രേവണ്ണയുടെ അലമുറ ഉച്ചത്തിലായി. ഭ്രാന്തുകയറിയ രാക്ഷസിമാരെപ്പോലെ കൊട്ടൂർ തമ്പുരാട്ടിമാർ ആർത്തു ചിരിച്ചു.അയാളുടെ ശരീരത്തിൽ നിന്നു മതിവരുവോളം അവർ ചോരകുടിച്ചു.
ഒടുവിൽ വെട്ടിയിട്ട വാഴത്തട പോലെ രേവണ്ണ ചേതനയറ്റുവീണു.
തമ്പുരാട്ടിമാർ ഭക്ഷിച്ചു ബാക്കി വന്ന ശരീരം കാട്ടിലെ മൃഗങ്ങൾ സദ്യയാക്കി.
ഇതോടെ മറവപ്പട ഉന്മൂലനം ചെയ്യപ്പെട്ടു. അവരുടെ മിക്കവാറും എല്ലാ സൈനികരും കൊല്ലപ്പെട്ടിരുന്നു. തമിഴ്നാട്ടിലെ മറവനാട്ടിൽ നിന്നു രാജകുമാരി ചിന്നകോടി പലായനം ചെയ്തു. അവരെപ്പറ്റി പിന്നീടൊരു വിവരവുമുയർന്നില്ല.
കേരളത്തിനെയും തമിഴ്നാടിനെയും പലതവണ മുൾമുനയിൽ നിർത്തിയ മറവവംശത്തിന് അതോടെ അന്ത്യമായി.
എന്നാൽ ഈ യുദ്ധത്തിനു ശേഷം കൊട്ടൂർ തമ്പുരാട്ടിമാർക്കു പോർബാധ പിടിപെട്ടു. യുദ്ധസ്ഥലത്തു കറങ്ങുന്ന ദുരാത്മാക്കൾ രാജാക്കൻമാരുടെയും റാണിമാരുടെയും ശരീരത്തിൽ കയറുന്നതിനാണു പോർബാധയെന്നു പറയുന്നത്. പോർബാധയിൽ ഉൻമത്തരായ അവർ എല്ലാവരെയും ആക്രമിക്കാൻ തുടങ്ങി. പ്രജകളും കാട്ടുമൃഗങ്ങളുമൊക്കെ അവരുടെ ചോരക്കൊതിയിൽ കൊല്ലപ്പെട്ടു. വീണ്ടും പ്രതിസന്ധി.
കാട്ടുമൂപ്പനായ കേളൻ മന്ത്രവാദിയും കൂടിയാണ്. കൊട്ടൂർ തമ്പുരാട്ടിമാരുടെ നരമേധത്തിൽ പൊറുതിമുട്ടിയ മകൻ സോമദത്തൻ കേളനെ വിളിപ്പിച്ചു.എന്താണു പരിഹാരമെന്ന് ആരാഞ്ഞു.
‘അടിയൊഴിപ്പിക്കണം തമ്പ്രാ, അതു തന്നെ പരിഹാരം. ‘കേളൻ പറഞ്ഞു.
പോർബാധ റാണിമാരുടെ ഗർഭപാത്രത്തിലാണു കയറുന്നതെന്നായിരുന്നു അക്കാലത്തെ വിശ്വാസം. അതിനു പരിഹാരം വിചിത്രമായിരുന്നു. നീചജാതിയിലുള്ള ഒരു പുരുഷനുമായി റാണി ബന്ധപ്പെടണം.ആ പുരുഷനെ വിശേഷിപ്പിക്കുന്നത് കരുവെന്നായിരുന്നു. കരുവുമായുള്ള ബന്ധത്തിൽ ജനിക്കുന്ന ജാരസന്തതിയെ കുരുതികൊടുക്കുന്നതോടെ ബാധ ഒഴിഞ്ഞുപോകും.ഈ യജ്ഞത്തിന്റെ പേരായിരുന്നു അടിയൊഴിപ്പിക്കൽ.
ഏതായാലും ചടങ്ങ് നടത്താൻ സോമദത്തൻ തീരുമാനിച്ചു.
കാട്ടാളജാതിയിൽ നിന്നുള്ള കോമൻ എന്നു പേരായ കരുത്തനായ യുവാവിനെ കരുവാക്കി.കൊട്ടൂർക്കാടിനു മുകളിൽ പാറപ്പുറത്ത് സോമദത്തൻ അടിയൊഴുപ്പിക്കൽ യജ്ഞം തുടങ്ങി.രണ്ട് ഇരിപ്പിടങ്ങൾ യജ്ഞകുണ്ഡത്തിനു സമീപം ഒരുക്കിയിരുന്നു. അപ്പുറത്തായി ഒരു ശയ്യയും.
യജ്ഞകുണ്ഡത്തിലേക്കു നെയ്യും മലരും പനിനീരും, തേനുമുൾപ്പെടെ പ്രേമോദ്ധീപകമായ ഒട്ടേറെ വസ്തുക്കൾ സോമദത്തൻ സമർപ്പിച്ചു.മന്ത്രോച്ചാരണം തുടർന്നു. യജ്ഞത്തിലെ കരുവായ കോമനെ തെച്ചിപ്പൂമാലയിട്ടു കുണ്ഡത്തിനു സമീപം ഇരുത്തിയിരുന്നു.പൂർണനഗ്നനായിരുന്നു കോമൻ.