മഴ തേടും വേഴാമ്പൽ 1 [മന്ദന്‍ രാജാ]

Posted by

“” ഉണ്ണീ.. നിന്നോട് പലവട്ടം ഞാൻ പറഞ്ഞതല്ലേ ഫ്ലാറ്റ് വിട്ട് അവിടെ വന്ന് താമസിക്കാൻ…””

“” അഹ്.. എന്നിട്ട് വേണം നിന്റെ മമ്മേടെ ചീത്ത ഞാനും കേൾക്കാൻ… വാടക തനിച്ചു കൊടുക്കണോങ്കിലും മനസമാധാനം ഉണ്ടളിയാ ഇവിടെ””

“” ആ ..അപ്പൊ നിനക്കും അറിയാം… അപ്പോൾ അവിടെ സ്ഥിരമനുഭവിക്കുന്ന എന്റെ അവസ്ഥയോ. ഉപദേശിക്കാൻ ആർക്കും പറ്റും…”” അജയ് പിറുപിറുത്തു കൊണ്ട് ബാഗും എടുത്തിറങ്ങി പോയി.

“” ഡാ അജൂ…”” ഉണ്ണി പുറകിൽ നിന്ന് വിളികച്ചെങ്കിലുംഅജയ് നിന്നില്ല
നാളെ ചിരിച്ചോണ്ട് വരുമെന്ന് ഉണ്ണിക്കറിയാം… അല്ലെങ്കിൽ ഒരു കോഫിയിൽ തീരും ആ പിണക്കം.

അവരിരുവരും ഒരു ദിവസമാണ് ജോയിൻ ചെയ്തത്. അന്ന് മുതലെയുള്ള ഫ്രണ്ട്ഷിപ്പ് ആണ് അജയുടെയും ഉണ്ണിയുടെയും. ഇപ്പോൾ അവരിരുവരും സീനിയേഴ്സ് ആണ് . മാറി മാറി വരുന്ന ജൂനിയേഴ്സും മറ്റു കൊളീഗ്‌സും ആയി കമ്പനി ആണെങ്കിലും അജയ് ഉണ്ണിയോടാണ് ചങ്ങാത്തം കൂടുതലും. ഉണ്ണിക്കും അങ്ങനെ തന്നെ.

അവന്റെ മാതാപിതാക്കൾ ഹൈറേഞ്ചിന്റെ അങ്ങേയറ്റത്താണ്. ഒരു സാധാരണ കുടുംബം . കൃഷി ചെയതാണ് ഉണ്ണിയേയും ചേച്ചിയെയും വളർത്തിയതും പഠിപ്പിച്ചതും. ക്യാമ്പസ് ഇന്റർവ്യൂ വഴി ജോലി കിട്ടിയ ഉണ്ണി ഓഫീസിനടുത്തു ഒരു ഫ്ലാറ്റ് എടുത്തു താമസിക്കുകയാണ്. രണ്ടുപേർ കൂടിയാണ് ഫ്ലാറ്റ് എടുത്തത് എങ്കിലും ഒരാൾ ബാംഗ്ലൂർക്ക് ഷിഫ്റ്റ് ആയപ്പോൾ മുതൽ ഉണ്ണി തനിച്ചാണ്. വേറെ ഒരാളെ കൂടെ കൂടിയെങ്കിലും സ്വഭാവ മഹിമ കാരണം ഒരുവിധത്തിൽ ഒഴിവാക്കി. അന്ന് മുതൽ പറ്റിയ ഒരാളെ തപ്പുന്നുണ്ട് ഷെയറിങ്ങിന്. വാരാന്ത്യത്തിൽ മാത്രമേ ഉണ്ണി വീട്ടിൽ പോകൂ. ചിലപ്പോൾ രണ്ടോ മൂന്നോ ആഴ്‌ച കൂടുമ്പോഴും.

