മൃഗം 21 [Master]

Posted by

“എടാ പീറ റിപ്പോര്‍ട്ടറെ..നീ എന്താ കരുതിയത്? നിന്റെ സ്വാധീനം വച്ച് ഒരു പാവം പെണ്ണിനെ അവഹേളിക്കാമെന്നോ? ഇനി നീ അവളെയെന്നല്ല, ഒരു പെണ്ണിനേയും അവഹേളിക്കാന്‍ ശ്രമിക്കില്ല. നിന്റെ ഈ വലതുകൈ ഞാനിങ്ങ് എടുക്കാന്‍ പോകുകയാണ്. ഇനിമുതല്‍ നീ കൈ ഇല്ലാതെ റിപ്പോര്‍ട്ടിയാല്‍ മതി”
വെട്ടിത്തിളങ്ങുന്ന ഒരു സ്റ്റീല്‍ കത്തി സോക്സിനുള്ളില്‍ നിന്നും ഊരിയെടുത്തുകൊണ്ട് വാസു പറഞ്ഞു.
“നീ ആരാണ്? എന്താണ് നിന്റെ പ്രശ്നം? നീയും ഞാനും തമ്മില്‍ ഒരു പ്രശ്നവുമില്ലല്ലോ? പിന്നെ?” എബി ദുര്‍ബലമായ ശബ്ദത്തില്‍, ഭീതിയോടെ ചോദിച്ചു.
“ഇല്ല..നീയും ഞാനും തമ്മില്‍ പ്രശ്നമൊന്നുമില്ല. പക്ഷെ ഡോണ..അവളെ നീ അവഹേളിച്ചു. അതാണ്‌ പ്രശ്നം?”
“നീ അവളുടെ ആരാണ്? മറ്റൊരു കാമുകനോ?”
വാസുവിന്റെ വലതുകാല്‍പ്പത്തി അവന്റെ ഇടതു കരണത്ത് പതിഞ്ഞു. വായില്‍ എന്തോ സംഭവിച്ചത് എബി അറിഞ്ഞു. തൊട്ടടുത്ത നിമിഷം തന്നെ തന്റെ വായിലൂടെ ചോര ഒഴുകി ഇറങ്ങുന്നത് കണ്ട് അവന്‍ നിലവിളിച്ചു.
“രക്ഷിക്കോ..അയ്യോ എന്നെ കൊല്ലുന്നേ..:”
“പേടിക്കണ്ടടാ..ഒരൊറ്റ അണപ്പല്ല് മാത്രമേ ഇളകിയിട്ടുള്ളൂ..ഇനി നിന്റെ ആ പുഴുത്ത നാവു കൊണ്ട് അവളെക്കുറിച്ച് വല്ലതും പറഞ്ഞാല്‍, നിന്റെ വീട്ടുകാരോട് പള്ളിയില്‍ ഒരു കല്ലറ പണിയാനുള്ള ഏര്‍പ്പാട് ഉടനടി ചെയ്യാന്‍ പറഞ്ഞിട്ടേ ആകാവൂ…” അവന്റെ കഴുത്തിനു പിടിച്ച് വായടപ്പിച്ചുകൊണ്ട് വാസു മുരണ്ടു.
“ആരാടാ പട്ടീ നീ..” കരഞ്ഞുകൊണ്ട് എബി ചോദിച്ചു.
“ഞാന്‍ വാസു..ഡോണയുടെ ബോഡി ഗാര്‍ഡ്..അപ്പൊ നമുക്ക് പോകാം..കുറെ നാള്‍ നീ ആശുപത്രിയില്‍ കിടക്ക്‌. നിനക്കല്‍പ്പം ബെഡ് റസ്റ്റ്‌ അത്യാവശ്യമാണ്..വാ..പൊന്നുമോന്‍ ബാ…”
അവന്‍ അങ്ങനെ പറഞ്ഞിട്ട് അവന്റെ കൈയില്‍ പിടിച്ച് പുറത്ത് ബാല്‍ക്കണിയിലേക്ക് കൊണ്ടുചെന്നു. രണ്ടാം നിലയിലാണ് അവന്റെ ഫ്ലാറ്റ്. വാസു നോക്കി. താഴേക്ക് വലിയ ദൂരമില്ല. ചുറ്റും ഒന്ന് നോക്കിയ ശേഷം അവന്‍ അവനെ പൊക്കിയെടുത്ത് നിലത്തെക്കെറിഞ്ഞു. നിലവിളിയോടെ എബി അവിടെ കിടന്നു പിടയുന്നത് നോക്കി വാസു പടികള്‍ ഇറങ്ങി. ശബ്ദം കേട്ട് ആളുകള്‍ ഓടിക്കൂടുന്നത് കണ്ട് അവന്‍ മെല്ലെ പടികള്‍ ഇറങ്ങി. ആരൊക്കെയോ ചേര്‍ന്ന് അവനെ പൊക്കിയെടുത്ത് ഏതോ വണ്ടിയില്‍ കയറ്റുന്നത് നോക്കി വാസു ബുള്ളറ്റില്‍ കയറി കിക്കറില്‍ കാലമര്‍ത്തി.
