സാറിനോട് മറുത്തൊന്നും പറയാൻ നിൽക്കാതെ അദ്ദേഹം പറഞ്ഞപോലെ ആ കോൺക്രീറ്റ് ബെഞ്ചിന്റെ അരികു പറ്റി ഞാനിരുന്നു.
പാൻസിന്റെ പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് മുഖമൊന്നു തുടച്ചു അൽപ നേരം വിദൂരതയിലേക്ക് നോക്കിയിരുന്നു ഒരു ദീർഘ നിശ്വാസം വിട്ടു കൊണ്ട് മാഷ് പതുക്കെ പറഞ്ഞു തുടങ്ങി ,
“എന്റെ മകന് സംഭവിച്ചത് യഥാർത്ഥത്തിൽ ഒരു ആക്സിഡൻറ് ആയിരുന്നില്ല , അവന്റെ കർമ്മ ഫലം കൊണ്ട് മനസ്സിനേറ്റ ആഘാതമാണ് അവൻ ഇന്ന് അനുഭവിക്കുന്നത് .. എംസിഎ പഠനശേഷം ബാംഗ്ലൂരിലെ ഒരു മൾട്ടിനാഷണൽ കമ്പനിയിൽ ജോലി കിട്ടിയപ്പോൾ ഏതൊരു അച്ഛനെ പോലെ ഞാനും ഒരുപാട് സന്തോഷിച്ചു “
പിന്നെയും അൽപ്പ നേരത്തെ നിശബ്ദത ആ കണ്ണുകൾ ചെറുതായി നിറഞ്ഞു തുടങ്ങുന്നത് ഞാൻ കണ്ടു ,
“കൂടെ ജോലി ചെയ്ത ഒരു നോർത്ത് ഇന്ത്യക്കാരി പെൺകുട്ടിയോട് തോന്നിയ പ്രണയം , ആ പ്രണയത്തിൻറെ ചതിക്കുഴി അവൻ മനസ്സിലാക്കിയിരുന്നില്ല .. അവളിലൂടെ അവൻ മയക്ക് മരുന്നിന്റെ ലോകത്തിലേക്ക് എത്തിച്ചേർന്നു .. അവളുടെ കേരളത്തിലെ ഏതോ സുഹൃത്തിന് കൊടുക്കാൻ എന്ന വ്യാജേന അവന്റെ നാട്ടിലേക്ക് ഉള്ള ഓരോ യാത്ര യിലും അവൾ കൊടുത്ത് വിട്ടിരുന്നത് മയക്ക് മരുന്നുകൾ ആയിരുന്നു , സത്യത്തിൽ അവൻ പോലുമറിയാതെ അവൻ ആ മാഫിയയുടെ ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ ക്യാരിയർ ആവുകയായിരുന്നു , ആ പെൺകുട്ടി മയക്കുമരുന്ന് മാഫിയയുടെ ഏജന്റ് ആയിരുന്നു എന്നതാണ് സത്യം “
“…. സത്യം അവൻ മനസ്സിലാക്കി വന്നപ്പോഴേക്കും ഒരിക്കലും ഊരാൻ പറ്റാത്ത ഒരു കുടുക്കിലേക്ക് അകപ്പെട്ടിരുന്നു .. ബാംഗ്ലൂരിൽ നിന്നും ഡോക്ടർ സത്യ മൂർത്തിയുടെ കോൾ കിട്ടി ഞാൻ അവിടെ ചെല്ലുമ്പോൾ , സ്വന്തം അച്ഛനെ പോലും തിരിച്ചറിയുവാൻ സാധിക്കാത്ത മാനസിക വിഭ്രാന്തിയോടെ കഴിയുകയായിരുന്നു എൻറെ മകൻ .. ഒരു മാസത്തോളം അവിടെ നിന്ന് കുറെ ട്രീറ്റ്മെൻറ്സ് നടത്തി , ഇന്നലെ വീണ കണ്ട അവസ്ഥയിലേക്ക് അവനെ കൊണ്ടു വന്നു. ഇവിടെ ഡീ അഡിക്ഷൻ സെൻററിൽ ഡോക്ടർ സത്യ മൂർത്തിയുടെ ഒരു ഫ്രണ്ട് ഡോക്ടർ ജോസഫിൻറെ ട്രീറ്റ്മെൻറ് ആണ് അവന് ഇപ്പോൾ.. “
നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ നമ്പൂതിരി സാർ പറഞ്ഞു നിർത്തി.
“സാർ എന്നോട് ക്ഷമിക്കണം ഇത്ര മാത്രം പ്രശ്നങ്ങളും മറ്റും ഉള്ള ഒരു കാര്യമാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല ”
ഞാൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
“ഇത് മറ്റാരോടും പറയാതെ എല്ലാം വീണ യോടു ഇപ്പോൾ തുറന്നു പറയുന്നതിന് രണ്ടു കാരണങ്ങൾ ഉണ്ട്, ഒന്ന് വീണ എനിക്ക് ഒരു മകളെ പോലെയാണ് , ഇനിയുള്ള എൻറെയും മകന്റെയും ജീവിതം വീണ മാസാമാസം എനിക്ക് തരാമെന്ന് പറഞ്ഞിരിക്കുന്ന ശമ്പളത്തിൽ മേലാണ് .. അതു കൊണ്ട് ഇത്രയെങ്കിലും വീണയോട് പറഞ്ഞില്ലെങ്കിൽ അത് … അത് ഒരിക്കലും ഒരു ദൈവ നീതി ആകില്ല .. ഞാൻ ഈ പറഞ്ഞ കാര്യങ്ങൾ എന്നും വീണ യുടെ മനസ്സിൽ സുരക്ഷിതമായിരിക്കണം “
തൊഴു കൈകളോടെ നമ്പൂതിരി സാർ എല്ലാം പറഞ്ഞവസാനിപ്പിച്ചു , എനിക്ക് ഒന്നും പറയുവാൻ ഉണ്ടായിരുന്നില്ല. ഞങ്ങൾ രണ്ടാളും അൽപ നേരം നിശബ്ദതയോടെ പരസ്പരം നോക്കുവാൻ സാധിക്കാതെ മുഖം കുമ്പിട്ടിരുന്നു.