അജയ് കുറേനാളായി ഉണ്ണിയോട് പറയുന്നു ഫ്ലാറ്റ് വിട്ടിട്ട് അവന്റെ കൂടെ വീട്ടിൽ ചെന്ന് താമസിക്കാൻ. ടൗണിന്റെ മധ്യ ഭാഗത്തായി ഒരു ഇരുനില വീട്. സ്‌കൂളിൽ ക്ലെർക്ക് ആയിരുന്ന രവി ലീവെടുത്തു ഗൾഫിൽ പോയി ഉണ്ടാക്കിയതാണ് ആ വീട്. ഷേർളിയും രവിയും ഇരുവരും പ്രണയിച്ചു വിവാഹം കഴിച്ചവരാണ് . രവി ക്ലെർക്ക് ആയിരുന്ന സ്‌കൂളിൽ പുതുതായി വന്ന ഷേർളി രവിയുടെ സൗന്ദര്യവും സ്വാഭാവമഹിമയും കണ്ട് ജോലി നോക്കാതെ പ്രണയിക്കുകയായിരുന്നു . വിവാഹം കഴിഞ്ഞു ഷേർളിക്ക് താൻ ക്ലെർക്ക് ആയിരിക്കുന്നത് നാണക്കേട് ആകുമോയെന്നു ചിന്തിച്ചു, ജോലി രാജി വെക്കാൻ ഒരുങ്ങിയ രവിയെ പിന്തിരിപ്പിച്ചു, ലീവെടുപ്പിച്ചത് ഷെർലിയാണ്. അജയ് ഉണ്ടായി നാല് വയസ് ആയപ്പോൾ രവി ഗൾഫിൽ നിന്നും നിർത്തി വന്നു വീണ്ടും സ്‌കൂളിൽ ജോയിൻ ചെയ്തു.അപ്പോൾ ഷേർളി വേറെ സ്‌കൂളിലേക്ക് ട്രാൻസ്ഫർ ആയിരുന്നു. മൂന്ന് വർഷങ്ങൾക്ക് മുൻപ് വീണ്ടും ഷേർളി യുടെ സ്‌കൂളിലേക്ക് രവിക്ക് ട്രാൻസ്ഫർ ആയപ്പോൾ രവി വി ആർ എസ് എടുത്തു. വീട്ടിലിരുന്ന് മുഷിഞ്ഞ രവി ഷേർളിയുടെ എതിർപ്പ് വക വെക്കാതെ വീണ്ടും ഗൾഫിലേക്ക് പോയി. പിന്നെ ലീവിന് വന്ന രവി ഷെർളിയെയും കൂട്ടി ഒരു കല്യാണത്തിന് പോകുമ്പോൾ കാർ ആക്സിഡന്റിൽ പെട്ടു . രവി തൽക്ഷണം മരിക്കുകയും ഷേർളിയുടെ ഇടത്തെ കാൽ മുട്ടിനു താഴെ വെച്ച് ചതഞ്ഞരയുകയും ചെയ്തു. മുട്ടിന് താഴെ വെച്ച് ഷേർളിയുടെ കാൽ മുറിച്ചു മാറ്റേണ്ടി വന്നു.

അന്ന് മുതലാണ് ഷേർളിയുടെ സ്വഭാവത്തിൽ മാറ്റം കണ്ടു തുടങ്ങിയത് . . സ്‌കൂളിൽ നിന്നും ലീവെടുത്തു. ബന്ധുമിത്രാദികൾ ആരും തന്നെ അവിടേക്ക് വരുന്നില്ലാത്തതിനാൽ ഷേർളി അവളുടെ മുറിയിൽ തന്നെ അധികസമയവും കഴിച്ചു കൂട്ടി.

അജയ് കാർ ഗേറ്റിനുള്ളിലേക്ക് കയറ്റി പോർച്ചിലേക്ക് ഇടാൻ തുടങ്ങിയപ്പോൾ ഹെഡ് ലൈറ്റിൽ വരാന്തയിൽ ആരോ ഇരിക്കുന്നത് കണ്ടു. വരാന്തയിൽ ലൈറ്റ് ഇല്ല. ഷേർളി സന്ധ്യ ആയാലും ഇടാറുമില്ല ഇപ്പോൾ. അജയ് ഉണ്ടെങ്കിൽ അവനിടും…

അജയ് കാറിൽ നിന്നുംഇറങ്ങിയപ്പോൾ അവിടെയിരുന്നയാൾ എണീറ്റു അവന്റെ അടുത്തേക്ക് വന്നു.

“” അജൂ…. എന്റെ കയ്യിൽ നിന്നും നിന്റെ നമ്പർ പോയി.””

ശബ്ദം കേട്ടതും അവനാളെ മനസിലായി. നേരത്തെ അവരുടെ വീടിന്റെ അടുത്ത് താമസിച്ചിരുന്ന ഡോക്ടർ ജേക്കബ് മാത്യു.

Leave a Reply

Your email address will not be published. Required fields are marked *