അച്ഛനെയും അമ്മയെയും ഒളികണ്ണിട്ട് ഞാൻ നോക്കി രണ്ടു പേരും ഞാൻ പറഞ്ഞ കള്ളങ്ങൾ വിശ്വസിച്ചു എന്ന് എനിക്ക് മനസ്സിലായി.
വീടിൻറെ പിന്നാമ്പുറത്ത് പാടത്തേക്ക് ചാഞ്ഞു നിൽക്കുന്ന പൂവരശിന്റെ ചുവട്ടിൽ നിന്നു കൊണ്ട് , നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൊയ്ത്തു കഴിഞ്ഞ പാടത്തിലെക്ക് നോക്കി നിന്നിട്ട് ലക്ഷ്മി പറഞ്ഞു ,
“ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ഞാൻ അവസാനമായി ഇവിടെ വന്നത് , അന്ന് ഈ പൂവരശിന്റെ അടുത്ത് ഒരു നെല്ലി മരം ഉണ്ടായിരുന്നു .. നീ അന്ന് എനിക്ക് നെല്ലിക്ക പറിച്ചു തന്നിരുന്നു .. ഓർക്കുന്നുണ്ടോ ? .. അച്ഛന് ട്രാൻസ്ഫർ കിട്ടി ഞങ്ങൾ ഇവിടെ നിന്ന് പോകുമ്പോൾ നമ്മുടെ ഡിഗ്രിയുടെ റിസൾട്ട് വന്നിരുന്നില്ല … പ്രശാന്ത് ഏട്ടൻ ആ സമയത്ത് ആണെന്ന് തോന്നുന്നു അല്ലേ നിനക്ക്
പ്രൊപ്പോസൽ കൊണ്ട് വന്നത് ?”
ഒരു ബന്ധവും ഇല്ലാത്ത പഴയ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ലക്ഷ്മി മനപ്പൂർവ്വം എന്നെ കുത്തി നോവിക്കുന്ന പോലെ തോന്നി.
ഒന്നും മിണ്ടാതെ നിശബ്ദതയോടെ നിന്ന എന്നെ നോക്കി അവൾ വീണ്ടും ചോദിച്ചു ,
“ആരാ … ആള് ?”
“എന്താ … ?”
“ചോദിച്ചത് മനസ്സിലായില്ലേ അല്ലേ …
ആരെ കാണാനാണ് എന്റെ പേര് പറഞ്ഞു രണ്ടു ദിവസമായി നീ ഈ വീട്ടിൽ നിന്ന് പൊയ്ക്കൊണ്ടിരിക്കുന്നത് ?”
“എടീ .. അത് .. ഞാൻ “
“വേണ്ട വിക്കി വിക്കി കൂടുതൽ കള്ളങ്ങൾ പറയാൻ ശ്രമിക്കേണ്ട .. എനിക്ക് സത്യം മാത്രം അറിഞ്ഞാൽ മതി “
“ഞാൻ ഒരു ആളെ കാണാൻ പോയത് തന്നെയാണ് പക്ഷേ എൻറെ കോളേജിലെ ജോയിനിംഗ് മായി ബന്ധപ്പെട്ട ഒരു കാര്യം …”
എന്നെ പറഞ്ഞു മുഴുമിപ്പിക്കാൻ വിടാതെ ലക്ഷ്മി ഇടയ്ക്കു കയറി പറഞ്ഞു ,
“കോളേജിലെ ജോലി കാര്യത്തിനു വേണ്ടിയാണ് എങ്കിൽ എന്തിന് വീട്ടിൽ കള്ളം പറഞ്ഞു പോകണം ?”
“ലക്ഷ്മി നീ എന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ് , നിന്റെ പേര് ഞാൻ പറഞ്ഞു എന്നത് സത്യമാണ് പക്ഷേ അതൊരു തെറ്റായ ഉദ്ദേശത്തോടെ ആയിരുന്നില്ല “
“എൻറെ ധാരണകൾ തെറ്റി വർഷങ്ങൾക്ക് ശേഷം പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാൻ വന്നപ്പോൾ ഉള്ള അവസ്ഥ ഇതാണ് .. വളരെ മോശമാണ് ഇതൊക്കെ … നിന്നെ കുറച്ച് ഒരിക്കലും ഞാൻ ഇങ്ങനെയല്ല വിചാരിച്ചിരുന്നത് “
എനിക്ക് മറുത്തൊന്നും പറയാൻ ഉണ്ടായിരുന്നില്ല . ഇനി ഞാൻ എന്തൊക്കെ പറഞ്ഞാലും ലക്ഷ്മി വിശ്വസിക്കുകയുമില്ല.
“വീണേ .. നാളെ നിനക്ക് എൻറെ കൂടെ ഒരു സ്ഥലം വരെ ഒന്നു വരുവാൻ സാധിക്കുമോ ബാക്കി അപ്പോൾ പറയാം ? ”
ലക്ഷ്മിയുടെ ചോദ്യത്തിന് ഒരു മൂളൽ മാത്രം ഞാൻ മറുപടി നൽകി.