——
“ഹഹ്ഹ്ഹ..വണ്ടര്‍ഫുള്‍..വാസൂ നീ ഞാന്‍ കരുതിയതിലും വളരെ വളരെ മുകളില്‍ ആണല്ലോടാ..അയാളെക്കൊണ്ട് തന്നെ നീ തിരുത്തിച്ച് പത്രം ഇറക്കുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല..ഇതിനു ഞാന്‍ നിനക്കെന്താണ് തരേണ്ടത്..അയാം സൊ ഹാപ്പി മാന്‍..”
പത്രവുമായി വാസുവിനും ഡോണയ്ക്കും ഒപ്പം ആശുപത്രിയില്‍ അസീസിന്റെ മുറിയില്‍ ആയിരുന്നു പൌലോസ്. അസീസിനെ കിടത്തിയിരുന്ന മുറിയുടെ തൊട്ടടുത്ത മുറിയില്‍ ആയിരുന്നു എബിയെ അഡ്മിറ്റ്‌ ചെയ്തിരുന്നത്.
“സാറ് വാസുവിന്റെ നൂറില്‍ ഒന്നുപോലും കണ്ടിട്ടില്ല ഇതുവരെ….ഇതൊക്കെ എന്ത് അല്ലേടാ?” ഡോണ വാസുവിന്റെ തോളില്‍ കൈ വച്ചുകൊണ്ട് പറഞ്ഞു.
“എന്നാലും മാന്‍..യു ഡിഡ് സംതിംഗ് റിയലി ഗ്രേറ്റ്..അവനെക്കൊണ്ട് എഴുതിച്ചവന്‍ ദാ ആ മുറിയില്‍ അഡ്മിറ്റ്‌ ആണ്…പോലീസ് ഇടപെട്ടാല്‍ പോലും ഇതുപോലൊരു ശിക്ഷ ഇവര്‍ക്ക് രണ്ടാള്‍ക്കും കിട്ടില്ലായിരുന്നു. ഡോണ..നിന്റെ പപ്പാ എങ്ങനെ കണ്ടെടുത്തെടി ഇവനെ?” പൌലോസിന് വാസുവിന്മേല്‍ ഉള്ള മതിപ്പ് അമിതമായി വര്‍ദ്ധിച്ചിരുന്നു ഈ രണ്ട് സംഭവങ്ങളോടെ.
“യു നോ ഫാദര്‍ ഗീവര്‍ഗീസ്? ഹി ഈസ് എ ഗ്രേറ്റ് ഹ്യൂമന്‍ ആന്‍ഡ്‌ മൈ ഫാദേഴ്സ് ഫ്രണ്ട് അസ് വെല്‍. ബട്ട് യു നോ, ഹിസ്‌ ക്ലോസ് ഫ്രണ്ട് ഈസ് ദിസ് ഹീറോ..മൈ നോട്ടി ലവിംഗ് ബ്രദര്‍..” സ്റ്റൈലില്‍ ഇംഗ്ലീഷ് പറഞ്ഞുകൊണ്ട് ഡോണ പൌലോസിനെ നോക്കി.
“റിയലി? ഞാന്‍ അവിടെ ഉള്ളപ്പോള്‍ അദ്ദേഹത്തെ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്. നീ എങ്ങനെയാടാ അദ്ദേഹവുമായി ചങ്ങാത്തത്തില്‍ ആയത്?’ പൌലോസ് അത്ഭുതത്തോടെ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *