ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ
Holiyil Chalicha Nirakkoottukal | Author : Pavithran
ഒരു മൂലയിൽ ഒടിഞ്ഞു തൂങ്ങിയ കസേരയും നിരത്തി വച്ചിരിക്കുന്ന ചെടികളും കഴിഞ്ഞാൽ പിന്നെ ഒരാൾക്കു നിൽക്കാനുള്ള സ്ഥലം കഷ്ടിയാണ് ബാൽക്കണിയിൽ. അതിനു നെടുകെ വലിച്ചു കെട്ടിയ അയയിൽ നിന്നും ഉണങ്ങിയ തുണികൾ എടുക്കാനിറങ്ങിയപ്പോളാണ് താഴെ ശ്രേയയുടെയും മാ യുടെയും ശബ്ദം കേട്ടത്. ആകെ എനിക്ക് പരിചയം എന്ന് പറയാൻ ഇവിടെ അവർ മാത്രെ ഉള്ളു. ബാക്കിയുള്ളവരോടൊക്കെ കാണുമ്പോൾ ഒരു ചിരി എന്നതിന്നപ്പുറത്തേക്ക് ബന്ധം വളർത്തുവാൻ വിശ്വേട്ടൻ സമ്മതിച്ചിട്ടില്ല. കല്യാണത്തിന് മുൻപ് വിശ്വേട്ടൻ ഒറ്റയ്ക്കു താമസിച്ചിരുന്നപ്പോൾ അവർ ചെയ്ത സഹായങ്ങളോടുള്ള കടപ്പാടാവാം ഇങ്ങനെയൊരു വിട്ട് വീഴ്ചക്കെങ്കിലും ഏട്ടൻ സമ്മതിച്ചത്. അത് കൊണ്ട് എനിക്കിവിടെ നല്ലൊരു സുഹൃത്തിനെ കിട്ടി. അവൾ എന്നേക്കാൾ രണ്ടോമൂന്നോ വയസിനു ഇളയതാണ്. എന്നാലും എന്നെക്കാളും ലോകം കണ്ടിട്ടുണ്ട്. ആള് ഒരു കാന്താരിയാണ്. നാവിനു എല്ലില്ലാത്ത പെണ്ണ്. പക്ഷേ അവളുടെ കൂടെ എത്ര വേണമെങ്കിലും സംസാരിച്ചിരിക്കാൻ എനിക്കിഷ്ടമാണ്. ഈ നീണ്ട ഇളം മഞ്ഞ ക്വാർട്ടേഴ്സിന്റെ നിരകൾക്കപ്പുറവും ഒരു ലോകം ഉണ്ടെന്നു അവൾ കൂടെയുള്ളപ്പോൾ എനിക്ക് തോന്നി പോവും.
“ദീദി… എന്താലോചിച്ചു നിൽകുവാ.. “
താഴെ നിന്നും അവൾ വിളിച്ചു കൂവി..
“ഒന്നുല്ല.. നീ എന്തെടുക്കുവാ അതിനകത്തു . “
ശ്രേയയുടെ ക്വാർട്ടേഴ്സിന്റെ മുൻപിലായി തന്നെ ഒരു ചെറിയ പച്ചക്കറി തോട്ടം അവളുടേതായിട്ടുണ്ട്. അതിൽ നിറയെ മൂലിയും, മല്ലിയും, പാലക്കുമൊക്കെയാണ്. നമ്മുടെ പച്ച ചീര ആണ് ഇവർക്കു പാലക്ക്. ഈ കഴിഞ്ഞ ലീവിന് പോയി വന്നപ്പോൾ നമ്മുടെ നാടൻ ചീര വിത്ത് ഒരു പാക്കറ്റ് അവൾക് കൊണ്ട് കൊടുത്തത് കൂടി അവളുടെ തോട്ടത്തിൽ ഇപ്പോൾ തല പൊക്കി നിൽക്കുന്നുണ്ട്.
“നല്ല ചൂടല്ലേ ദീദി.. എല്ലാം വാടി പോയി.. ഇങ്ങനാണേൽ എന്റെ തോട്ടം ഈ വേനല് കൊണ്ട് പോവും.. “