രാഹുൽ എന്ന മനുഷ്യമൃഗത്തിന് സുധി കൊടുത്ത ശിക്ഷ കൈകളില്ലാതെ, ജനനേന്ദ്രിയമില്ലാതെ മരിച്ചു ജീവിക്കുക എന്നതായിരുന്നു… ചോര പുരണ്ട കൈകളോടെ സുധി അച്ചുവിന്റെ അരികിലേക്കു പോയി..
“അച്ചൂ…”
“സുധീ..എന്താ ഇത്…?” സുധിയുടെ കൈകളിലേക്ക് നോക്കി അച്ചു ചോദിച്ചു..
“എന്റെ അച്ചുവിനെ വേദനിപ്പിച്ചവനെ ഞാൻ കൊല്ലാതെ കൊന്നു…”
“മോനെ സുധീ നീ…”
“അമ്മയുടെ മോൻ തെറ്റ് ചെയ്തിട്ടില്ല..രാഹുൽ എന്ന മനുഷ്യമൃഗത്തെ വെറുതെ വിട്ടാൽ അച്ചുവിനോടുള്ള എന്റെ സ്നേഹത്തിന് എന്തർത്ഥം? ഇനി ഒരു പെൺകുട്ടിയെയും അവൻ വേദനിപ്പിക്കില്ല… അവനിലെ ക്രൂരമായ പുരുഷനെ ഞാൻ കൊന്നു…സ്വന്തം കൂടപ്പിറപ്പിനെ കുത്തി മുറിവേൽപ്പിച്ച അവന്റെ കൈകൾ ഞാൻ അറുത്തു മാറ്റി…”
അച്ചു മുഖം പൊത്തി പൊട്ടിക്കരഞ്ഞു…അവളുടെ കൈകൾ സുധി വകഞ്ഞു മാറ്റി…
“എന്റെ അച്ചുവിന് ഒന്നും പറ്റിയിട്ടില്ല…എല്ലാ പരിശുദ്ധിയോടും കൂടി ഇന്നും സുധിയുടെ മനസ്സിൽ നീയുണ്ട്…എന്റെ അച്ചുവിന് വേണ്ടി കുറച്ചു നാൾ ജയിലിൽ കിടക്കേണ്ടി വരുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളൂ..ഇനി ആർക്കും നിന്നെ ഞാൻ വിട്ടുകൊടുക്കില്ല അച്ചൂ… കാത്തിരിക്കോ നീ എനിക്ക് വേണ്ടി…കുഞ്ഞു നാൾ തൊട്ട് നമ്മൾ ഒരുമിച്ചു കണ്ടു കൂട്ടിയ സ്വപ്‌നങ്ങൾ സാക്ഷാൽകരിക്കാൻ…?”
“സുധീ….” സുധിയുടെ നെഞ്ചിൽ വീണ് അച്ചു പൊട്ടിക്കരഞ്ഞു…
“മോനെ സുധീ ഇത് അവളുടെ കഴുത്തിൽ കെട്ട്…” രാഘവൻ നായർ കൊണ്ടു വന്ന താലിയിലേക്ക് സുധിയും അച്ചുവും ലക്ഷ്മിയും ആകാംക്ഷയോടെ നോക്കി…
“ലക്ഷ്മി…ഒരിക്കൽ നിന്നെയും സുധിയേയും ഒരുപാട് വേദനിപ്പിച്ചവനാ ഞാൻ… ഈ ഏട്ടനോട് പൊറുക്കാൻ കഴിയുമെങ്കിൽ എന്റെ മോളേ മരുമോൾ ആയി സ്വീകരിക്കാൻ നിനക്ക് കഴിയുമെങ്കിൽ ജാതകവും മുഹൂർത്തവും ഒന്നും നോക്കണ്ട…നമ്മെ സാക്ഷി ആക്കി സുധി ഈ താലി അച്ചുവിനെ അണിയിച്ചോട്ടെ.. സുധിയുടെ ഭാര്യ ആയി ജീവിക്കുന്നതിലും വലിയ ഒരു സംരക്ഷണം എന്റെ അച്ചുവിന് കിട്ടാനില്ല… ആരും അവളെ മറ്റൊരു കണ്ണോടെ നോക്കില്ല…എനിക്കുറപ്പുണ്ട്..”
“ഏട്ടാ ഞാനും ബാലേട്ടനും അച്ചുവിനെ മാത്രമേ മരുമോളായി കണ്ടിട്ടുള്ളൂ…അദ്ദേഹം ഇന്നില്ല…എങ്കിലും എനിക്കുറപ്പുണ്ട്.. ബാലേട്ടനും അതു പോലെ ദേവി ഏടത്തിയും മറ്റൊരു ലോകത്തിരുന്ന് എല്ലാം കാണുന്നുണ്ടാവും…അവരും ഇത് ആഗ്രഹിക്കുന്നുണ്ടാവും…മോനെ സുധി ആ താലി അച്ചുവിനെ അണിയിക്കൂ…അമ്മയുടെയും വല്ലിമ്മാമയുടെയും അനുഗ്രഹം എന്നും നിങ്ങൾക്കൊപ്പം ഉണ്ടാവും…” നാദസ്വരത്തിന്റെ മേളമില്ലാതെ ചമയങ്ങളില്ലാതെ സുധി അച്ചുവിന് താലി ചാർത്തി…അവളുടെ നെറുകയിൽ സ്നേഹത്തിന്റെ സംരക്ഷണത്തിന്റെ സിന്ദൂരമണിയിച്ചു…