മൈക്രോവേവ് അവന്‍ [Master]

Posted by

“വീട്ടിലൊണ്ട്. നമുക്ക് നിന്റെ വണ്ടിയെ അങ്ങ് പാം. സൈക്കിള്‍ ഇവിടിരുന്നോട്ടെ. നിന്റെ വാനീ വീട്ടിലോട്ട് ചെന്ന് അതുമെടുത്ത് നേരെ കടേലോട്ട് പാം. ഇന്നാടി കൊച്ചെ ഗ്ലാസ്. പാല് കൊറവാരുന്നു; കടുപ്പമൊ ഒട്ടുവില്ല, പഞ്ചാരക്ക് വെല കൂടിയോണ്ടാരിക്കും മധുരോം കൊറവാരുന്നു” ചായ നല്‍കിയതിന്റെ നന്ദിസൂചകമായി അദ്ദേഹം അവളെ നോക്കി വിശകലന റിപ്പോര്‍ട്ട് നല്‍കി. റോസി അബദ്ധം പറ്റിയവളെപ്പോലെ ഗ്ലാസ് വാങ്ങിയിട്ട് ഒന്നും മിണ്ടാതെ മോന്തായം വീര്‍പ്പിച്ച് ഉള്ളിലേക്ക് പോയി. അങ്ങേരോടുള്ളത് ഇനി ഞാനാണ് വാങ്ങിക്കൂട്ടാന്‍ പോകുന്നതെന്നു ഞെട്ടലോടെ ഞാന്‍ മനസ്സിലാക്കി. അവളുടെയാ പോക്ക് അത്യന്തം ഭീകരമായ പോക്കാണ്.

എനിക്കെന്റെ ആസനം മുതല്‍ മേപ്പോട്ടു ചൊറിഞ്ഞു കേറുന്നുണ്ടായിരുന്നു. ദരിദ്രവാസി എന്റെ വണ്ടിയില്‍ ചുളുവിനു കൊണ്ടുപോയി ഫ്രീയായി സാധനം നന്നാക്കി മേടിച്ചോണ്ട് വരാനുള്ള പരിപാടിയുമായി വന്നേക്കുകയാണ്; എന്നിട്ട് ചായയ്ക്ക് ഒരു കുറ്റം പറച്ചിലും. മനുഷ്യന്‍ രണ്ടു പെഗ് അടിച്ച് സുഖമായി ഇരിക്കാന്‍ വിചാരിച്ച സമയത്താണ് ഈ മാരണത്തിന്റെ വരവ്. എന്ത് ചെയ്യാന്‍! പണ്ടാരമടങ്ങാന്‍ ചേട്ടനായിപ്പോയില്ലേ. പെട്രോള്‍ ചിലവാകും, ടയര്‍ തെഞ്ഞുപോകും എന്നൊക്കെയുള്ള കാരണങ്ങളാല്‍ സ്വന്തം വണ്ടി ഈ തെണ്ടി എടുക്കില്ല.

“ഞാന്‍ മുണ്ടുടുത്തിട്ടു വരാം”

മറ്റു ഗത്യന്തരം ഒന്നുമില്ലാഞ്ഞതിനാല്‍ അത്രയും പറഞ്ഞിട്ട് ഞാന്‍ മുറിയിലേക്ക് പോയി. അവിടെച്ചെന്ന് വേഷം മാറി കുറച്ചു രൂപയും പോക്കറ്റില്‍ തിരുകിയ ശേഷം ഒരു പെഗ് അടിച്ചാലോ എന്ന് ഞാന്‍ ആലോചിച്ചു. ഒരെണ്ണം അടിച്ചാല്‍ എന്താകാന്‍? അതുകൊണ്ട് ഒരു പഴയ പെപ്സിയുടെ കുപ്പിയില്‍ മൂന്ന് പെഗ് മദ്യം ഒഴിച്ച് ഞാന്‍ ഇടുപ്പില്‍ തിരുകി. എന്നിട്ട് വണ്ടിയുടെ താക്കോലും എടുത്ത് പുറത്തേക്ക് വന്നു.

“എന്നാ പാം” അതിയാന്‍ തിടുക്കത്തോടെ നില്‍ക്കുകയാണ്.

“പാം; റോസിയെ, കതക് അടച്ചേക്ക്” ഞാന്‍ വിളിച്ചുപറഞ്ഞു. തിരികെ എത്തുമ്പോള്‍ ചേട്ടന്‍ ചായയുടെ കുറ്റം പറഞ്ഞതിനുള്ള അവളുടെ തെറിവിളി മൊത്തം കേള്‍ക്കേണ്ടി വരുമല്ലോ ദൈവമേ എന്ന് മനസ്സില്‍ പറഞ്ഞുകൊണ്ട് ഞാന്‍ മുറ്റത്തേക്ക് ഇറങ്ങി.

