മൃഗം 21 [Master]

Posted by

പെട്ടെന്ന്‍ ഡോണ തന്റെ വലതുകരം കൊണ്ട് അയാളുടെ വായ പൊത്തി. അപ്രതീക്ഷിതമായ ഒരു റിഫ്ലക്സ് ആക്ഷന്‍ ആയിരുന്നു അത്. അവളുടെ കണ്ണുകള്‍ സജലങ്ങള്‍ ആകുന്നതും അരുതേ എന്ന അര്‍ത്ഥത്തില്‍ രണ്ട് തവണ അവള്‍ തലയാട്ടുന്നതും പൌലോസ് കണ്ടു. പെട്ടെന്ന് സ്ഥലകാലബോധം വന്ന ഡോണ ചമ്മലോടെ കൈ മാറ്റിയിട്ട് പുറത്തേക്ക് ഓടിപ്പോയി. പൌലോസ് ശിലപോലെ നിന്നുപോയി അല്‍പനേരം.
“വാടാ..പോകാം”
മരത്തില്‍ ചാരി നിന്ന വാസുവിനോട് ഓടിയിറങ്ങിച്ചെന്ന ഡോണ പറഞ്ഞു. വാസു അര്‍ത്ഥഗര്‍ഭമായി അവളെ നോക്കിക്കൊണ്ട് ബുള്ളറ്റില്‍ കയറി.
“എന്താടാ പതിവില്ലാത്ത ഒരു നോട്ടം..” ഡോണ കയറുന്നതിനിടെ ചോദിച്ചു.
“നിന്റെ മുഖത്ത് പതിവില്ലാത്ത ഒരു തുടുപ്പ്..പൌലോച്ചനോട് പ്രേമമായി നിനക്ക് അല്ലെ?” കിക്കറില്‍ കാല്‍ അമര്‍ത്തിക്കൊണ്ടു വാസു ചോദിച്ചു.
“അതേടാ..അതെ..ഐ ലവ് ഹിം…” ഡോണ മന്ത്രിച്ചു.
“ഉം..ഇനി മുംതാസും അറേബ്യന്‍ ഡെവിള്‍സും ഒക്കെ ഉപേക്ഷിച്ചു നീ കടപ്പുറത്ത് യുഗ്മഗാനം പാടി നടക്കുമോ?”
“ഒന്ന് പോടാ..ജീവിതത്തില്‍ ഇത്ര നാളിനിടയ്ക്കും ഞാന്‍ കണ്ടിട്ടുള്ള ഉത്തമ വ്യക്തിത്വങ്ങള്‍ക്ക് ഉടമകളായി മൂന്നു പുരുഷന്മാരാണ് ഉള്ളത്. അതില്‍ ഇന്ന് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് നീയാണ്. രണ്ടാം സ്ഥാനത്ത് മാത്രമേ എനിക്കെന്റെ പപ്പാ പോലും ഉള്ളൂ..മൂന്നാം സ്ഥാനത്തേക്കും എന്റെ ജീവിതത്തിലെ പരമപ്രധാന സ്ഥാനത്തേക്കും ഞാന്‍ അറിയാതെ കയറിവന്ന മനുഷ്യനാണ് പൌലോസ്. അയാള്‍ക്കോ എനിക്കോ അങ്ങനെ ഒരു ചിന്ത മനസ്സില്‍ ഒരിക്കലും ഉണ്ടായിരുന്നില്ല.. പിന്നെങ്ങനെ ഇത് സംഭവിച്ചു എന്ന് ചോദിച്ചാല്‍.. നോ.. ഉത്തരമില്ല…..” ഡോണ പറഞ്ഞു.
“അതെന്താടി നീ എനിക്ക് ഒന്നാം സ്ഥാനം തന്നത്?”
“ഒരുപാടു കാരണങ്ങള്‍ ഉണ്ട്. അതില്‍ ഏറ്റവും മുകളില്‍ നില്‍ക്കുന്നതാണ് അന്ന് നീ ഷാജിയോട് പറഞ്ഞ ആ വാക്കുകള്‍..എപ്പോള്‍ ഓര്‍ത്താലും എന്റെ കണ്ണും മനസും ഒരേപോലെ നിറയ്ക്കും നിന്റെ ആ ഉറച്ച ശബ്ദം..എന്നെ നിന്റെ പെങ്ങളായി കാണുന്നു എന്ന് നീ തന്നെ പറഞ്ഞ ആ സന്ദര്‍ഭം…..”
“പൌലോസിനോട്‌ നിനക്കെന്ത് കൊണ്ടാണ് ഇഷ്ടം തോന്നിയത്?”
“അയാളുടെ തൊഴിലിനോടുള്ള ആത്മാര്‍ഥത. തന്റേടം..പിന്നെ ആ തെറിച്ച സ്വഭാവം..അതിലേറെ..ഞാനും നീയും സ്ഥിരം ഒരുമിച്ച് പലയിടത്തും പോകുന്നവരായിട്ടും മറ്റൊരു മോശമായ തരത്തില്‍ അദ്ദേഹത്തില്‍ നിന്നും ഒരിക്കല്‍പ്പോലും ഒരു പരാമര്‍ശം ഉണ്ടാകാത്തത്..വളരെ വലിയ ഒരു വ്യക്തിത്വം ആണ് പൌലോസ്….”
“ശരിയാണ്..ഞാനും പലപ്പോഴും ആലോചിച്ചിരുന്നു നിനക്ക് ചേരുന്ന വ്യക്തിയാണ് പൌലോസ് എന്ന്..കാരണം നിന്റെയും അയാളുടെയും സ്വഭാവം ഏറെക്കുറെ ഒരേപോലെ തന്നെയാണ്..ഈനാമ്പേച്ചിക്ക് മരപ്പട്ടി തന്നെ കൂട്ടാകുന്നതല്ലേ നല്ലത്..”
“ടാ പോത്തെ നിന്നെ ഞാന്‍..” ഡോണ വാസുവിനെ തുരുതുരാ ഇടിച്ചു.
————
“ഹഹഹ..പക്ഷെ ഇതുപോലെ ചില ഉപകാരങ്ങള്‍ തിരിച്ച് ഇങ്ങോട്ടും ചെയ്യണം. ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും എന്നാണല്ലോ?”
ചേറ്റുവ മൂസ എന്ന മഞ്ഞ ഉച്ചപത്രത്തിന്റെ ഉടമ ഫോണിലൂടെ സംസാരിക്കുകയായിരുന്നു. സമയം രാത്രി ഒമ്പതുമണി. അമ്പത് വയസിനടുത്ത് പ്രായമുള്ള നല്ല കരുത്തനായ ഒരാളാണ് മൂസ. നരച്ച കുറ്റിമുടിയും കുറ്റിത്താടിയും. ഞരമ്പുകള്‍ തെളിഞ്ഞു കാണാവുന്ന ഉറച്ച കൈകള്‍. പത്രത്തിന്റെ പ്രസ്സിനോട് ചേര്‍ന്നുള്ള ഓഫീസില്‍ ആയിരുന്നു അയാള്‍. ഒപ്പം ഒരു കൂട്ടാളിയും വാതില്‍ക്കല്‍ ഒരു സെക്യൂരിറ്റിയും ഉണ്ടായിരുന്നു. അടുത്ത ദിവസത്തെ പത്രത്തിലേക്ക് വേണ്ട മാറ്ററുകള്‍ ഉള്ളില്‍ തയാറാക്കിക്കൊണ്ട് അയാളുടെ ജോലിക്കാര്‍ തിരക്കിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *