മൃഗം 21 [Master]

Posted by

“പേപ്പര്‍..”
പുറത്ത് കൊച്ചി ഹോട്ട് പത്രത്തിന്റെ അന്നത്തെ ഒരു പതിപ്പ് വലതു കൈയിലും ജാക്ക് ഡാനിയല്‍സ് വിസ്കിയുടെ ടിന്‍ ഇടതുകൈ കൊണ്ട് ചുണ്ടോട് ചേര്‍ത്തും വാസു നില്‍പ്പുണ്ടായിരുന്നു. അവന്റെ നില്‍പ്പും മട്ടും, കൈയിലിരിക്കുന്ന വിലകൂടിയ മദ്യ ടിന്നും എബിയുടെ ലഹരി ഒറ്റയടിക്ക് ഇറക്കി. മുന്‍പില്‍ നില്‍ക്കുന്നത് ഏതോ മഹാമാരണമാണ് എന്ന് മനസിലാക്കാന്‍ അവനധികം താമസമൊന്നും വേണ്ടി വന്നില്ല.
“ആരാ? എന്ത് വേണം?”
പത്രം വാങ്ങാതെ എബി ചോദിച്ചു.
“നീ ഈ പത്രം വാങ്ങ് റിപ്പോര്‍ട്ടറെ..അതില്‍ നിനക്ക് മാത്രം വായിക്കാന്‍ വേണ്ടി ഫ്രണ്ട് പേജില്‍ തന്നെ ഒരു ഐറ്റം ഉണ്ട്..ഉം..” വാസു പത്രം പിന്നെയും നീട്ടി.
എബി മനസില്ലാമനസോടെ പത്രം വാങ്ങി ഒന്നാം പേജില്‍ കണ്ണോടിച്ചു. തലേ ദിവസം താന്‍ നല്‍കിയ അതെ ചിത്രം ഇന്നും വന്നിരിക്കുന്നു. പക്ഷെ അതിനു കുറുകെ ഒരു ഗുണന ചിഹ്നം വലുതായിത്തന്നെ ഇട്ടിട്ടുണ്ട്. അവന്റെ കണ്ണുകള്‍ ഉദ്വേഗത്തോടെ താഴേക്ക് നീങ്ങി.
“ഇന്നലെ ഇങ്ങനെയൊരു ചിത്രം ഇടേണ്ടി വന്നതില്‍ ഞങ്ങള്‍ നിര്‍വ്യാജം ഖേദിക്കുന്നു. വാര്‍ത്തയുടെ നിജസ്ഥിതി അറിയാതെ പ്രശസ്ത റിപ്പോര്‍ട്ടര്‍ ആയ എബി കുര്യാക്കോസ് നല്‍കിയ വിവരമനുസരിച്ചാണ് ഞങ്ങള്‍ ഇത് പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഞങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും ഇത് എബിക്ക് സബ് ഇന്‍സ്പെക്ടര്‍ പൌലോസിനോടുള്ള വ്യക്തിപരമായ പക മൂലം ഞങ്ങളെക്കൊണ്ട് ചെയ്യിച്ചതാണ് എന്ന് ബോധ്യമായതിനാല്‍. ഈ തെറ്റായ വാര്‍ത്തയുടെ എല്ലാ ഉത്തരവാദിത്തങ്ങളും ഏറ്റെടുത്തുകൊണ്ട് ഇതുമായി ബന്ധപ്പെട്ട സകലരോടും മാപ്പ് ചോദിക്കുന്നു. എന്ന് പത്രാധിപര്‍ ചേറ്റുവ മൂസ”
എബിയുടെ ശരീരം വിയര്‍ത്തു. അവന്റെ മനസ് കലുഷിതമായി. തന്റെ ജോലി തന്നെ ഇതുമൂലം നഷ്ടപ്പെടാം എന്നവന് തോന്നി.
“ഏത് പട്ടിയാടാ ഈ കള്ളം എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്?”
വാസുവിനെ നോക്കി അവന്‍ അലറി. വാസു അവന്റെ കഴുത്തിനു പിടിച്ച് ഉള്ളിലേക്ക് തള്ളി. എബി തെറിച്ച് സോഫയിലേക്ക് വീണു. ഉള്ളില്‍ കയറിയ വാസു കതക് ഉള്ളില്‍ നിന്നും പൂട്ടി. പിന്നെ ഒരു കസേര വലിച്ച് നേരെ എബിയുടെ മുന്‍പില്‍ ഇട്ട് അവിടെ ഇരുന്നു. ചാടി എഴുന്നേല്‍ക്കാന്‍ നോക്കിയ എബിയെ അവിടെ ഇരുന്നുകൊണ്ട് തന്നെ ചവിട്ടി അവന്‍ ഭിത്തിയോട് ചേര്‍ത്ത് ഇരുത്തി. പിന്നെ മദ്യം അല്‍പ്പം നുണഞ്ഞു.
“എന്നെ വിടടാ..കള്ളപ്പന്നീ..ഐ വില്‍ കാള്‍ ദ പോലീസ്..” എബി അവന്റെ കാലിന്റെ അടിയില്‍ നിന്നും മാറാന്‍ ശ്രമിച്ചുകൊണ്ട് അലറി. വാസു കാല്‍ മാറ്റി.
“ശരി എന്നാല്‍ നീ പോലീസിനെ വിളി..എന്നിട്ടാകാം ബാക്കി….”
എബി വേഗം ചെന്നു ഫോണെടുത്ത് പോലീസ് കണ്ട്രോള്‍ റൂമിലേക്ക് വിളിച്ചു വിവരം പറഞ്ഞു. വാസു മദ്യം നുണഞ്ഞുകൊണ്ട് അവനെത്തന്നെ നോക്കി ഇരിക്കുകയായിരുന്നു. ഫോണ്‍ വച്ച ശേഷം എബി മേശപ്പുറത്തിരുന്ന കത്തിയെടുത്ത് വാസുവിന് നേരെ ചാടി. അടുത്ത നിമിഷം ജാക്ക് ഡാനിയല്‍സിന്റെ ടിന്‍ അവന്റെ മുഖത്ത് തന്നെ ഊക്കോടെ പതിച്ചു. ഒരു അലര്‍ച്ചയോടെ എബി കത്തി കളഞ്ഞിട്ടു മുഖം പൊത്തി. അവന്റെ മൂക്കില്‍ നിന്നും ചോര ചീറ്റിയൊഴുകി. നിലത്ത് വീണ മദ്യക്കുപ്പി എടുത്ത് അല്‍പ്പം കൂടി സിപ് ചെയ്ത ശേഷം അടപ്പ് മുറുക്കിയിട്ട് വാസു പോക്കറ്റില്‍ വച്ചു. പിന്നെ എബിയെ പിടിച്ച് അവനിരുന്ന കസേരയില്‍ ഇരുത്തി.

Leave a Reply

Your email address will not be published. Required fields are marked *