മൈക്രോവേവ് അവന്‍ [Master]

Posted by

അപ്പൊ ചേട്ടന്‍ വന്നു. കാറുണ്ട് എങ്കിലും ദരിദ്രവാസി സൈക്കിളിലെ വരൂ. കാറ് നാട്ടുകാരെ കാണിക്കാന്‍ വേണ്ടി ചുമ്മാ അങ്ങനെ മൂടിപ്പുതപ്പിച്ച് പോര്‍ച്ചില്‍ ഇട്ടിരിക്കുകയാണ്. വാവിനോ സംക്രാന്തിക്കോ ആണ് റോഡ്‌ കാണാന്‍ ആ പാവത്തിന് യോഗമുള്ളത്. പെട്രോള്‍ പമ്പ് കണ്ടാല്‍ ചായക്കട ആന്നോ എന്ന് ചോദിക്കുന്ന ഞങ്ങളുടെ നാട്ടിലെ ഏക കാര്‍ എന്റെ ചേട്ടന്റെ കാറാണ്. അപ്പൊ ഞാനങ്ങനെ കാത്തുകാത്തിരുന്ന് ക്ലോക്കിലെ സൂചികള്‍ പത്തുമണിയായിരിക്കുണൂ എന്ന് കാണിച്ച അതെ സമയത്താണ് ചേട്ടന്റെ ആഗമനം. സൈക്കിള്‍ മുറ്റത്ത് വച്ചിട്ട് അതിയാന്‍ ഉള്ളിലേക്ക് വന്നപ്പോള്‍ ഞാനെന്റെ ആസനം സോഫയില്‍ നിന്നും ഉദ്ധരിച്ചു. കള്ളുകുടിക്കാറായ സമയത്താ അങ്ങേരുടെ എഴുന്നെള്ളത്ത് എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ട്‌ പുറമേ ഞാന്‍ ഇങ്ങനെ പറഞ്ഞു:

“അയ്യോ ജോസച്ചായാനോ..എടി റോസിയെ, ചായ കൊണ്ടുവാടീ, ദേണ്ട്രീ ജോസച്ചായന്‍; ഇരുന്നാട്ട് ജോസച്ചായാ”

“ഓ ചായ ഒന്നും വേണ്ടാടാ; കുടിച്ചതാ; ങാ പിന്നെ ഇടുവാണേല്‍ മധുരം കുറയ്ക്കണ്ട എന്ന് പറഞ്ഞേക്ക്; പാല് കൂടിയാലും കൊഴപ്പോവില്ല” ചേട്ടച്ചാര്‍ പൃഷ്ഠം ഒരു സോഫയിലേക്ക് പ്രതിഷ്ഠിച്ചുകൊണ്ട് ഉരചെയ്തു. ഞാനും എന്റെ മൂലത്തിന് വിശ്രമം അനുവദിച്ച് അവനെ സോഫയിലേക്ക് വച്ചു.

“യ്യോ ജോസച്ചായനോ? ചേച്ചി എന്തിയേ ഇച്ചായാ” അടുക്കളയില്‍ നിന്നും പുറത്തേക്ക് രംഗപ്രവേശം ചെയ്ത എന്റെ സഹധര്‍മ്മിണി റോസിയായിരുന്നു അത്ഭുതം കൂറിയ ആ വ്യക്തി.

“അവളവിടെ ഒണ്ടടീ”

അവിടല്ലാതെ ആ പിച്ചക്കാരി വേറെ എവിടെപ്പോകാനാ എന്ന് ഞാന്‍ ചുമ്മാ മനസ്സില്‍ പറഞ്ഞു. അങ്ങനെയൊക്കെ പറയുന്നത് എനിക്കൊരു സുഖമാന്നേ.

“ഞാന്‍ ചായ എടുക്കാം” എന്നും പറഞ്ഞു ചിരിച്ചുകൊണ്ട് റോസി ഉള്ളിലേക്ക് പോയപ്പോള്‍, അതിയാന്റെ ആഗമനോദ്ദേശം അറിയാന്‍ വേണ്ടി ആ വക്രതയുള്ള മുഖത്തേക്ക് ഞാന്‍ നോക്കി.

“എടാ ഷാജി, ആ കടക്കാരെന്നെ ചതിച്ചടാ” കടുത്ത ദുഖഭാവത്തോടെ ചേട്ടച്ചാര് രോദനം ചെയ്തു. ഏതു കടക്കാരന്‍ എങ്ങനെ, എന്തിന് ചതിച്ചു എന്ന് മനസ്സിലായില്ലെങ്കിലും ഞാന്‍ ഒട്ടകത്തെപ്പോലെ തല ഇളക്കി എന്തോ മനസിലായ ഭാവത്തോടെ ചുമ്മാ ഒന്ന് ചവച്ചു. അപ്പോള്‍ ചേട്ടച്ചാര് സംഗതിയുടെ വിശദാംശങ്ങളിലേക്ക് പ്രവേശിച്ചു.

