അച്ഛൻ നന്ദേട്ടനെയും കൂട്ടി ക്ഷേത്ര നടയിലേക്ക് നടന്നു , എന്‍റെ കണ്ണുകൾ അപ്പോഴും നടന്നു പോകുന്ന അവനിൽ തന്നെയായിരുന്നു..’വൈത്തി ..’… കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ കേട്ട പേര് ,എല്ലാവരും പറഞ്ഞപ്പോൾ ആജാനബാഹുവായ ഒരാളെയാണ് ഞാൻ പ്രതീക്ഷിച്ചതു ,പക്ഷെ ഇവൻ മെലിഞ്ഞു …
റോഡിലേക്കുള്ള പടികൾ ഇറങ്ങുമ്പോൾ അവൻ ഒന്ന് തിരിഞ്ഞു, ,, കത്തിച്ചു വച്ച വിളക്കിന്റെ വെളിച്ചത്തിൽ അവന്‍റെ മുഖത്തൊരു പുശ്ചഭാവത്തിലുള്ള ചിരി തെളിഞ്ഞത് ഞാൻ വ്യക്തമായി കണ്ടു … അതിനർത്ഥം അവനെന്നെ മനസ്സിലായിക്കിരിക്കുന്നു .
നിരന്നു കത്തുന്ന നിലവിളക്കുകൾക്കിടയിൽ കൈകൂപ്പി നിൽക്കുമ്പോഴും മനസ്സിൽ അവന്‍റെ ആ ചിരിയായിരുന്നു..ഓരോ നിമിഷം ചെല്ലുംതോറും ആ മുഖവും ,ആ ചിരിയും കൂടുതൽ കൂടുതൽ മനസ്സിലേക്ക് തെളിഞ്ഞു വരികയാണെന്ന് തോന്നി ….. പതുക്കെ ഒന്ന് ചുറ്റും കണ്ണോടിച്ചു എല്ലാവരും ഭക്തിയോടെ കൈകൂപ്പി നിൽക്കുകയാണ്…അനിതേച്ചിയുടെ അടുത്ത് തന്നെ നന്ദേട്ടനുമുണ്ട് ,ചേർത്ത് നിർത്തി പേടിക്കേണ്ട എന്ന് പറയണമെന്നുണ്ട് ,പക്ഷെ …….
” ഇനി സ്ത്രീകളും കുട്ടികളും പ്രസാദം വാങ്ങി മാറിക്കോളു , ”
കർമ്മി പറഞ്ഞത് കേട്ട് ഞാൻ അച്ഛനെ നോക്കി ,നിക്കണോ വേണ്ടയോ എന്ന ഭാവത്തിൽ , പൊയ്ക്കൊള്ളാൻ പുള്ളി ആംഗ്യം കാണിച്ചതോടെ പ്രസാദം വാങ്ങി വായിലിട്ടു പതുക്കെ ആൽത്തറയിലേക്ക് നടന്നു..അമ്മയടക്കം എല്ലാവരും പുതുതായി പണിത ഊട്ടുപുരയുടെ അടുക്കളയിൽ എല്ലാവർക്കുമുള്ള കഞ്ഞി വയ്ക്കാനുള്ള ഒരുക്കത്തിലാണ്.. ഇന്ന് രാത്രിയിലത്തേക്ക് കഞ്ഞിയും പുഴുക്കും ഇവിടെ തന്നെയാണ് പാചകം.. നാളെ മുതൽ സ്ത്രീകളും കുട്ടികളും വൈകുന്നേരത്തെ ദർശനത്തിനു വന്നു പോയാൽ മതി , അപമൃത്യു സംഭവിച്ച പൂർവികരെയും മറ്റു ബാധകളെയും ആവാഹിച്ചു തളയ്ക്കുന്ന കർമ്മങ്ങളാണ് ഇനിയുള്ള ദിവസങ്ങളിൽ..ആ സമയത്തു തറവാട്ടിലെ മുതിർന്ന പുരുഷന്മാർ മാത്രമേ ഉണ്ടാകാൻ പാടുള്ളു..
”നീയെന്താ ഒറ്റയ്ക്ക് നിന്നാലോചിക്കുന്നതു ? ”
അഞ്ജു ചേച്ചി അടുത്തേക്ക് വന്നു ,കൂടെയൊരു പെൺകുട്ടിയുമുണ്ട് ,ഏതാണ്ട് ജയശ്രീയുടെ പ്രായം വരും..മുട്ടൊപ്പമുള്ള മിഡിയും ടോപ്പുമൊക്കെയിട്ട് കാണാൻ നല്ല ചേലുണ്ട് .
” ഇത് ? ”
”ശ്രുതി , സ്മിതയുടെ മോളാ ,”
” ഇവളെങ്ങനെ ഇവിടെ ? ടൌൺ വരെ ഒറ്റയ്‌ക്കെത്തി ,അവിടുന്നുപിന്നെ ഞാൻ പോയി കൂട്ടി , ”
”ചേച്ചി..അത് ?- ”