആയമ്മയെ കരയിപ്പിച്ചതും പോരാ ഇപ്പൊ തേനും പാലും ഒഴുക്കി സതിയാന്റി എന്ന് വിളിക്കുന്നു.” വർഷ അവൻ കേൾക്കാതെ ദേഷ്യത്തിൽ പിറുപിറുത്തു.
“കഴിക്കാൻ ഇപ്പൊ എടുക്കാം മോനെ.” സതി വർഷ തയ്യാറാക്കി വെച്ചിരുന്ന ചപ്പാത്തിയും കറികളും എടുത്തുകൊണ്ട് വന്നു.
“ഇയാളുടെ വയറ്റിൽ എന്താ കൊക്കോ പുഴു ഉണ്ടോ ? കുറച്ച് മുൻപല്ലേ സതിയമ്മ കൊണ്ടുകൊടുത്ത കഞ്ഞിയും ചമ്മന്തിയും വെട്ടി വിഴുങ്ങിയത്? ഇപ്പൊ പിന്നേം വിശക്കുന്നോ ?” വർഷ മനസ്സിൽ വിചാരിച്ചു.
ആദിത് കഴിക്കുന്ന സ്ഥലത്തേക്ക് വർഷ വന്നില്ല.ആദിത്തിന് ഭക്ഷണം വിളമ്പിക്കൊടുത്ത് സതിയും അവന്റെ അടുത്ത് തന്നെ ഇരുന്നു.വർഷ അടുക്കളയിൽ തന്നെ നിന്നു . ഇനി തന്നെ കണ്ടിട്ട് അദ്ദേഹത്തിന് ഭക്ഷണം ഇറങ്ങാതിരിക്കണ്ട.
“വർഷേ.” സതി വിളിച്ചു.
“എന്തോ അമ്മെ” വിളികേട്ടുകൊണ്ട് വർഷ പെട്ടെന്ന് അവിടേക്ക് ചെന്നു .
“മോളും വാ.ഒരുമിച്ചിരുന്ന് കഴിക്കാം.” സതി വർഷയോട് പറഞ്ഞു.
അവൾക്ക് വേണ്ടി അവരുടെ അടുത്തായി കസേര നീക്കി ഇട്ടു. ആദിത് അവളെ നോക്കാതെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു.
“വേണ്ട അമ്മെ.ഞാൻ അടുക്കളയിൽ ഇരുന്ന് കഴിച്ചുകൊള്ളാം.” വർഷ മടിയോടെ പറഞ്ഞു.
“അങ്ങനെ ഒന്നും വിചാരിക്കണ്ട കുട്ടി.കഴിക്കുമ്പോ എല്ലാരും ഒരുമിച്ചിരുന്നു കഴിക്കുന്നതാ ഇവിടുത്തെ പതിവ്..മോളിവിടെ വന്നിരിക്ക്.” സതി അവളെ പിന്നെയും വിളിച്ചു.
“വേണ്ട അമ്മെ.അഹങ്കാരം ആണെന്ന് വിചാരിക്കല്ലേ.എനിക്കിതൊന്നും ശീലമില്ലാത്തത് കൊണ്ടാ.ഉച്ചയ്ക്ക് അമ്മ നിർബന്ധിച്ചതുകൊണ്ടാ ഞാൻ ഇവിടെ മേശയിൽ ഇരുന്നത്..അത് തെറ്റായിപ്പോയി..ഞാൻ അടുക്കളയിൽ തന്നെ ഇരുന്ന് കഴിച്ചോളാം.”വർഷ പറഞ്ഞിട്ട് ആദിത്തിനെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് പോവാൻ തുടങ്ങി.
“ഇന്ന് എന്താ കറിക്കൊരു വൃത്തികെട്ട ടേസ്റ്റ്? സതിയാന്റി ഉണ്ടാക്കുന്നതിന്റെ ഏഴയലത്ത് വരില്ല.. ” വർഷയെ നോക്കാതെ ആദിത് പറഞ്ഞു..