വീട്ടിൽ നിന്നും ഇറങ്ങുമ്പോ എന്തോ എല്ലാം നഷ്ട്ടപ്പെട്ടു എന്നൊരു തോന്നൽ എനിക്കുണ്ടായി… കണ്ണുകൾ അടഞ്ഞു സൈഡിൽ കൂടി കണ്ണീർ ഞാൻ എത്ര പിടിച്ചു നിർത്തിയിട്ടും നിന്നില്ല…. ആകെ ഒരു ഇരുട്ട് മാത്രം…. പിന്നെ എല്ലാം യാന്ത്രികമായിരുന്നു എയർപോർട്ട് എത്തി കൂട്ടുകാർ തിരിച്ചു പോകുമ്പോ അതിലും വലിയ സങ്കടം ആയിരുന്നു…. അതിനെയും ചിരിച്ചു കൊണ്ട് നേരിട്ട് ഞാൻ ആദ്യമായി എയർപോർട്ടിന്റെ ഉള്ളിലേക്ക് കടന്നു…. സംശയം ഉള്ള കാര്യങ്ങൾ മുന്നിൽ നിന്ന ആളോട് ചോദിച്ചു അവസാനം ഫ്‌ളൈറ്റ് കയറുന്ന വെയ്റ്റിങ് റൂമിൽ എത്തി….. അവിടെ ഇരുന്ന് കണ്ണുകൾ അടച്ചപ്പോ ഉപ്പയില്ലാതെ വീട്ട് പണി എടുത്ത് ഞങ്ങളെ വളർത്തിയ ഉമ്മാടെ മുഖം ആണ് തെളിഞ്ഞു വന്നത്…. അനിയൻ പഠിക്കാൻ മിടുക്കനാണ് പഠിപ്പിക്കണം… അനിയത്തിയെ നല്ലഒരു പയ്യനെ കൊണ്ട് കെട്ടിക്കണം കുറെ സ്വർണ്ണവും എല്ലാം കൊടുത്ത് അതിന് അവിടെ എന്ത് കഷ്ടപ്പാട് ആണെങ്കിലും പിടിച്ചു നിക്കണം എന്ന നിശ്‌ചയിച്ചു ഉറപ്പിച്ചു ഞാൻ മുകളിൽ കൂടി പറക്കുന്നത് മാത്രം കണ്ടിട്ടുള്ള വിമാനത്തിന്റെ ഉള്ളിലേക്ക് വലതു കാൽ എടുത്ത് വെച്ചു………..
അവിടുത്തെ എയർപോർട്ടിൽ ഇസ്മായിലും അവന്റെ രണ്ട് കൂട്ടുകാരും പുറത്ത് തന്നെ ഉണ്ടായിരുന്നു… അത് വരെ ഉണ്ടായിരുന്ന ടെൻഷൻ അവരെ കണ്ടപ്പോ പകുതി ആയി…. റൂമിലേക്കുള്ള യാത്രയിൽ റോഡരികിൽ ഉള്ള വലിയ ബിൽഡിങ്ങുകളും വില കൂടിയ കാറുകളും ആദ്യമായി എത്തുന്ന ഏതൊരു ആളിനെ പോലെയും ഞാനും നോക്കി ഇരുന്നു…. അന്നത്തെ ദിവസം ഇസ്മായിലിന്റെ മുറിയിൽ തങ്ങി… പിറ്റേന്ന് ഉച്ചയാകുമ്പോ തന്നെ വിളിക്കാൻ കഫീൽ തന്നെ വരുമെന്ന് അവൻ പറഞ്ഞു…. യാത്ര ഷീണം നല്ലവണ്ണം ഉണ്ടായിരുന്ന ഞാൻ പിറ്റേന്ന് എണീകുമ്പോ തന്നെ പതിനൊന്ന് മണി ആയിരുന്നു….. എഴുന്നേറ്റത് കണ്ട എന്നോട് ഇസ്മായിൽ പറഞ്ഞു….
“അടിപൊളി ആയി ഉറങ്ങിയല്ലോ….???
“ആടാ….”
“എന്ന റെഡി ആയിക്കോ കഫീൽ വിളിച്ചിരുന്നു അയാളിപ്പോ എത്തും….”
അത് കേട്ട എന്റെ ഉള്ള് പെരുമ്പാറ കൊട്ടും പോലെ അടിക്കാൻ തുടങ്ങി…..
“നീ പേടിക്കണ്ടട സംസാരം കേട്ടിട്ട് നല്ല മനുഷ്യൻ ആണെന്ന തോന്നുന്നെ….”
“ഉം…”
വെറുതെ ഒന്ന് മൂളി കൊണ്ട് ഞാൻ ബാത്‌റൂമിൽ കയറി ഫ്രഷായി… അപ്പോഴേക്കും അവൻ ചോറും കറിയും വിളമ്പി വെച്ചിരുന്നു അതും അടിച്ച് ഒരു സിഗരറ്റ് വലിച്ചു നിക്കുമ്പോ അവൻ അടുത്ത് വന്ന് ഒരു സിം കാർഡും കുറച്ചു പൈസയും തന്നു… വാങ്ങാൻ മടിച്ച എന്നെ നിർബന്ധിപ്പിച്ച് അവൻ തന്നിട്ട് പറഞ്ഞു….