അനുപമ പെട്ടെന്ന് തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും നോക്കിയ ശേഷം ജീനയുടെ വാ പൊത്തി പിടിച്ചു. എന്നിട്ട് നാണം കെടുത്തരുത് എന്ന് മുഖം കൊണ്ട് ആഗ്യം കാണിച്ചു.
ചിരി കടിച്ചമർത്തി അനുപമയുടെ കൈ മുഖത്ത് നിന്നും മാറ്റിക്കൊണ്ട് ജീന ചോദിച്ചു.
“എന്താ അനുവിന് ഇങ്ങനെ ഒരു പൊട്ടത്തരം തോന്നാൻ കാരണം?”
“ജീന സാറിനോട് കാണിക്കുന്ന സ്വാതന്ത്രം കണ്ട് ചോദിച്ച് പോയതാണ്.”
കാബിനുള്ളിൽ ഇരിക്കുന്ന ശ്രീഹരിയെ നോക്കികൊണ്ട് ജീന പറഞ്ഞു.
“എന്റെ അറിവിൽ ഇച്ചായന് ഒരേയൊരു പ്രണയമേ ഉള്ളായിരുന്നു.. അത് ക്ലാര ചേച്ചിയോടായിരുന്നു.”
ശ്രീഹരിയുടെ ജീവിതത്തിൽ ക്ലാര എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു എന്ന് അനുപമ അപ്പോഴാണ് അറിയുന്നത്.
“അവരുടെ പ്രണയ നിമിഷങ്ങളുടെ എല്ലാം സാക്ഷി ഞാൻ ആയിരുന്നു.”
“എന്നിട്ട് അവർ എന്താ ഒന്നിക്കാഞ്ഞെ?”
അവൾ ശ്രീഹരിക്കും ക്ലാരക്കും ഇടയിൽ സംഭവിച്ചതെല്ലാം അനുപമയോട് പറഞ്ഞു.
എല്ലാം കേട്ട് കഴിഞ്ഞ അനുപമ ചോദിച്ചു.
“അപ്പോൾ നിങ്ങൾക്ക് ഇടയിൽ പ്രണയമില്ല.. സൗഹൃദം മാത്രമാണ് ഉള്ളതല്ലേ?”
“അതെ..”
അനുപമ ചുറ്റും നോക്കി അടുത്തൊന്നും ആരും എല്ലാ എന്ന് ഉറപ്പ് വരുത്തിയ ശേഷം പറഞ്ഞു.
“എനിക്ക് സാറിനെ പറ്റി ഒരു കാര്യം പറയാനുണ്ടായിരുന്നു.”
“എന്ത് കാര്യം?”
“സർ നല്ലൊരു മനസിന് ഉടമയാണ്.. പക്ഷെ എല്ലാ മനുഷ്യരെയും പോലെ ഒരു വീക്ക് പോയിന്റ് സാറിനും ഉണ്ട്.. പക്ഷെ ഞാൻ അത് പറഞ്ഞു കഴിഞ്ഞാൽ ജീനക്ക് സാറിനോട് ദേഷ്യമൊന്നും തോന്നരുത്.”