ടൌണിലെ കടയില്‍ ഞങ്ങള്‍ എത്തുമ്പോള്‍ സാമാന്യം തിരക്കുണ്ട്‌. സെയില്‍സില്‍ ഉള്ളവരോട് ഞാന്‍ കാര്യം സംസാരിച്ചു. സംഗതി ചേട്ടച്ചാര്‍ക്ക് അബദ്ധം പറ്റിയതാണ് എന്നും, റിപ്പയര്‍ ചെയ്യാന്‍ കാശാകും എന്നവര്‍ കാര്യകാരണസഹിതം എന്നെപ്പറഞ്ഞു ബോധ്യപ്പെടുത്തി. പിന്നെ, ഇനിയും പരാതി ഉണ്ടെങ്കില്‍ ഒരു അവസാന ഓപ്ഷന്‍ എന്നാ നിലയക്ക് മാനേജര്‍ വരുമ്പോള്‍ പറയാം എന്നുമവര്‍ പറഞ്ഞു. സംഗതി ഞാന്‍ ചേട്ടനെ അറിയിച്ചു. എങ്കില്‍ മാനേജരെ കാണാം എന്നായി അദ്ദേഹം. പക്ഷെ മാനേജര്‍ വരാന്‍ വൈകുമെന്നും, കാത്തിരിക്കാമെങ്കില്‍ ഇരിക്കാനും അവര്‍ പറഞ്ഞു. ചേട്ടന്‍ റെഡി; എങ്ങനെയും സംഗതി ഫ്രീയായി ശരിയാക്കി കിട്ടണം; അത്രയേ വേണ്ടൂ മൂപ്പര്‍ക്ക്.

“അയാള് വന്നിട്ട് സംസാരിച്ചിട്ട് പോകാമെടാ; ഇന്ന് നിനക്കെങ്ങും പോണ്ടാല്ലോ” എന്നോട് അദ്ദേഹം ചോദിച്ചു. ഞാനെന്ത് പറയാന്‍. കുടുങ്ങിപ്പോയില്ല; ഞാന്‍ സ്വയമറിയാതെ മൂളി.

അതോടെ ആശാന്‍ അതിഥികള്‍ക്ക് ഇരിക്കാനുള്ള ചെറിയ ഹാളില്‍ ചെന്നിരുന്നു പത്രമെടുത്ത് വായനയാരംഭിച്ചു. കാശ് മുടക്കി വീട്ടില്‍ അങ്ങേരു പത്രം വരുത്തത്തില്ല. ഫ്രീയായി കിട്ടിയാല്‍ പരസ്യം വരെ വായിച്ചു തീര്‍ക്കുകയും ചെയ്യും. ഇനി മാനേജര് വരാതെ ഇവിടുന്ന് പോക്ക് നടക്കില്ല എന്ന് അരിശത്തോടെ ഞാന്‍ മനസിലാക്കി. നാശം പിടിക്കാന്‍ രാവിലെ ഓരോരോ മാരണങ്ങള്‍ വന്നു കേറിക്കോളും. ആകെ ബോറടിച്ച ഞാന്‍ ആള്‍ക്കാരെ നോക്കി ചുമ്മാ അവിടെ നിന്നു. ഉപഭോക്താക്കളുടെ കൂട്ടത്തില്‍ നാലഞ്ചു പെണ്ണുങ്ങള്‍ ഉണ്ടെങ്കിലും ഗുണമുള്ള ഒരെണ്ണം പോലും അക്കൂട്ടത്തിലില്ല. അതുകൊണ്ട് ഞാന്‍ മെല്ലെ പുറത്തേക്കിറങ്ങി. ആകെയുള്ള ആശ്വാസം ഇടുപ്പില്‍ ഇരിക്കുന്ന റം ആണ്. അവനെ ഉള്ളിലേക്ക് പറഞ്ഞു വിട്ടാല്‍ ആശ്വാസം കിട്ടും. പക്ഷെ മണമടിക്കാന്‍ പാടില്ല. പോലീസ് നായുടെ മൂക്കാണ് ചേട്ടച്ചാര്‍ക്ക്. ഞാന്‍ അടുത്തുള്ള കടയില്‍ നിന്നും ഒരു പെപ്സി വാങ്ങി. അനന്തരം വാനിന്റെ ഉള്ളില്‍ കയറി കൈയിലുണ്ടായിരുന്ന മദ്യത്തിലേക്ക് അതൊഴിച്ച് മിക്സ് ചെയ്തിട്ട് ഒരു കവിള്‍ ഞാന്‍ ഇറക്കി. ഹാ എന്താ സുഖം! മദ്യം അന്നനാളത്തിലേക്ക് ഊര്‍ന്നിറങ്ങിപ്പോകുമ്പോള്‍ എന്തെന്നില്ലാത്ത നിര്‍വൃതി. ആ നിര്‍വൃതിക്ക് മേമ്പൊടിയായി പത്തുരൂപയ്ക്ക് വാങ്ങിയ മസാല കപ്പലണ്ടിയുടെ പാക്കറ്റ് പൊട്ടിച്ച് അഞ്ചാറ് കപ്പലണ്ടിയും ഞാന്‍ വായിലിട്ടു. എന്നിട്ട് ആകെ മൊത്തത്തില്‍ ഒന്ന് തണുപ്പിക്കാന്‍ വണ്ടി സ്റ്റാര്‍ട്ട്‌ ആക്കി എസിയും ഓണാക്കി.

“എടാ എടാ..” പെട്ടെന്ന് വണ്ടിയുടെ ഗ്ലാസില്‍ മുട്ടിക്കൊണ്ട് ചേട്ടന്റെ പരിഭ്രമത്തോടെയുള്ള വിളി കേട്ടപ്പോള്‍ ഞാന്‍ ഞെട്ടിത്തരിച്ച് ഗ്ലാസ് താഴ്ത്തി നോക്കി.

“എന്താ ജോസ്ച്ചായാ?”

Leave a Reply

Your email address will not be published. Required fields are marked *