“ഓക്കേ. അയാളോട് എന്റെ ക്യാബിനിലേക്ക് വരാൻ പറയൂ. പിന്നെ അയാൾ വന്നശേഷം രണ്ട് കോൺസ്റ്റബിൾമാർ ക്യാബിന് മുൻവശം നിൽക്കണം. ഒരുപക്ഷേ അയാൾ കടന്നു കളയാനുള്ള സാധ്യതയുണ്ട്.”
“ശരി സർ.” അയാൾ ഹാഫ് ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അരുൺ ഹാഫ് ഡോർ തുറന്നു അകത്തു കയറി. അവന്റെ കൂടെ വന്ന സിദ്ധാർത്ഥനും മറ്റൊരു കോൺസ്റ്റബിളും സ്വാമിനാഥന്റെ ക്യാബിന് പുറത്തായി നിലയുറപ്പിച്ചു.
“സാർ എനിക്ക് ചില പ്രധാനപ്പെട്ട കാര്യങ്ങൾ സാറിനോട് പറയാനുണ്ട്.” സ്വാമിനാഥന് എതിരെയുള്ള കസാരയിൽ ഇരുന്ന് കൊണ്ട് അരുൺ പറഞ്ഞു.
“അതിലും പ്രധാനപ്പെട്ട ചില കാര്യങ്ങൾ എനിക്ക് നിന്നോട് ചോദിക്കാനുമുണ്ട് അരുൺ. നീ അഥവാ വന്നില്ലായിരുന്നെങ്കിൽ നിന്നെ പൊക്കിക്കൊണ്ട് വരാൻ ഞാൻ നിന്റെ വീട്ടിലേക്ക് തന്നെ വരുമായിരുന്നു.” വാക്കുകളിൽ കൗശലമൊളിപ്പിച്ച് കൊണ്ടയാൾ പറഞ്ഞു.
“സാറിന് എന്നിൽ നിന്നറിയാനുള്ളതും എനിക്ക് സാറിനോട് പറയാനുള്ളതും ഒരു കാര്യം തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത്.”
“അതൊന്നും എനിക്കറിയേണ്ട. നന്ദൻ മേനോന്റെ മരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളിൽ എനിക്കിനിയും വ്യക്തത വന്നിട്ടില്ല…. നിങ്ങൾ ഇന്ന് ഉച്ചക്ക് നന്ദൻ മേനോന്റെ ലോഡ്ജിൽ പോയിരുന്നോ.?” ഗൗരവത്തിലായിരുന്നു സ്വാമിനാഥന്റെ ചോദ്യം.
“ഉവ്വ് പോയിരുന്നു.”
അത് കേട്ട സ്വാമിനാഥന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു. തന്റെ ഊഹങ്ങളെല്ലാം ശരിയായി എന്ന ധാരണയിൽ.
“എത്ര മണിക്കാണ് നിങ്ങൾ അവിടെ പോയത്.”
“ഏകദേശം രണ്ട് രണ്ടര ഒക്കെ ആയിക്കാണും.”
“നന്ദൻ മേനോന്റെ മുറിയുടെ വാതിൽ തുറന്നിടാനും അയാളെ കൊലപ്പെടുത്തിയതിന്റെ തെളിവുകൾ നശിപ്പിക്കാനുമാണ് നിങ്ങൾ അവിടെ പോയതെന്ന് ഞാൻ പറഞ്ഞാൽ… ” സ്വാമിനാഥൻ ഒന്ന് നിർത്തി.
“സാറങ്ങനെ പറഞ്ഞാൽ എനിക്ക് സാറിനോട് സഹതാപമേ തോന്നൂ. സാർ ഈ മെസേ ജൊന്ന് വായിച്ചു നോക്കൂ.” ഇനി എല്ലാ കാര്യങ്ങളും സ്വാമിനാഥനോട് പറയുന്നതാണ് ഉചിതമെന്ന് തോന്നിയ അരുൺ തന്റെ ഫോണിൽ നന്ദൻ മേനോന്റെ മെസേജ് ഓപ്പൺ ചെയ്ത് അയാൾക്ക് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു.
സ്വാമിനാഥൻ കൈ നീട്ടി അരുണിന്റെ കയ്യിൽ നിന്നും ആ ഫോൺ വാങ്ങി.ആ മെസേജിലെ വരികൾക്കിടയിലൂടെ അയാളുടെ മിഴികൾ അരിച്ചു നടന്നു.
അത് മുഴുവൻ വായിച്ച് കഴിഞ്ഞപ്പോഴാണ് പ്രശ്നത്തിന്റെ ഗൗരവം സ്വാമിനാഥന് മനസ്സിലായത്.
“ഇത് ഇന്നലെ രാത്രി വന്ന മെസേജ് അല്ലേ എന്നിട്ടും ഇന്ന് ഉച്ചവരെ നിങ്ങൾ കാത്തിരുന്നതെന്തിനാണ്.” ചെറിയൊരു സംശയത്തോടെ ആയിരുന്നു അയാളുടെ ചോദ്യം.
“എനിക്ക് മറ്റൊരിടം വരെ പോവാനുണ്ടായിരുന്നു.”