തിരികെ വീട്ടിലേക്കുള്ള യാത്രയിൽ മനസ്സ് കൂടുതൽ കലുഷിതമായിരുന്നു. ഏതാനും നാൾ മുമ്പ് വരെ ഭർത്താവും മക്കളും അച്ഛനും അമ്മയും മാത്രമായി ജീവിച്ചിരുന്ന ഞാൻ , ജന്മം കൊണ്ടോ കർമ്മം കൊണ്ടോ എന്റെ ആരും അല്ലാത്ത മറ്റൊരു അച്ഛന്റെയും മകന്റെയും ജീവിത രഹസ്യങ്ങൾ മനസ്സിൽ പേറി യാണ് ഇപ്പൊൾ നടക്കുന്നത്. വീട്ടിലേക്കുള്ള ദൂരം കുറഞ്ഞു വരുന്നത് ഞാനറിഞ്ഞില്ല. ജംഗ്ഷനിൽ ബസ്സ് ഇറങ്ങി വീട്ടിലേക്ക് ഉള്ള വഴിയിലൂടെ നടന്ന് ഗേറ്റ് തുറന്നു വീട്ടിലേക്ക് കേറിയപ്പൊഴും മനസ്സിൽ ആ അച്ഛന്റെയും മകന്റെയും മുഖം മാത്രമായിരുന്നു.
സിറ്റൗട്ടിന് പുറത്തു കിടക്കുന്ന ഒരു ഹൈ ഹീൽഡ് ചെരുപ്പിൽ എൻറെ കണ്ണുടക്കി , എൻറെ സമപ്രായക്കാർ ആരോ ആണെന്ന് തോന്നുന്നു , അല്ലാതെ ആരാണ് ആണ് ഈ ഹൈ ഹീൽ ഒക്കെ ഇട്ട് നടക്കുന്നത്.
മെയിൻ ഡോർ തുറന്ന് അകത്തേക്ക് കയറിയപ്പോൾ ലിവിങ് റൂമിൽ എന്റെ അച്ഛനും അമ്മയ്ക്കും ഒപ്പം ഇരിക്കുന്ന ആളെ കണ്ടു ഞാൻ ഒന്ന് ഞെട്ടി , ലക്ഷ്മി. അതേ .. എന്റെ കൂടെ ഡിഗ്രിക്ക് പഠിച്ച അതെ ലക്ഷ്മി തന്നെ.
പോസ്റ്റ് മാസ്റ്റർ ദിവാകരന്റെ മകൾ ലക്ഷ്മി തന്നെ. അവളോടൊപ്പം ഷോപ്പിങ്ങിനു പോകുന്നു എന്ന് കളവു പറഞ്ഞിട്ടാണ് കഴിഞ്ഞ രണ്ടു ദിവസമായി ഞാൻ വീട്ടിൽ നിന്നും നമ്പൂതിരി മാഷിനെ കാണുന്നതിനുവേണ്ടി ഇറങ്ങിയിരുന്നത്. വിരോധാഭാസവും കഷ്ടകാലവും ഒരുമിച്ചു വന്നിരിക്കുന്നു ഇതാ വർഷങ്ങൾക്കു ശേഷം ഇന്നേ ദിവസം തന്നെ ആ ലക്ഷ്മി ഇതാ കണ്മുന്നിൽ ഒപ്പം എന്റെ അച്ഛനമ്മമാരും. എന്തു പറയണം എന്നറിയാതെ ഞാൻ കുഴങ്ങി . വിളറിയ ഒരു ചിരി പോലും അവൾക്ക് സമ്മാനിക്കുവാൻ എനിക്ക് സാധിക്കുന്നില്ല.
“ഷോപ്പിംഗ് കഴിഞ്ഞ് ഞാൻ ചുരിദാർ ആൾട്ടർ ചെയ്യാൻ സ്റ്റിച്ചിങ് സെൻററിൽ കയറിയപ്പോൾ നീ ഇത് എങ്ങോട്ടാണ് പോയത് .. നിന്റെ മൊബൈലിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല അതാണ് ഞാൻ വീട്ടിലേക്ക് വന്നത് ”
ഒരു കള്ളച്ചിരിയോടെ എന്നെ നോക്കി ലക്ഷ്മി പറഞ്ഞു.
“രണ്ടു പേര് ഒരുമിച്ച് ഒരു വഴിക്ക് പോയാൽ ഒരാളെ പെട്ടെന്ന് കാണാതാകുമ്പോൾ കൂടെ ഉള്ള ആൾ എത്ര പേടിക്കും എന്ന് നിനക്ക് മനസ്സിലാക്കാനുള്ള കഴിവ് ഇല്ലെ മോളെ ”
അമ്മയുടെ ചോദ്യം എന്നോടാണ്.
“ലക്ഷ്മി ഇവിടെ നിന്നെ അന്വേഷിച്ചു വന്നപ്പോൾ ഞങ്ങൾ എന്തു പേടിച്ചു എന്നറിയുമോ .. ആട്ടെ നീ ഈ കുട്ടിയെ തനിച്ചാക്കി എങ്ങോട്ടാണ് പോയത് ?”
അച്ഛൻറെ വക ചോദ്യവും എത്തിക്കഴിഞ്ഞിരിക്കുന്നു.
എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായില്ല എങ്കിലും സമചിത്തത പെട്ടെന്ന് വീണ്ടെടുത്ത് ഞാൻ പറഞ്ഞു,
“ടെക്സ്റ്റൈൽ ഷോപ്പിൽ നിന്ന് ഞങ്ങളിറങ്ങി ഇവള് സ്റ്റിച്ചിങ് സെൻററിൽ കയറിയപ്പോഴാണ് ഒന്ന് രണ്ടു കോട്ടൺ സാരി , കോളേജിൽ ഉടുത്ത് കൊണ്ട് പോകുന്നതിന് വേണ്ടി മേടിക്കണം എന്ന് ഞാൻ ഓർത്തത് .. പിന്നെ അതു മേടിക്കാൻ വേണ്ടി ഞാൻ തിരികെ പോയി “
“എന്നിട്ട് മേടിച്ച സാരി എവിടെ.. കൈയിൽ ഒന്നും കാണുന്നില്ലല്ലോ ?”
അമ്മ ചോദിച്ചു.
“അവിടെ എനിക്കിഷ്ടപ്പെട്ട ഒന്നും കണ്ടില്ല അതു കൊണ്ട് പിന്നീട് എടുക്കാമെന്ന് കരുതി ”
ഞാൻ പറഞ്ഞു ഒപ്പിച്ചു.
“എന്തായാലും നീ എന്നെ ശരിക്കും ടെൻഷനടിപ്പിച്ച് കളഞു ”
സോഫയിൽ നിന്നും എഴുന്നേറ്റു വന്ന് എൻറെ കവിളിൽ ഒരു കിനുക്ക് വെച്ചു തന്നു കൊണ്ട് കള്ളച്ചിരിയോടെ ലക്ഷ്മി പറഞ്ഞു.