“ഏയ് അല്ല സാർ കുറേ നേരമായി ഇതിനു മുന്നിൽ ഇരിക്കുന്നു. ഇനി കുറച്ച് സമയമെങ്കിലും ഇതിൽ നിന്ന് കണ്ണ് മാറ്റണം.”
“ഓകെ എന്നാൽ നമുക്ക് ഭക്ഷണം കഴിക്കാം. ചൂടാറിക്കഴിഞ്ഞാൽ ടേസ്റ്റ് കുറയും.”
അരുൺ പാർസൽ കിറ്റുമായി ഡൈനിങ്ങ് ഹാളിലെ മേശയുടെ നേർക്ക് നടന്നു. ആ പൊതിമേൾപ്പുറത്ത് വെച്ച ശേഷം അവൻ അടുക്കയിൽ പോയി രണ്ട് പ്ലേറ്റുകളുമായി മടങ്ങിയെത്തി.
അലി ലാപ്ടോപ്പ് സ്ലീപ്പ് മോഡിൽ ആക്കിയ ശേഷം ഡൈനിങ്ങ് ടേബിളിനു നേർക്ക് നടന്നു.
❌️❌️❌️❌️❌️❌️❌️❌️❌️❌️❌️❌️
“രാമേട്ടാ ഇന്ന് രാത്രി നമുക്ക് സ്പെഷ്യൽ ഡ്യൂട്ടി ഉണ്ട്.” രാത്രി വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്ന കോൺസ്റ്റബിൾ രാമനോടായി എസ് ഐ സ്വാമിനാഥൻ പറഞ്ഞു.
“സർ, എന്റെ ഡ്യൂട്ടി കഴിഞ്ഞതായിരുന്നു. ഞാൻ വീട്ടിൽ പോകാൻ ഒരുങ്ങുകയാണ്.” തന്റെ ഡ്യൂട്ടി കഴിഞ്ഞില്ലെന്ന ചിന്തയിലാണ് എസ് ഐ സ്വാമിനാഥൻ അങ്ങനെ പറഞ്ഞത് എന്നോർത്ത് രാമൻ വിശദീകരിച്ചു.
“അതാണ് രാമേട്ടാ ഞാൻ സ്പെഷ്യൽ ഡ്യൂട്ടി എന്ന് പറഞ്ഞത്.”
“അത്… സാർ….” അയാൾ എന്തോ പറയാൻ ഒരുങ്ങി.
“വീട്ടിൽ പോയി വിവരം പറഞ്ഞോളൂ. ഒന്ന് ഡ്രസ്സ് ചേഞ്ച് ചെയ്തു റെഡി ആകുമ്പോഴേക്കും ഞാൻ അങ്ങോട്ട് എത്താം.”
“എന്താ സർ കാര്യം.?” സ്വാമിനാഥന്റെ സംസാരത്തിൽ നിന്നും എന്തോ പ്രധാനപ്പെട്ട കാര്യത്തിനാണ് പോകുന്നതെന്ന് അയാൾക്ക് മനസ്സിലായി.
“നന്ദൻ മേനോൻ കൊല്ലപ്പെട്ട ലോഡ്ജിൽ ഇന്ന് അദ്ദേഹത്തെ കൊന്ന ആളുകൾ വരാൻ ഇടയുണ്ട് എന്നൊരു സംശയം. അങ്ങനെ അവർ അവിടെ കയറുകയാണെങ്കിൽ അവരെ ഇന്ന് തന്നെ പോകണം.”
“സർ, ആരുപറഞ്ഞു വിവരം. അങ്ങനെയാരും കയറും എന്ന് എനിക്ക് തോന്നുന്നില്ല. ഒന്നാമത് ഇന്ന് പോലീസ് സീൽ വച്ച് റൂം. അത് തുറക്കാൻ അത്ര പെട്ടെന്നൊന്നും ആരും ധൈര്യപ്പെടില്ല.”
“നേരത്തെ ഇവിടെ വന്നിരുന്ന അരുൺ അരുൺ പറഞ്ഞതാണ്. അവൻ പറഞ്ഞതു മുഴുവൻ ഞാൻ അപ്പാടെ വിഴുങ്ങിയിട്ടൊന്നുമില്ല. എന്നാലും അത് ശരിയാവാനുള്ള ചെറിയൊരു സാധ്യതയുണ്ട്. അഥവാ അത് ശരിയായാൽ പിന്നെ അതേ കുറിച്ച് ഒരു ആലോചിച്ച് ചോദിക്കേണ്ട ആവശ്യം ഇല്ലല്ലോ അതിനു വേണ്ടി മാത്രമാണ് ഇന്ന് നമ്മൾ അവിടെ പോകുന്നത്.”
“എങ്കിൽ സർ നമുക്ക് കൂടുതൽ ഫോഴ്സിനെ വിളിച്ചാലോ.?”
“അഥവാ ഇന്ന് രാത്രി നമ്മൾ അവിടെ പ്രതീക്ഷിക്കുന്നവർ വന്നില്ലെങ്കിൽ അതെനിക്കൊരു ചീത്തപ്പേരാകും. രണ്ടു മൂന്ന് ആളുകളെ നേരിടാൻ ഞാൻ മതി. സോ നമുക്കൊന്ന് ശ്രമിച്ചു നോക്കാം രാമേട്ടാ.”