മൃഗം 21 [Master]

Posted by

“അസീസ്‌ കോടതിയുടെ മുന്‍പാകെ സ്വയം കുറ്റം സമ്മതിച്ചവനും അവന്‍ അങ്ങനെ ചെയ്തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കോടതി കണ്ടതുമാണ്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി ശിക്ഷയ്ക്ക് വിധിച്ച അവന്‍ ഇനി മുന്‍പ് പറഞ്ഞത് മാറ്റിപ്പറഞ്ഞാല്‍ ആര് അംഗീകരിക്കാനാണ്? അവന്റെ മൊഴിമാറ്റത്തിന് വല്ല വിലയും കിട്ടണമെങ്കില്‍, വേറെയും തെളിവുകള്‍ ഇതിലേക്കായി കണ്ടെത്തേണ്ടി വരും. അതായത് മുംതാസിനെ അറേബ്യന്‍ ഡെവിള്‍സ് പിടിച്ചുകൊണ്ടുപോയി എന്നത് നേരില്‍ അറിയാവുന്ന മറ്റ് ആളുകളുടെ മൊഴിയും അതിനെ പിന്തുണയ്ക്കുന്ന തെളിവുകളും ഉണ്ടെങ്കില്‍, നമുക്ക് പ്രതീക്ഷയ്ക്ക് വകയുണ്ട്”
“കബീര്‍ എന്നവന്‍ ആണ് മുംതാസിനെ പ്രണയിച്ചു ചതിച്ചവന്‍. അവനാണ് അറേബ്യന്‍ ഡെവിള്‍സിന് കൊട്ടേഷന്‍ നല്‍കിയതും. അവന്‍ പക്ഷെ അന്നേ വിദേശത്തേക്ക് മുങ്ങിയതാണ്. അവനെ കൈയില്‍ കിട്ടിയാല്‍ നമ്മള്‍ പകുതി ജയിച്ചു. പിന്നെ ഉള്ളത് ഷാജിയാണ്. അന്ന് അവര്‍ ഉപയോഗിച്ച വണ്ടി ഓടിച്ചിരുന്നത് അവനാണ്. അവന്‍ ഒരിക്കലും പക്ഷെ നമുക്ക് അനുകൂലമായി മൊഴി നല്‍കില്ല. പിന്നെയുള്ളത് ഈ സംഭവം നേരില്‍ കണ്ട മത്സ്യവ്യാപാരി അബുബക്കര്‍ എന്ന ആളും, ട്രീസ എന്ന ടീച്ചറും ആണ്. ഇവര്‍ രണ്ടുപേരും അവരെ പേടിയുള്ളവര്‍ ആയതുകൊണ്ട് മൊഴി തരില്ല. അവര്‍ക്ക് ഇതിന്റെ പേരില്‍ ഡെവിള്‍സ് ഭീഷണി നല്‍കിയിട്ടുമുണ്ട്. ഞാന്‍ അവരെ കണ്ട് സംസാരിച്ചെങ്കിലും അവര്‍ സഹകരിക്കാന്‍ തയാറായിരുന്നില്ല” ഡോണ പറഞ്ഞു.
“കബീറിന്റെ വീട് എവിടെയാണ്?” പൌലോസ് ചോദിച്ചു.
“ഇടപ്പള്ളിയില്‍..”
“അവന്റെ വീട്ടില്‍ ആരോക്കെയുണ്ട്?”
“അവന്റെ വാപ്പ, ഉമ്മ, ഒരു ചേട്ടനും ഭാര്യയും, പിന്നെ അവന്റെ അനുജത്തിയും ഭര്‍ത്താവും”
“അവന്‍ വിദേശത്തേക്ക് പോയ ശേഷം തിരികെ വന്നിട്ടില്ലേ?’
“ഇല്ലെന്നാണ് എന്റെ അറിവ്”
“ഉം..നിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നിയമപരമായി അവനെതിരെ ഒന്നും ചെയ്യാന്‍ പറ്റില്ല. കാരണം അറേബ്യന്‍ ഡെവിള്‍സിന് അവന്‍ കൊട്ടേഷന്‍ നല്‍കി എന്നതിന് നമ്മുടെ പക്കല്‍ ഒരു തെളിവുമില്ല. അറേബ്യന്‍ ഡെവിള്‍സിന്റെ പങ്ക് തെളിഞ്ഞാല്‍ മാത്രമേ അവര്‍ക്ക് ഈ കൊട്ടേഷന്‍ നല്‍കിയ കബീറിനെ നമുക്ക് പൊക്കാന്‍ പറ്റൂ. അതുകൊണ്ട് അസീസിനെ കൂടാതെ ഷാജി കൂടി അവര്‍ക്കെതിരെ മൊഴി നല്‍കിയാല്‍, നമുക്ക് അതുവച്ച് കോടതിയില്‍ ഒരു ഹര്‍ജി നല്‍കി നോക്കാം..അതായത് പഴയ വിധി പുന പരിശോധിക്കാന്‍..കോടതി സമ്മതിച്ചാല്‍ മറ്റു രണ്ട് സാക്ഷികളെക്കൊണ്ടും ഞാന്‍ സത്യം പറയിച്ചോളാം..പക്ഷെ ഷാജി നമുക്ക് അനുകൂലമായി മൊഴി നല്‍കില്ലല്ലോ?” പൌലോസ് ആലോചനയോടെ പറഞ്ഞു.
“നല്‍കും സാറേ. അവന്റെ കാര്യം എനിക്ക് വിട്ടേക്ക്” വാസുവാണ് അത് പറഞ്ഞത്.
“എങ്ങനെ? അവന്‍ അവന്മാരുടെ വിശ്വസ്തനാണ്. ഒരിക്കലും അവര്‍ക്കെതിരെ അവന്‍ സംസാരിക്കില്ല” പൌലോസ് സംശയത്തോടെ പറഞ്ഞു.
“സംസാരിക്കും. അവന്റെ വീട് സാറിന്റെ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ആണ്. ഞാനൊരു ചെറിയ പണി ഒപ്പിക്കും. അവന്റെ വീട്ടുകാര്‍ സാറിന്റെ അടുക്കല്‍ പരാതിയുമായി എത്തും. അപ്പോള്‍ എന്നെ പിടിച്ച് അകത്തിടരുത് എന്നൊരു ഉറപ്പ് തരണം” വാസു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *