മൃഗം 21 [Master]

Posted by

“സാറിന് കാര്യങ്ങള്‍ എല്ലാം അറിയാം അല്ലെ?” പൌലോസ് ചോദിച്ചു.
“എല്ലാം അറിയില്ല. അങ്ങനെ എല്ലാം അറിയുന്നവന്‍ ജഗദീശ്വരന്‍ മാത്രം. എന്നാല്‍ അറിയേണ്ട കാര്യങ്ങള്‍ എനിക്കറിയാം…പാര്‍ട്ട്‌ ഓഫ് മൈ പ്രൊഫഷന്‍…”
“യെസ് മിസ്റ്റര്‍ ഭദ്രന്‍. ഹൌ ക്യാന്‍ ഐ ഹെല്‍പ് യു?” ഇന്ദുലേഖ ചോദിച്ചു.
“നാദിയ..നാദിയ ഹസന്‍ എന്ന കുട്ടിയെ കൊണ്ടുപോകാന്‍ വന്നതാണ്‌ ഞാന്‍” ഭദ്രന്‍ തന്റെ ആഗമനോദ്ദേശം പറഞ്ഞു.
ഇന്ദുലേഖയും പൌലോസും ഒരു നിമിഷം പരസ്പരം നോക്കി.
“പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ താങ്കള്‍ക്ക് ജാമ്യാപേക്ഷ നല്‍കാവുന്നതാണ്”
“ഇതുവരെ കോടതിയില്‍ അവരെ ഹാജരാക്കിയില്ലല്ലോ? സംശയത്തിന്റെ പേരില്‍ ഒരാളെ അകാരണമായി പോലീസ് കസ്റ്റഡിയില്‍ വയ്ക്കുന്നത് നിയമവിരുദ്ധമാണ് എന്ന് ഞാന്‍ പറയാതെ നിങ്ങള്‍ക്ക് അറിവുള്ളതല്ലേ?”
“പൊലീസിന് ചോദ്യം ചെയ്യാന്‍ സമയം ആവശ്യമുണ്ടല്ലോ മിസ്റ്റര്‍ അഡ്വക്കേറ്റ്” ഇന്ദുലേഖ വിട്ടുകൊടുത്തില്ല.
“എത്ര ദിവസം വേണ്ടി വരും ചോദ്യം ചെയ്യല്‍ തീരാന്‍? അവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കണം. അതിനു പറ്റില്ല എങ്കില്‍ അവരെ പുറത്ത് പോകാന്‍ അനുവദിക്കണം”
“അവരില്‍ നിന്നും പിടിച്ചെടുത്ത സിറിഞ്ചില്‍ എന്തായിരുന്നു എന്നതിന്റെ പരിശോധനാഫലം കിട്ടിയാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തും. തൊട്ടടുത്ത ദിവസം തന്നെ അവളെ കോടതിയില്‍ ഹാജരാക്കുകയും ചെയ്യും….”
“ലുക്ക് മാഡം. ഞാനാണ്‌ അവരുടെ ലോയര്‍. നിങ്ങള്‍ ഏതു വകുപ്പിട്ടു കേസ് ചാര്‍ജ്ജ് ചെയ്താലും അവര്‍ക്ക് ജാമ്യം കിട്ടും. അതുകൊണ്ട് നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്റെ വ്യക്തിപരമായ ജാമ്യത്തില്‍ അവരെ തല്‍ക്കാലം എന്റെ കൂടെ അയയ്ക്കാം. കോടതിയില്‍ നിങ്ങള്‍ പറയുമ്പോള്‍ അവര്‍ ഹാജരായിക്കോളും”
“സോറി മിസ്റ്റര്‍ ഭദ്രന്‍. അവരെ കോടതിയില്‍ ഞങ്ങള്‍ ഹാജരാക്കുമ്പോള്‍ താങ്കള്‍ക്ക് ജാമ്യത്തിന് ശ്രമിക്കാവുന്നതാണ്..”
“ഒകെ..ചിലപ്പോള്‍ കോടതിയില്‍ താങ്കള്‍ക്ക് എന്റെ ചില ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കേണ്ടി വരും. അതൊക്കെ ഒഴിവാക്കാവുന്നതല്ലേ നല്ലത്..”
“ഐ ഡോണ്ട് മൈന്‍ഡ്”
“വെല്‍..ദെന്‍ സീ യു..”
“വണ്‍ മിനിറ്റ് മിസ്റ്റര്‍ ഭദ്രന്‍.” പോകാന്‍ എഴുന്നേറ്റ ഭദ്രനെ പൌലോസ് തടഞ്ഞു.
“യെസ്”
“ആരാണ് താങ്കള്‍ക്ക് ഈ വക്കാലത്ത് നല്‍കിയത്?” പൌലോസ് അയാളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു.
“സോറി മിസ്റ്റര്‍ എസ് ഐ. എന്റെ ക്ലയന്റ് അവരുടെ പേരുവിവരങ്ങള്‍ പുറത്ത് പറയരുത് എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. തല്‍ക്കാലം നാദിയ തന്നെ തന്നതാണ് എന്ന് കരുതിക്കോ. സൊ സീ യു ഇന്‍ കോര്‍ട്ട്..”
“വക്കീല്‍ സാറേ; നിങ്ങള്‍ നിങ്ങളുടെ തൊഴിലാണ് ചെയ്യുന്നത് എന്നെനിക്കറിയാം. അതില്‍ എനിക്ക് പ്രശ്നമൊന്നുമില്ല. പക്ഷെ നമ്മുടെയൊക്കെ തൊഴിലിന്റെ ആത്യന്തിക ലക്‌ഷ്യം നിയമത്തിന്റെ ശരിയായ ഉപയോഗത്തിലൂടെ കുറ്റകൃത്യങ്ങള്‍ തടയുക എന്നതാണ്. എന്നാല്‍ താങ്കളെപ്പോലെ ഉള്ള പ്രഗത്ഭരായ വക്കീലന്മാര്‍ അത് കുറ്റവാളികള്‍ക്ക് സ്വൈരവിഹാരം നടത്താനുള്ള മാര്‍ഗ്ഗാമായി മാറ്റുമ്പോള്‍, തകരുന്നത് ഈ രാജ്യത്തെ നിയമവ്യവസ്ഥ തന്നെയാണ്. താങ്കളുടെ പ്രൊഫഷന്‍ ഏതു രീതിയിലും ചെയ്തുകൊണ്ട് തന്നെ മറുഭാഗത്ത് താങ്കള്‍ക്ക് നിയമത്തെ സഹായിക്കാനും സാധിക്കും” പൌലോസ് പറഞ്ഞു.
“താങ്കള്‍ ഭംഗിയായി സംസാരിക്കുന്നു. ഒരു വക്കീല്‍ ആകേണ്ടിയിരുന്നു എന്നാണ് എന്റെ അഭിപ്രായം. അപ്പോള്‍ സീ യു..”
ഒരു പുഞ്ചിരിയോടെ അങ്ങനെ പറഞ്ഞ ശേഷം അയാള്‍ ഇരുവരെയും നോക്കിയിട്ട് പുറത്തേക്ക് പോയി.

Leave a Reply

Your email address will not be published. Required fields are marked *