“എടാ ആ ഓവന്‍ വാങ്ങിച്ച കാര്യം ഞാന്‍ പറഞ്ഞില്ലാരുന്നോ? വാങ്ങിച്ചിട്ട് ഒരു മാസം ആകുന്നേനും മുന്നേ അത് കേടായി. സത്യത്തീ അവക്കൊരു അബത്തം പറ്റിയതാ. പക്ഷേങ്കി നമക്കത് കടക്കരോട് പറയാന്‍ ഒക്കത്തില്ലല്ലോ. ഒരു വര്‍ഷത്തെ വാറന്റി ഒള്ള സാധനവാ. അത് ശരിയാക്കി തരണം എന്ന് ഞാന്‍ ഫോണ്‍ ചെയ്തു പറഞ്ഞപ്പം അവമ്മാര് സാധനം കൊണ്ടുചെല്ലാന്‍ പറഞ്ഞു; ഞാന്‍ കൊണ്ടുചെന്നു. അപ്പം അവര് പറേവാ ഇത് മാനുഫാക്ച്ചറിംഗ് ഡിഫക്റ്റല്ല, അതുകൊണ്ട് നന്നാക്കണേല്‍ കാശ് കൊടുക്കണമെന്ന്” ചേട്ടന്‍ ആ വലിയ ചതിയുടെ വൃത്താന്തം പൂര്‍ണ്ണമായി വിശദമാക്കി. അതിനിപ്പോ ഞാനെന്ത് വേണമെടാ ഊവ്വേ എന്നോടുതന്നെ പറഞ്ഞിട്ട് പുറമേ ഞാനിങ്ങനെ ചോദിച്ചു:

“എത്ര രൂവാ ആകുമെന്നാ അവര് പറഞ്ഞെ?”

“ആയിരം രൂവ; കേട്ടപ്പോ ഞെട്ടിപ്പോയടാ ഞാന്‍. അവമ്മാര് നമ്മളെ കളിപ്പിക്കുവാ. വാറന്റി ഒള്ളപ്പോ അവര്‍ക്കത് ഫ്രീയായി ചെയ്യാന്‍ ഒക്കും. പക്ഷെ ഞാനെത്ര പറഞ്ഞിട്ടും അവമ്മാര് കേക്കുന്നില്ല. അതുകൊണ്ട് നീ എന്റെകൂടെ അവിടം വരെ ഒന്ന് വരണം. നിനക്കാകുമ്പം കടക്കാരോടൊക്കെ സംസാരിച്ചു ശീലം ഒണ്ടല്ലോ. വേണ്ടി വന്നാ രണ്ടു തെറി പറഞ്ഞിട്ടായാലും വേണ്ടില്ല, കാശ് മൊടക്കാതെ കാര്യം സാധിക്കണം”

“ചായ” റോസി ചായ ചേട്ടന്റെ നേരെ നീട്ടി.

“അവന് ചായ ഇല്ലേ?” ഗ്ലാസ് വാങ്ങിയിട്ട് ചേട്ടന്‍ ചോദിച്ചു.

“ഞാന്‍ കുടിച്ചതാ”

“അതോ കാശ് ലാഭിക്കാന്‍ വേണ്ടാന്ന് വക്കുന്നതോ..ഹിഹിഹി…” വലിയൊരു കോമഡി പറഞ്ഞത് പോലെ അതിയാന്‍ ഇളിച്ചപ്പോള്‍ ഒരു കൂട്ടിന് റോസിയും എന്തിനെന്നറിയാതെ ഇളിച്ചു. വായിലേക്ക് തള്ളിക്കയറി വന്ന തെറി ചേട്ടന്‍ ആയതുകൊണ്ട് മാത്രം ഞാന്‍ വിഴുങ്ങുകയും ചെയ്തു.

“ഞാന്‍ വന്നാലും അവര് പിന്നേം അതുതന്നെ പറഞ്ഞാ എന്തോ ചെയ്യും?” അങ്ങേരുടെ കൂടെയുള്ള യാത്ര ഒഴിവാക്കാന്‍ വല്ല മാര്‍ഗ്ഗവും ഉണ്ടോ എന്ന് പരിശോധിച്ചുകൊണ്ട്‌  ഞാന്‍ ചോദിച്ചു.

“നീ വന്നു പറഞ്ഞാ നടക്കും. എന്തായാലും നമുക്കൊന്ന് പോയി നോക്കാം. നീ വേഷം മാറിയിട്ട് വെക്കം വന്നെ”

“അതിനു ഓവന്‍ എവിടെ? അതു കൊണ്ടുപോണ്ടേ?” ഞാന്‍ സംശയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *