അടുത്ത പ്രഭാതത്തിൽ ലക്ഷ്മി യോടൊപ്പം ഒരു യൂബർ ടാക്സി യാത്ര ടൗണിലൂടെ.
‘എന്നെ വീട്ടിൽ വന്ന് രാവിലെ പിക് ചെയ്യുമ്പോഴും ഇപ്പൊൾ യാത്ര തുടങ്ങിയിട്ട് അര മണിക്കൂർ കഴിഞ്ഞിട്ടും എവിടെക്ക് ആണ് പോകുന്നത് എന്നോ എന്തിനാണെന്നോ ലക്ഷ്മി പറഞ്ഞിരുന്നില്ല .. അവളോട് ഒന്നും ചോദിക്കാൻ ഉള്ള ധൈര്യം എനിക്ക് ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. എന്റെ അച്ഛൻറെയും അമ്മയുടെയും കണ്ണിൽ ലക്ഷ്മി യോടൊപ്പം ഞാൻ പുറത്തു പോകുന്ന തുടർച്ചയായ മൂന്നാം ദിവസമാണ് യഥാർത്ഥത്തിൽ ആദ്യത്തെ ദിവസവും ‘ .
ഇളം പച്ച നിറത്തിൽ പൂക്കൾ ഉള്ള ഒരു ഷിഫോൺ സാരി ആണ് ലക്ഷ്മി ധരിച്ചിരിക്കുന്നത്. ഞാൻ ആകട്ടെ നീല പൂക്കളുള്ള ഒരു സാധാ കോട്ടൺ സാരി യും.
“എവിടെയെങ്കിലും പോകുമ്പോൾ നിനക്ക് ഒന്ന് ഒരുങ്ങി വന്നൂടെ വീണേ .. നിൻറെ പ്രശാന്ത് ഏട്ടൻ നിനക്ക് നല്ല ഡ്രസ്സ് ഒന്നും എടുത്തു തരാറില്ല ”
കാറിൽ വച്ചുള്ള ലക്ഷ്മിയുടെ ആദ്യ ചോദ്യം ഇതായിരുന്നു.
“ഇതിന് ഇപ്പോൾ എന്താണ് കുഴപ്പം കോട്ടൺ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഡ്രസ്സ് മെറ്റീരിയൽ ആണ് ”
ഞാൻ മറുപടി കൊടുത്തു.
അപ്പോഴേക്കും യൂബർ ടാക്സി സ്പെൻസർ ജംഗ്ഷനിലേക്ക് എത്തിയിരുന്നു. ജംഗ്ഷന് തൊട്ടടുത്തായി ഉള്ള ‘ ബ്ലാക്ക് ടൗൺ കഫേ ‘ യുടെ അരികിലേക്ക് ടാക്സി നിന്നു. ലക്ഷ്മി പേടിഎം വഴി ടാക്സി ക്യാഷ് കൊടുക്കുമ്പോഴേക്കും എന്തിനാണെന്ന് അറിയാതെ ഞാൻ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി.
“വരൂ നമുക്ക് അകത്തേക്ക് ഇരിക്കാം”
ടാക്സി കാഷ് പേ ചെയ്ത ശേഷം ഡ്രൈവർക്ക് താങ്ക്സ് പറഞ്ഞിട്ട് എന്നെയും ക്ഷണിച്ചു കൊണ്ട് ലക്ഷ്മി തിടുക്കത്തിൽ കഫേയുടെ ഉള്ളിലേക്ക് നടന്നു.
കറുത്ത നിറത്തിലുള്ള ടൈൽസ് പാകിയ ചുവരുകൾ സ്വർണ്ണ വർണ്ണത്തിലുള്ള ഇരിപ്പിടങ്ങൾ പശ്ചാത്തലത്തിൽ ഏതോ തട്ടുപൊളിപ്പൻ പാശ്ചാത്യ സംഗീതം. അധികം തിരക്കൊന്നും അവിടെ കാണുന്നില്ല മുൻപ് പല തവണ ഇതു വഴി പോയിട്ടുണ്ടെങ്കിലും ഈ റസ്റ്റോറൻറ് ഞാൻ ശ്രദ്ധിച്ചിട്ടില്ല.
അധികം ആരും പെട്ടെന്ന് ശ്രദ്ധിക്കുവാൻ ഇടയില്ലാത്ത ഒരു സ്ഥലം ലക്ഷ്മി തന്നെ അവിടെ തിരഞ്ഞെടുത്തു ,
“നിനക്ക് എന്താണ് കുടിക്കാൻ വേണ്ടത് ?”
“എനിക്ക് ഒന്നും വേണ്ട … നമ്മൾ എന്തിനാണ് ഇങ്ങോട്ട് വന്നത് , അത് പറയൂ ?”
അല്പം നീരസത്തോടെ ആയിരുന്നു ഞാൻ അത് പറഞ്ഞത്.
“സാധാരണ ഗതിയിൽ മീൻ മേടിക്കാൻ വേണ്ടി ആരും ഇങ്ങനെ ഒരു സ്ഥലത്തേക്ക് വരില്ല .. ഞാൻ ഒരു രണ്ട് ലൈം ജ്യൂസ് പറയാം “
എൻറെ സമ്മതത്തിന് കാത്തുനിൽക്കാതെ ലക്ഷ്മി രണ്ട് ലൈം ഓർഡർ ചെയ്തു.
( തുടരും )