ഇതോടെ റീന ആകെപ്പാടെ വല്ലാത്ത അവസ്ഥയായി .. ചോദിക്കേണ്ടായിരുന്നു ഒന്നും.
റീന ടീനയുടെ അടുത്തേക്ക് നടന്നടുത്തു,സോഫയിലേക്ക് ഇരുന്നു..
ടീനയെ തന്നോട് റീന ചേർത്തു പിടിച്ചു..
പൊട്ടി കരഞ്ഞുകൊണ്ട് ടീന റീനയുടെ തോളിലേക്ക് ചാഞ്ഞു കിടന്നു. മുറിയാകെ അവളുടെ എങ്ങലടി നിറഞ്ഞു.
റീന ടീനയുടെ മുടി തഴുകി അവളെ സമാധാനിപ്പിച്ചു കൊണ്ടിരുന്നു..ഏതാനും നിമിഷം പിന്നിട്ടതോടെ ടീന നോർമലായി..തന്റെ മുഖം റീനയുടെ തോളിൽ നിന്നും വേർപ്പെടുത്തി .. അവളുടെ കണ്ണുനീർ കൊണ്ട് ആ തോളിന്റെ ഭാഗം നനഞ്ഞു കുതിർന്നിരുന്നു..
ടീന ഞെട്ടലോടെ ” സോറി ചേച്ചി , ഞാൻ പെട്ടെന്ന് ”
” ഹേയ് , അതൊന്നും സാരമില്ല ..നമ്മുടെയൊക്കെ ജീവിതം ഇങ്ങനെയാണ് ടീന , പല പ്രശ്നങ്ങളും നമ്മളെ പിടി കൂടും അതിനെയൊക്കെ ചിരിച്ചു തള്ളാൻ കഴിയുന്നവർ മാത്രമേ ജീവിതത്തിൽ വിജയിച്ചു കയറുകയുള്ളൂ .. എല്ലാം ശരിയായി നല്ലൊരു ജീവിതം ടീനയ്ക്ക് കാത്തിരിക്കുന്നുണ്ട് , വിഷമിക്കാതെ ഇരിക്കൂ ..” ടീനയുടെ മുഖത്ത് റീന തടവികൊണ്ടു പറഞ്ഞു…
” താങ്ക്സ് , ചേച്ചി .. ഈ ആശ്വസിപ്പിക്കുന്ന വാക്കുകൾക്കും കുടിക്കാൻ തന്ന വെള്ളത്തിനും .. ഞാൻ എന്നാൽ ഇറങ്ങട്ടെ ..കുറച്ചു പീസുകൾ എങ്കിലും വിറ്റില്ല എങ്കിൽ ആകെ പണിയാവും ..വൈകിട്ട് അവരുടെ വായിൽ ഇരിക്കുന്നത് കേൾക്കേണ്ടി വരും..” ടീന എഴുന്നേറ്റു..
ഒപ്പം റീനയും സോഫയിൽ നിന്നും എഴുന്നേറ്റു.
” ഇപ്പൊ ഇത്രയും സമയം ആയില്ലേ, ഭക്ഷണം ഇനി എപ്പോഴാ കഴിക്കുന്നത് ..ഇവിടെ അടുത്തൊന്നും നല്ല കട പോലുമില്ല”
മൂലയ്ക്ക് ഇരിക്കുന്ന ബാഗ് തോളത്ത് ഇടുന്നതിനിടയിൽ റീന ടീനയോടായി ചോദിച്ചു.
” ഉച്ചയ്ക്ക് കഴിക്കുന്നത് എല്ലാം കണക്കാണ് ചേച്ചി , ആ പൈസ കൂടി സൂക്ഷിച്ചാൽ അമ്മയ്ക്ക് ഒരു ആഴ്ചത്തെ മരുന്നിന് വേണ്ടി ഉപകരിക്കും..” ടീന മറുപടി നൽകി…
” എന്നാൽ കുറച്ചു കാത്തിരുന്നാൽ ഇവിടെ നിന്നും കഴിക്കാം ”
” അയ്യോ വേണ്ട ചേച്ചി, ഈ സ്നേഹത്തിന് തന്നെ നന്ദി , സാധാരണ ഞങ്ങളെ പോലെയുള്ളവരെ ആട്ടി ഓടിക്കാൻ മാത്രമാണ് പലർക്കും താത്പര്യം, ചേച്ചി ഇത്രയെങ്കിലും കരുണ കാണിച്ചല്ലോ അതു തന്നെ ധാരാളം, സന്തോഷമുണ്ട് ” ടീന പുറത്തേക്ക് ഇറങ്ങുവാൻ തുടങ്ങി.