ഭക്ഷണം കഴിച്ച ശേഷം സംഘം യാത്ര തുടർന്നു.ദുർഘടമായ വഴികളും വന്യമൃഗങ്ങളെയും പിന്നിട്ട് അവർ കാട്ടുബംഗ്ലാവിലെത്തി. മാനവർമയ്ക്ക് ആത്മവിശ്വാസം തോന്നി, ഇങ്ങോട്ടു വരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിനാൽ ഒരു സൈനികനീക്കം ഇവിടെ നടപ്പുള്ള കാര്യമല്ല.താൻ ഇവിടെ സുരക്ഷിതനായിരിക്കുമെന്ന് അയാളുടെ മനസ്സ് ചൊല്ലി.
ശത്രുക്കളുടെ ആക്രമണം ഉണ്ടായാൽ രക്ഷപ്പെടുന്നതിനായി ആറ്റിങ്ങൽ രാജാക്കൻമാർ സ്ഥാപിച്ചതാണ് ആ കാട്ടുകൊട്ടാരം. ചുറ്റും അഗാധമായ കാടുള്ള അതിന്റെ ഒരുവശം കുലംകുത്തിയൊഴുകുന്ന നെയ്യാർ പുഴയാണ്. പ്രകൃതി തന്നെ കോട്ടതീർത്ത സുരക്ഷിതമായ ആ കൊട്ടാരം ഒരു പ്രേതഭവനം പോലെ ഭീതിയുണർത്തുന്നതായിരുന്നു. അഞ്ചേക്കർ വിസ്തീർണമുള്ള അതിന്റെ പര്യമ്പുറത്തിന്റെ അതിർത്തിയിൽ ഒരാൾ പൊക്കമുള്ള ഒരു കോട്ടമതിലുണ്ടായിരുന്നു.
മുകൾ നിലയിലെ സുരക്ഷിതമായ ഒരു മുറിയിലേക്ക് മാനവർമ കടന്നു.അതിന്റെ കിളിവാതിലിലൂടെ നോക്കിയാൽ കൊട്ടാരത്തിനു ചുറ്റുമുള്ള കാര്യങ്ങൾ കൃത്യമായി നോക്കിക്കാണാം. ഇരുപതോളം വരുന്ന സൈനികരെ പറമ്പിൽ അങ്ങിങ്ങോളം വിന്യസിച്ചിരുന്നു.വാളും വില്ലും ഒരു പോലെ കൈകാര്യം ചെയ്യാനറിയാവുന്ന എണ്ണം പറഞ്ഞ നായൻമാരായിരുന്നു ആ പടയാളികൾ.അതു കൂടാതെ പത്ത് വേട്ടപ്പട്ടികളെ പറമ്പിൽ അഴിച്ചുവിട്ടിരുന്നു. അഞ്ചു സൈനികർ കൊട്ടാരത്തിനുള്ളിലും കാവലുണ്ടായിരുന്നു. തേക്കിൽ നിർമിച്ച ഒരു ടൺ ഭാരം വരുന്ന കതകായിരുന്നു മാനവർമയുടെ മുറിയുടേത്. അറബിപ്പൂട്ടിട്ടു പൂട്ടിയ അതിന്റെ വാതിൽ പൊളിക്കാൻ സാധ്യമല്ല. മുറിപൂട്ടി സുരക്ഷിതനായി മാനവർമ അതിനുള്ളിൽ കഴിഞ്ഞു.അതീവസുരക്ഷിതമായിരുന്നു ആ ബന്തവസ്സ്,ഒരീച്ചയ്ക്കു പോലും കയറാൻ സാധിക്കാത്ത വണ്ണം.ആതിരാറാണിയുടെ ഭീഷണിസമയമായ 4 ദിനം താൻ വിജയകരമായി പിന്നിടുമെന്നു മാനവർമ ഇപ്പോൾ ഉറച്ചു വിശ്വസിച്ചു. അങ്ങനെയെങ്കിൽ താൻ മരണത്തിൽ നിന്നു രക്ഷപ്പെടും. ആ ചിന്ത അയാളിൽ കുളിരുകോരിയിട്ടു.
രണ്ടുദിനങ്ങൾ അങ്ങനെ കടന്നു. ഇനി രണ്ടുദിനം കൂടി.മാനവർമ കിളിവാതിലിനരികെ നിന്നു മാറിയതേയില്ല.അയാൾ ചുറ്റും നിരീക്ഷിച്ചുകൊണ്ടിരുന്നു.മൂന്നാം ദിനവും പിന്നിട്ടു.
നാലാം നാൾ ഉച്ച കഴിഞ്ഞു. ഉച്ചഭക്ഷണത്തിനു ശേഷം മാനവർമ നിരീക്ഷണം തുടർന്നു, താൻ വിജയത്തോടടുക്കുകയാണെന്ന് അയാൾക്കു തോന്നി. അയാൾ രണ്ടുകോപ്പ മദ്യം കഴിച്ചു.ഉദാസീനമായി കിളിവാതിലിലൂടെ നോക്കിയിരുന്ന മാനവർമ അപ്പോഴാണ് ആ കാഴ്ച കണ്ടത്. കുത്തിയൊഴുകുന്ന നെയ്യാറിനു കുറുകെ വരികെയാണ് ഒരു ചങ്ങാടം.