മൃഗം 21 [Master]

Posted by

“നോക്കാം…”
———————–
“പൌലോസ്, നിങ്ങളീ പറഞ്ഞ ആളെക്കുറിച്ച് തിരക്കാന്‍ ഞാന്‍ മംഗലാപുരം പൊലീസിന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. മീന മരിച്ച ദിവസം അവന്‍ അവിടെ ഉണ്ടായിരുന്നോ എന്നുള്ളതാണ് നമ്മുടെ പ്രധാന വിഷയം. അവനവിടെ ഉണ്ടായിരുന്നു എങ്കില്‍, പിന്നെ നമുക്ക് സംശയം വേറെ ആളുകളിലേക്ക് മാറ്റേണ്ടി വരും” ഇന്ദുലേഖ പറഞ്ഞു.

“അതെ മാഡം. ഈ അര്‍ജ്ജുന്‍ എന്നവന്റെ അച്ഛന്‍ മംഗലാപുരത്തെ ഒരു ഡോണ്‍ ആണെന്നാണ് കേള്‍ക്കുന്നത്. ചിലപ്പോള്‍ അയാളാകും ഇവര്‍ക്ക് ചിലപ്പോഴൊക്കെ ആളുകളെ എത്തിച്ചു നല്‍കുന്നത്. എന്തായാലും അസീസ്‌ പറഞ്ഞ ആളിനെക്കുറിച്ച് തിരക്കിയ ശേഷം വേണ്ടി വന്നാല്‍ മറ്റു വഴികള്‍ തേടാം”

ഈ സമയം ഓഫീസിനു പുറത്ത് ഒരു കറുത്ത, വെട്ടിത്തിളങ്ങുന്ന മെഴ്സിഡസ് ബെന്‍സ് എത്തി നിന്നു. അതിന്റെ പിന്നിലെ വാതില്‍ തുറന്ന്, കറുത്ത കോട്ട് ധരിച്ച, ഒത്ത ശരീരമുള്ള നല്ല കുലീനത്വമുള്ള ഒരു മധ്യവയസ്കന്‍ പുറത്തിറങ്ങി.

“എസിപി ഉണ്ടോ?” അയാള്‍ സെന്റ്രിയില്‍ ഉണ്ടായിരുന്ന പോലീസുകാരനോട്‌ ചോദിച്ചു.

“യെസ്” അയാള്‍ പറഞ്ഞു.

“എനിക്കൊന്നു കാണണം”

“ആരാണ്?”

“ഭദ്രന്‍..അഡ്വക്കേറ്റ് കോലഞ്ചേരി ഭദ്രന്‍” അയാള്‍ ഘനഗംഭീരമായ സ്വരത്തില്‍ പറഞ്ഞു.

പോലീസുകാരന്‍ ഉള്ളില്‍ വിവരം അറിയിക്കാനായി പോയപ്പോള്‍ അഡ്വക്കേറ്റ് ഭദ്രന്‍ ഒരു സിഗരറ്റ് എടുത്ത് ചുണ്ടില്‍ വച്ച് അതിനു തീ കൊളുത്തി രണ്ട് കവിള്‍ പുക വലിച്ചൂതി വിട്ടു. അയാള്‍ വണ്ടിയില്‍ ചാരി നിന്നു ചുറ്റും കണ്ണോടിച്ചുകൊണ്ട്‌ മെല്ലെ പുകയുടെ സുഖത്തില്‍ മുഴുകി.

“ചെല്ലാന്‍ പറഞ്ഞു മാഡം”
പോലീസുകാരന്‍ തിരികെ എത്തി ഭദ്രനോട് പറഞ്ഞു. അയാള്‍ സിഗരറ്റ് കെടുത്തി അല്‍പ്പം മാറ്റി വച്ചിരുന്ന വെസ്റ്റ്‌ ബോക്സില്‍ ഇട്ട ശേഷം ഡ്രൈവറുടെ പക്കല്‍ നിന്നും വെള്ളം വാങ്ങി വായ കഴുകി. പിന്നെ കൈലേസ് എടുത്ത് മുഖം തുടച്ചിട്ട്‌ ഉള്ളിലേക്ക് കയറി.
“പൌലോസ്; ഹൈക്കോടതിയിലെ ഏറ്റവും വിലയേറിയ ക്രിമിനല്‍ ലോയര്‍ ആണ് കക്ഷി. സൂക്ഷിച്ചേ ഡീല്‍ ചെയ്യാവൂ. ഹി ഈസ് ഹൈലി ഡെയിഞ്ചറസ്..” ഇന്ദുലേഖ ഭദ്രന്‍ വരുന്നതിനു മുന്പായി പൌലോസിനോട്‌ പറഞ്ഞു.
“ഞാന്‍ കേട്ടിട്ടുണ്ട് മാം. ആളെ ഒന്ന്‍ കാണാന്‍ സാധിച്ചല്ലോ” അയാള്‍ പറഞ്ഞു.
“ഗുഡ് നൂണ്‍ മാം..ഹൌ ആര്‍ യു?” സുസ്മേരവദനനായി ഹസ്തദാനം നല്‍കിക്കൊണ്ട് അഡ്വക്കേറ്റ് ഭദ്രന്‍ ചോദിച്ചു.
“നൂണ്‍ മിസ്റ്റര്‍ ഭദ്രന്‍. പ്ലീസ് ഹാവ് എ സീറ്റ്” ഇന്ദുലേഖ തനിക്കെതിരെ കിടന്ന ഒരു കസേരയിലേക്ക് വിരല്‍ ചൂണ്ടി.
ഭദ്രന്‍ ഇരുന്ന ശേഷം പൌലോസിനെ നോക്കി.
“മട്ടാഞ്ചേരി സബ് ഇന്‍സ്പെക്ടര്‍ പൌലോസ്” ഇന്ദുലേഖ പൌലോസിനെ പരിചയപ്പെടുത്തി.
ഹസ്തദാനം നല്‍കിയ ശേഷം ഭദ്രന്‍ പൌലോസിനെ നോക്കി പുഞ്ചിരിച്ചു.
“പൌലോസ്..ഇപ്പോള്‍ ജോലി ചെയ്യുന്നത് പന്ത്രണ്ടാമത്തെ സ്റ്റേഷനില്‍ അല്ലെ? ഏറ്റവും ഒടുവിലത്തെ ട്രാന്‍സ്ഫറിന്റെ കാരണം സി ഐയുടെ ചെകിട്ടത്ത് അടിച്ചത്..” ഭദ്രന്‍ പുഞ്ചിരി വിടാതെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *