“നിൽക്ക്, എന്നെ ചേച്ചി എന്നല്ലേ വിളിച്ചത് , എന്നാൽ ആ സ്ഥാനത്ത് നിന്നും പറയുവാണ് , കഴിച്ചിട്ട് ഇറങ്ങാം അല്ലേൽ എനിക്ക് ബുദ്ധിമുട്ടായി മനസ്സിൽ കിടക്കും , ആ ബാഗ് അവിടെ വെക്കു ..” റീന പറഞ്ഞു.
നിസ്സഹായ അവസ്ഥയിൽ ടീന റീനയെ നോക്കി ..തോളത്ത് കയറ്റിയ ബാഗ് താഴേക്ക് ഇറക്കി..
” വിരോധം ഇല്ലെങ്കിൽ , അടുക്കളയിലേക്ക് ഒന്നു കൂടിയാൽ വേഗം തന്നെ പോവാൻ സാധിക്കും ട്ടോ ” റീന ടീനയോട് ചിരിച്ചു കൊണ്ട് പറഞ്ഞു ..
” പിന്നെ അതിനെന്താ , ഞാൻ വരാം ” ടീന സന്തോഷത്തോടെ പുഞ്ചിരിച്ചു കൊണ്ടു റീനയ്ക്ക് മറുപടി നൽകി.
“എന്നാൽ വരൂ” റീന തിരിഞ്ഞു നടന്നു .. പുറകെ ടീനയും
◆ അടുക്കള ◆
” ആഹാ , മനോഹരമായ അടുക്കള ആണല്ലോ ചേച്ചി ” , ആകെ സ്തംഭിച്ച അവസ്ഥയുടെ ടീന റീനയോടായി പറഞ്ഞു..
ഇതൊക്കെ ഭർത്താവിന്റെ സെലക്ഷൻ ആണ് .. പൈസ എങ്ങനെയൊക്കെ കളയാം എന്ന് ഗവേഷണം നടത്തുകയാണ് .. നീ അവിടെ നിൽക്കാതെ കേറി വരൂ
” ധാ , അവിടെ ഇരിക്കുന്ന പാത്രത്തിൽ സവോള ഇരിക്കുന്നുണ്ട് , അതെടുക്കാവോ ”
ടീന ഉടൻ തന്നെ പാത്രത്തിലെ സവോള എടുത്ത് റീനയുടെ അടുത്തേക്ക് നടന്നു..
” ഞാൻ അരിയണോ ചേച്ചി ”
” ഓ ..വേണ്ട , എനിക്ക് ചെയ്യാവുന്നതെയുള്ളൂ , ടീന ആ പാത്രത്തിന്റെ അടപ്പ് തുറന്ന് ഇളക്കി കൊടുത്താൽ മതി ” ഒന്നു തീ കുറച്ചേക്കു..
ടീന സ്റ്റവിന് അടുത്ത് ചെന്ന് തീ കുറച്ചു , അടപ്പ് തുറന്ന് ഇളക്കി കൊടുക്കാൻ ആരംഭിച്ചു..
” വീട്ടിൽ ചെന്നാൽ എങ്ങനെയാ ..പാചകമൊക്കെ ചെയ്യുവോ ”
” ഞാൻ അത്യാവശ്യമൊക്കെ ചെയ്യും , എന്നെക്കാൾ മിടുക്കികൾ അനിയത്തിമാരാ , അവരാണ് ഇപ്പൊ അടുക്കളയുടെ അവകാശികൾ ..ഞാൻ ചെന്നാലും എന്നെക്കൊണ്ട് ഒന്നും ചെയിക്കില്ല സ്നേഹമുള്ള കുട്ടികളാണ് “
” അതെന്തായാലും ഭാഗ്യമായി, എന്താ അവരുടെ പേരുകൾ ”
” ഒരാൾ സീന, മറ്റൊരാൾ നീന ”
” ഹ ഹ , ഇതെന്താ നാ യുടെ സംസ്ഥാന സമ്മേളനമോ ” റീന ചിരിച്ചു…
” അയ്യോ ചോദിച്ചില്ലല്ലോ , ചേച്ചിയുടെ പേരെന്താ ..”
“ഞാൻ റീന ”
ഇത് കേട്ടതോടെ ടീന പൊട്ടിച്ചിരിച്ചു.. ഹഹഹ്ഹ…ഇപ്പോൾ സംസ്ഥാന സമ്മേളനം തന്നെ ..
” നീ അടി വാങ്ങും ” കയ്യിലെ കറി കത്തി ഓങ്ങി റീന..
അടുക്കളയിൽ പൊട്ടി ചിരി കൊണ്ട് നിറഞ്ഞു.
” ഇവിടെ ആരൊക്കെയുണ്ട് ചേച്ചി ”
” ഞാനും , ഇച്ചയനും മാത്രം ”
“അപ്പൊ കുട്ടികൾ?”
റീനയുടെ മുഖം പെട്ടെന്ന് മങ്ങി …
” അയ്യോ സോറി ..” അല്ല ചേച്ചി നല്ല മണം ആണല്ലോ ഈ കറിക്ക് ഇതിന്റെ കൂട്ട് പറഞ്ഞു തരണം കേട്ടോ .. എന്നിട്ടു വേണം അനിയത്തിമാരുടെ ഇടയിൽ എനിക്ക് വിലസൻ… ” പെട്ടെന്നുണ്ടായ മൂകത മാറ്റുന്നതിനായി ടീന വിഷയം തിരിച്ചു വിട്ടു..
” പിന്നെന്താ ഞാൻ പറഞ്ഞു തരാം ” റീന ചിരി വരുത്തി മറുപടി പറഞ്ഞെങ്കിലും അവളുടെ മനസ്സിൽ ആ ചോദ്യം കുരുങ്ങി ..