“ഇതല്ലായിരുന്നോ പ്രശനം.. ദാ കണ്ടോ.. എനിക്കിതിൽ ഒരു കുഴപ്പവും ഇല്ല.. ഞാൻ ഇച്ചായന്റെ പഴയ ജീന തന്നെയാണ് ഇപ്പോൾ.”
അപ്പോഴും അവൻ ഒന്നും മിണ്ടാതെ അവളുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. അവൾ ഒരു നിമിഷം ആലോചിച്ച ശേഷം ശ്രീഹരിയുടെ മുഖം പിടിച്ച് തന്നിലേക്കടുപ്പിച്ച് അവന്റെ ചുണ്ടുകൾ അവളുടെ നെറ്റിയിലമർത്തി.
അതിന് ശേഷം അവനെ തന്നിൽ നിന്നും അകറ്റികൊണ്ട് ചോദിച്ചു.
“ഇതിൽ കൂടുതൽ ഇച്ചായനെ എങ്ങനാ വിശ്വസിപ്പിക്കേണ്ടതെന്ന് എനിക്കറിയില്ല.”
അവളുടെ കവിളിൽ കൂടി ഒഴുകുന്ന കണ്ണുനീർ തുടച്ച് കൊണ്ട് ശ്രീഹരി പറഞ്ഞു.
“എനിക്കിപ്പോൾ വിശ്വാസം ആണ്. നീ എന്റെ ജീന തന്നെയാണ്.”
“എങ്കിൽ ഞാൻ ഈ തോളിൽ തല ചേർത്ത് ഇരുന്നോട്ടെ?”
ശ്രീഹരി സോഫയിലേക്ക് ചാരി ഇരുന്ന ശേഷം അവളുടെ തല തന്റെ നെഞ്ചോടു ചേർത്ത് വച്ച് തന്നിലേക്ക് അമർത്തിപ്പിടിച്ചു.
“ഞാൻ എന്തെങ്കിലും പൊട്ടത്തരം പറഞ്ഞാലും ഇച്ചായൻ അതും മനസ്സിൽ വച്ച് പെരുമാറുകയാണോ വേണുന്നെ?.. എന്നെ വഴക്ക് പറഞ്ഞ് കാര്യം മനസിലാക്കി തരുകയല്ലേ ചെയ്യേണ്ടേ?”
“എങ്കിൽ ഞാൻ ഒരു കാര്യത്തിന് നിന്നെ വഴക്ക് പറയട്ടെ?’
അവൾ പറഞ്ഞോളു എന്ന അർത്ഥത്തിൽ മൂളി.
“നീ എന്തിനാ കല്യാണക്കാര്യം പറയുമ്പോൾ ഒഴിഞ്ഞുമാറി പോകുന്നെ?”
ഈ ഒരു കാര്യം തന്നെയായിരിക്കും ശ്രീഹരിക്ക് പറയാനുള്ളതെന്ന് അവൾ ഊഹിച്ചിരുന്നു.
“ഇച്ചായന് അറിഞ്ഞു കൂടെ എന്റെ കാര്യങ്ങൾ.. എനിക്കിനി എങ്ങനാ നല്ലൊരു ഭാര്യയായി ജീവിക്കാൻ കഴിയുക?”
“തെറ്റുകൾ പറ്റാത്തതായി ആരാണുള്ളത് ജീന.. നിന്നെ കെട്ടുന്നവർ വേറെ ഒരു പെണ്ണിനൊപ്പം പോയിട്ടില്ലെന്ന് നിനക്ക് ഉറപ്പ് കാണുമോ?”
“അതൊന്നും എനിക്കറിയില്ല.. പക്ഷെ കല്യാണം കഴിഞ്ഞ് ഭർത്താവുമൊത്ത് ജീവിക്കുമ്പോൾ എന്റെ ശരീരം അനുഭവിച്ച ഒരുത്തൻ മുന്നിൽ വന്ന് നിന്നാൽ പിന്നെ എന്തായിരിക്കും എന്റെ അവസ്ഥ.”
കുറച്ച് നേരം ആലോചിച്ച ശേഷം ശ്രീഹരി പറഞ്ഞു.